കാക്കിയണിഞ്ഞ വനിതകള്‍ രണ്ടാംനിരക്കാരാണെന്ന ധാരണ മാറ്റിയത് കിരണ്‍ ബേദി എന്ന ഐപിഎസ് ഉദ്യോഗസ്ഥയാണ്. ജയില്‍ പരിഷ്കരണത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വനിതാ ഉദ്യോഗസ്ഥ, ഇന്‍സ്പെക്റ്റര്‍ ജനറലായിരുന്ന കാലത്ത് യോഗ, വിപസ്സന തുടങ്ങിയവയിലൂടെ തീഹാര്‍ ജയിലിന്റെ മുഖച്ഛായ മാറ്റി. 1993- 1995 കാലഘട്ടത്തില്‍ ഏറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും വഴിവെച്ച ജയില്‍ പരിഷ്കാരങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി അന്നും ഇന്നും പ്രവര്‍ത്തിച്ചത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉന്നമനത്തിനുവേണ്ടി. 2007-ല്‍ ദല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനം നിഷേധിച്ചതിന്റെ പേരില്‍ പ്രതിഷേധ രംഗത്തിറങ്ങിയെങ്കിലും പിന്നീട് പോലീസ് വേഷം അഴിച്ചുവെച്ച് സാമൂഹ്യ പ്രവര്‍ത്തനത്തിനായി ഇറങ്ങിതിരിച്ചു. പോലീസ് സേനയുടെ ഭാഗമായി തന്നെ രണ്ട് സന്നദ്ധ സംഘടനകള്‍ രൂപീകരിച്ചായിരുന്നു കിരണ്‍ ബേദിയുടെ സാമൂഹ്യ മുന്നേറ്റം.
ഇന്ന്, രാജ്യത്തെ അഴിമതി ഭരണത്തിനെതിരെ ജനകീയ കൂട്ടായ്മയിലൂടെ ആ മൂന്നേറ്റം തുടരുന്നു. അഴിമതിക്കെതിരെ ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാഹസാരെയും കേജ്രിവാളും രംഗത്തെത്തിയപ്പോള്‍ അവര്‍ക്കൊപ്പം നിലകൊണ്ടതും ശ്രദ്ധേയമായിരുന്നു. ഹസാരെയും കേജ്രിവാളും പിന്നീട് വഴിപിരിഞ്ഞപ്പോള്‍ രാജ്യത്തിനുവേണ്ടി നിലകൊള്ളണമെന്ന ഉറച്ച തീരുമാനം കൈക്കൊണ്ടു അവര്‍. കേജ്രിവാള് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഹസാരെക്കൊപ്പം നിന്ന ബേദി ഒരിക്കല്‍പോലും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഇതൊക്കെയാണെന്ന് കിരണ്‍ബേദി വിളിച്ചു പറയുന്നു. അഴിമതി രഹിതമായ ഇന്ത്യ ആഗ്രഹിക്കുന്ന ഏതൊരാളെപ്പോലെയും താനും നവോത്ഥാന നായകനെ പിന്തുണയ്ക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി ശരിയായ ഭരണം കാഴ്ചവെക്കാന്‍ കഴിയുന്ന ഭരണാധികാരി നരേന്ദ്ര മോദിയാണെന്ന് അംഗീകരിക്കുന്ന ബേദിയുടെ നിലപാട് പുതിയൊരു മാറ്റമാണ്. അവരുടെ രാഷ്ട്രീയ നിലപാടില്‍ വന്ന മാറ്റമായി അതിനെ കാണാനാകും. തിരിച്ചറിയുമ്പോള്‍ അര്‍ഹതയുള്ളവരെ അംഗീകരിക്കാന്‍ മടിയില്ലാത്തവരാണ് വകതിരിവുള്ളവര്‍ എന്നതിനു തെളിവുകൂടിയാണ് കിരണ്‍ബേദിയുടെ പുതിയ തീരുമാനം. അതൊരു തന്റേടം കാണിക്കല്കൂടിയാണ്.
“എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് പ്രധാനം. സ്ഥിരതയുള്ള, ശരിയായ ഭരണം കാഴ്ച വെക്കുന്ന, കൃത്യതയുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ. ഒരു സ്വന്തന്ത്ര്യ വ്യക്തിയെന്ന നിലയില്‍ തന്റെ വോട്ട് ‘നമോ’ വിനു തന്നെ” യെന്ന് കിരണ്‍ബേദി വ്യക്തമാക്കിയിരിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയും അധികാരത്തിലേറിയപ്പോള്‍ കിരണ്‍ബേദി അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. തന്റെ വോട്ട് കേജ്രിവാളിനല്ല, നരേന്ദ്രമോദിക്കാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
അഴിമതി രഹിത ഇന്ത്യ ആഗ്രഹിക്കുന്ന ഒരാളും തന്നെ കോണ്‍ഗ്രസിന് വോട്ടു ചെയ്യരുതെന്ന് തുറന്നടിക്കുന്നു. പരിചയ സമ്പന്നരുടെ ഭരണവും അതിലുടെയുള്ള സ്ഥിരതയുമാണ് ഇപ്പോള്‍ ഇന്ത്യക്ക് ആവശ്യമെന്നും ആം ആദ്മിയെപ്പോലെ പുതിയൊരു പാര്‍ട്ടിക്ക് ഇവിടെ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ബേദി പരോക്ഷമായെങ്കിലും വിമര്‍ശിക്കുന്നു.
ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനത്തിലേറി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് മോദിക്കനുകൂലമായി കിരണ്‍ബേദി രംഗത്തുവന്നത്. കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കാന്‍ ബേദിയെ ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ പങ്കെടുത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: