നൂറു വര്‍ഷത്തെ ചരിത്രത്തിനിടെ അമേരിക്കയുടെ കേന്ദ്ര ബാങ്കിന് ആദ്യമായി ഒരു വനിതാ മേധാവിയെ ലഭിച്ചിരിക്കുന്നു, ജാനറ്റ് യെലന്റെ രൂപത്തില്‍. ഇനി ഈ പെണ്‍കരുത്തിനു കഴിയുമോ എന്നു കാക്കാം അമേരിക്കയെ സാമ്പത്തിക പ്രശ്നങ്ങളില്‍നിന്നു കരകയറ്റാന്‍.
യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്സനായി ജാനറ്റ് യെലനെ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് നാമനിര്‍ദ്ദേശം ചെയ്തത്. 26നെതിരെ 56 വോട്ടുകള്‍ക്ക് ജാനറ്റിന്റെ നിയമനത്തിന് സെനറ്റ് അംഗീകാരവും നല്കി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ബെന്‍ ബെര്നാകിന്റെ പിന്‍ഗാമിയായാണ് അമേരിക്കന്‍ സാമ്പത്തിക ഭരണസിരാകേന്ദ്രത്തിലേക്കുള്ള ഈ 67 കാരിയുടെ ചുവടുവെയ്പ്പ്. വൈസ് ചെയര്‍പേഴ്സനായി സേവനംഅനുഷ്ഠിച്ചുവരികയായിരുന്നു അവര്‍ ഇതുവരെ. ഫെബ്രുവരി ഒന്നിന് ബെര്‍നാക് അധികാരമൊഴിയുമ്പോള്‍ ജാനറ്റ് ചുമതലയേല്‍ക്കും.
യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള ജാനറ്റ് സാന്‍ഫ്രാന്‍സിസ്കോ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. അമേരിക്ക സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്തേക്ക് കടന്നുവരുന്ന ജാനറ്റ് യെലന്‍ മുന്നില്‍ കടുത്ത വെല്ലുവിളികളാണുള്ളത്. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് ഫെഡറല്‍ റിസര്‍വിനെ താങ്ങിനിര്‍ത്തിയ കാര്യങ്ങളിലൊന്ന് ജാനറ്റിനെ പോലെയുള്ള പ്രഗത്ഭരുടെ സാന്നിധ്യമായിരുന്നു. തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്നതില്‍ ജാനറ്റ് കാട്ടിയ വൈദഗ്ധ്യം ഏറെ പ്രശംസിക്കപ്പെട്ടു.
ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് ജാനറ്റിനെ അവരോധിക്കാനുള്ള പ്രധാന കാരണവും മറ്റൊന്നല്ല. രാജ്യത്തെ ധനപരമായ ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പുതിയ മേധാവിക്ക് സാധിക്കുമെന്ന് അമേരിക്കന്‍ ജനത വിശ്വസിക്കുന്നു. കഴിവുറ്റ പരിചയ സമ്പന്നയായ വ്യക്തിയെയാണ് ഉന്നത പദവി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ഒബാമയും സെനറ്റ് അംഗങ്ങളും അടിവരയിടുന്നു. അമേരിക്കയിലെ ഭരണ-ഉദ്യോഗ തലങ്ങളില്‍ വനിതകള്‍ ഇതിന് മുമ്പും മികവ് തെളിയിച്ചിട്ടുണ്ട്. ജാനറ്റും ആ പരമ്പരയുടെ കണ്ണിയില്പ്പെടും. ജാനറ്റ് യെലന്‍ എന്ന സാമ്പത്തിക വിദഗ്ധയുടെ കരങ്ങളില്‍ അമേരിക്ക മുങ്ങുമോ പൊങ്ങുമോ എന്നു കാത്തിരുന്ന് കാണാം…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: