ശബരിമല : ശബരിമലയില്‍ അന്നദാന വഴിപാട് നടത്തുന്നതിന് രണ്ടുലക്ഷം രൂപ വീതം അടയ്ക്കണമെന്ന ദേവസ്വം ബോര്‍ഡിന് നല്‍കണമെന്ന പുതിയ ഉത്തരവ് വിവാദമാകുന്നു.
മകര വിളക്കിന് തൊട്ടുമുമ്പുള്ള ജനുവരി 10 മുതല്‍ 14 വരെ തീയതികളില്‍ അന്നദാനം നടത്തുന്നതിന് ദിനംപ്രതി ഒരു ലക്ഷം രൂപ വാടകയും ക്ലീനിംഗ് സെക്യൂരിറ്റിയായി ഒരുലക്ഷം രൂപാ വീതവും നല്‍കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നിര്‍ദ്ദേശം.ബോര്‍ഡിന്റെ പണത്തോടുള്ള ആര്‍ത്തിയില്‍ പ്രതിഷേധിച്ച് സന്നിധാനത്തും പമ്പയിലും അന്നദാനം നടത്തിവരുന്ന സന്നദ്ധ സംഘടനകള്‍ ഇന്നലെ മുതല്‍ അന്നദാനം നിര്‍ത്തിവെച്ചത്. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ മാളികപ്പുറത്തിന് സമീപമുള്ള രണ്ടുനില കെട്ടിടത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനം പേരിന് മാത്രമാണ്. അയ്യപ്പഭക്തരുടെ തിരക്കേറിയതോടെ സന്നിധാനത്തെ അന്നദാന മണ്ഡപങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ദ്ധിച്ചു.അന്നദാനം നടത്തുവാന്‍ അപേക്ഷ നല്കിയവരില് നിന്നും ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുത്തവര്‍ക്കാണ് ഇവിടെ ആഹാരം പാകംചെയ്യുവാനുള്ള അനുമതി നല്‍കിയിരുന്നത്. കേരളത്തിന് പുറത്തുനിന്നു വരുന്നവര്‍ അന്നദാനം നടത്തുന്നതിന് ദിനംപ്രതി ഒരുഭക്തന് പതിനായിരം രൂപയും രണ്ടു ദിവസം അന്നദാനം നടത്തുന്നവര്‍ കുറഞ്ഞത് ഇരുപത്തിഅയ്യായിരം രൂപയും ദേവസ്വം ബോര്‍ഡിന്റെ അന്നദാന ട്രസ്റ്റിലേക്ക് അടയക്കണമെന്നായിരുന്നു പഴയ നിര്‍ദ്ദേശം. അന്നദാനത്തിന് ശേഷം പരിസരം ശുചീകരിച്ചിട്ടുണ്ടെന്നുള്ള അസിസ്റ്റന്റ് എഞ്ചിനിയറുടെ സര്‍ട്ടിഫിക്കേറ്റിനെ തുടര്‍ന്ന് ഈ തുക തിരികെ നല്‍കാവുന്നതാണെന്ന് ദേവസ്വം കമ്മീഷണറുടെ പഴയ കത്തില്‍ സൂചിപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സന്നിധാനത്ത് പത്തോളം അന്നദാന സംഘങ്ങളുടെ നേതൃത്വത്തില്‍ ഭക്തര്‍ക്ക് ആശ്വാസമായി അന്നദാനം നടത്തിയിരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഈ പുതിയ ഉത്തരവിന് പിന്നില്‍ ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോട്ടലുകളെ സഹായിക്കുന്നതിനു വേണ്ടിയാണെന്നാരോപണം ഉയരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: