പാലക്കാട്: പാലക്കാടിന്റെ രാപകലുകള്‍ക്ക് കലയുടെ മധുരാരവമുണര്ത്തി ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍ പന്ത്രണ്ടോളം വേദികളിലായി നടക്കുന്ന കലാമേളയുടെ ഉദ്ഘാടനത്തിന് ചെറിയകോട്ട മൈതാനത്ത് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, കലാമണ്ഡലം പി.കെ.നാരായണന് നമ്പ്യാര്‍, കലാമണ്ഡലം ഗോപി, കെ.ദ്വാരകകൃഷ്ണന്, ചെര്‍പ്പുളശ്ശേരി ശിവന്, കാളിദാസ് പുതുമന, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം ഗീതാനന്ദന്, പാലക്കാട് കെ.എന്‍.ശ്രീറാം, സി.കെ.രാജന് ആനന്ദപുരം എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചു.
മൂന്ന് ദിവസമാണ് മേള. ഷാഫി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ കലാസാംസ്കാരിക രംഗത്ത് ഏറെ സംഭാവന ചെയ്തവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ അനുഗ്രഹപ്രഭാഷണം നടത്തി. കലാമേളകള്‍ മത്സരങ്ങളാക്കി മാറ്റാതെ ഉത്സവങ്ങളാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയമായ പൈതൃകം പകര്‍ന്ന് നല്‍കുകയും മൂല്യബോധമുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കാന്‍ കഴിയുകയും ചെയ്യുന്ന വിദ്യാഭ്യാസമാണ് നാടിനാവശ്യം. വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ പ്രപ്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. പി.കെ.മാധവന് അദ്ധ്യക്ഷത വഹിച്ചു. പിരായിരി പഞ്ചായത്ത് പ്രസിഡണ്ട് ബാലചന്ദ്രന്, ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘംചെയര്‍മാന്‍ പാലാട്ട് മോഹന്‍ദാസ് സ്വാഗതവും കെ.ഗംഗാധരന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
നേരത്തെ വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിച്ച സാംസ്കാരികാഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതിയ ഘോഷയാത്ര പാലക്കാടിന് പുത്തനനുഭവമായി. നൂറുകണക്കിന് പേര് അണിനിരന്ന സാംസ്കാരിക ഘോഷയാത്രയില്‍ വാദ്യമേളങ്ങള്‍,150 വിവേകാനന്ദവേഷധാരികള്, നിശ്ചലദൃശ്യങ്ങള്‍, നാടന്‍കലാരൂപങ്ങള്‍ എന്നിവ അണിനിരന്നു. മണിക്കൂറുകളോളം നീണ്ട ഘോഷയാത്ര ചെറിയ കോട്ടമൈതാനത്ത് സമാപിച്ചു.
ഇന്നു രാവിലെ 9മണിയോടെ കലാമത്സരങ്ങളുടെ വേദികള്‍ ഉണരും 14 ജില്ലകളില്‍ നിന്നായി മൂവായിരത്തോളം മത്സരാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 12 വേദികളിലായി നൂറിലേറെ ഇനങ്ങളാണ് ഉള്ളത്. ഇന്ന് വിവിധ വേദികളിലായി നൃത്ത ഇനങ്ങളിടക്കമുള്ള മത്സരങ്ങള്‍ നടക്കും.നാളെ വൈകിട്ട് 5മണിക്ക് നടക്കുന്ന സമാപനസമ്മേളനം എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: