കാസര്‍കോട്: ദുരിതബാധിതരുടെ പുതിയ പട്ടികയിലും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കം. ദുരിതബാധിത പഞ്ചായത്തുകള്‍ക്ക് പുറത്തുള്ള ഇരകളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേക ഉത്തരവ് വേണമെന്നിരിക്കെ സര്‍ക്കാര്‍ അതിനു തയ്യാറാകാത്തത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്. നേരത്തെ രണ്ട് തവണതയ്യാറാക്കിയ ലിസ്റ്റില്‍ ഈ വിഭാഗതിലുള്ളവരെ ഉള്‍പ്പെടുത്താഞ്ഞത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ വഴിയാണ് ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ അഞ്ച് പഞ്ചായത്തുകളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ 5394 പേര് പങ്കെടുത്തിരുന്നു. ഡിസംബര്‍ 31നകം ഇരകളുടെ പട്ടിക തയ്യാറാക്കുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഇനിയും രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണറിയുന്നത്.
എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം പലവട്ടം ചോദ്യം ചെയ്യപ്പെട്ടതാണ്. ഏഴ് ദുരിതബാധിത പഞ്ചായത്തുകളിലുള്ളവരെയാണ് ഇരകളായി പരിഗണിക്കുന്നത്. എന്നാല്‍, ഹെലികോപ്റ്റര്‍ മുഖേന തളിച്ച എന്‍ഡോസള്‍ഫാന്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ വ്യാപിക്കുമെന്നതിനാല്‍ പഞ്ചായത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ദുരിതബാധിത പട്ടിക ചുരുക്കുന്നത് നീതിയുക്തമല്ലെന്നാണു വാദം.
മുമ്പ് 2011-ല്‍ ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിലും പഞ്ചായത്തിന് പുറത്തുള്ളവരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നു. എന്നാല്‍ ഇത് അവഗണിക്കപ്പെട്ടു. 1318 പേര് മാത്രമാണ് അന്ന് സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. അതുകൊണ്ട് തന്നെ ഏറ്റവുമൊടുവില്‍ മെഡിക്കല്‍ ക്യാമ്പ് പ്രഖ്യാപിച്ചപ്പോഴും മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളേയും ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും സമര സംഘടനകളും ആവശ്യപ്പെട്ടു.
ഒടുവില്‍ ‘എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവരെന്ന് സംശയമുള്ള’ ആര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാമെന്നായിരുന്നു തീരുമാനം. അതിര് തടസ്സമാകാതെ ഇരകളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് സെല്‍ ചെയര്‍മാനായ മന്ത്രി കെ.പി.മോഹനനും ഉറപ്പുനല്‍കി. എന്നാല്‍ പുതിയ മാനദണ്ഡം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണ്. പക്ഷേ, അതിനു പകരം മുമ്പത്തെ പോലെ പുതിയ പട്ടികയും വെട്ടിച്ചുരുക്കുന്നതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
നിലവില്‍ 5500 ദുരിതബാധിതരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്. എന്നാല്‍ കാസര്‍കോടിന്റെ യാഥാര്‍ത്ഥ്യം ഇതിലുമെത്രയോ വലുതാണ്. ഒരുമാസത്തിലേറെ നീണ്ട നിരാഹാര സമരങ്ങള്‍ക്കും മുറവിളികള്‍ക്കുമൊടുവിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ തന്നെ തയ്യാറായത്. വീണ്ടും സമരകാഹളമുയരുമ്പോഴും പറഞ്ഞ് പറ്റിക്കുകയാണ് ഭരണകൂടം.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: