ശബരിമല: മകരജ്യോതി ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം. സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ വന്‍ ഭക്തജനത്തിരക്കാണ് അനുവപ്പെടുന്നത്.
ദര്‍ശനത്തിനായുള്ള തീര്‍ഥാടകരുടെ നീണ്ടനിര മരക്കൂട്ടം വരെയെത്തി. ഭക്തരുടെ ക്രമാധീതമായ ഒഴുക്ക്കാരണം പമ്പാ നടപ്പന്തലില്‍ തീര്‍ഥാടകരെ വടംകെട്ടി തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്. പതിനെട്ടാംപടിയില്‍ മിനിറ്റില്‍ അറുപതുമുതല്‍ എഴുപതുവരെ അയ്യപ്പന്മാരെയാണ് ഒരേസമയം കടത്തിവിടുന്നത്.സന്നിധാനത്തെ തിരക്ക് കുറയുന്നതനുസരിച്ച് ഘട്ടം ഘട്ടമായിട്ടാണ് അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പമ്പയിലേക്ക് വരുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ ഇലവുങ്കല്‍, നിലക്കല്‍ എന്നിവിടങ്ങളിലും എരുമേലിയിലും തടഞ്ഞിട്ടിരിക്കുകയാണ്. പ്രധാന പാര്‍ക്കിങ് ഗ്രൗണ്ടുകളായ ത്രിവേണി, ചക്കുപാലം, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ തീര്‍ത്ഥാടകരുടെ വരവ് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. പമ്പാ മണപ്പുറവും നടപ്പന്തലും അയ്യപ്പന്മാരേ ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിവസങ്ങളായി അയ്യപ്പന്മാരുടെ വരവ് ഒരു പോലെ തുടരുകയാണ്. എരുമേലിയില്‍ നിന്ന് കരിമല, വലിയാനവട്ടം വഴിയും പരമ്പരാഗത പാതയായ സത്രം, ഉപ്പുപാറ, പുല്ലുമേട്, പാണ്ടിത്താവളം വഴിയുള്ള തീര്‍ത്ഥാടകരുടെയും വരവ് വര്‍ദ്ധിച്ചിട്ടുണ്ട്.
ശരംകുത്തിയിലെ മൂന്നു ക്യു കോംപ്ലക്സുകളും ഭക്തരെ കൊണ്ട് നിറഞ്ഞു. മരക്കൂട്ടത്ത് പ്രധാന ക്യൂവില്‍ നിന്നും ഇറങ്ങി വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദന്‍ റോഡുവഴി തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് കൂട്ടമായി എത്തുന്നുണ്ട്. നെയ്യ് അിഷേകത്തിനും പ്രസാദം വാങ്ങുന്നതിനും തീര്‍ത്ഥാടകരുടെ നീണ്ട നിരയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സന്നിധാനത്തേക്ക് ആവശ്യമുളള പൂജ സാമഗ്രികള്‍ എത്തിക്കുന്ന ട്രക്ക്റോഡിലൂടുള്ള വാഹനഗതാഗതം ഭക്തജന തിരക്കുകാരണം മണിക്കൂറോളം നിര്‍ത്തിവെയ്ക്കുകയുണ്ടായി. ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയില്‍ ബാരിക്കേഡ് തകര്‍ന്നു. വലിയ നടപ്പന്തലിലേക്ക് തീര്‍ത്ഥാടകര്‍ കൂട്ടമായി എത്തി തള്ളികയറിയതാണ് ബാരിക്കേഡ് തകരാന്‍ ഇടയാക്കിയത്. ആര്‍ക്കു പരുക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: