തിരുവനന്തപുരം : അയ്യപ്പന്മാര്ക്കുനേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളെ കുറിച്ചും പീഡനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിന് പ്രത്യേക വിദഗ്ദ കുറ്റാന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ശബരിമലയിലും യാത്രാമധ്യേയും അയ്യപ്പന്മാര്ക്ക് ദുരിതങ്ങളും കഷ്ടപ്പാടുകളും വര്‍ദ്ധിച്ചുവരുന്നതില്‍ പൊതു സമൂഹം ഉത്കണ്ഠാകുലരാണ്. കാക്കനാട് അയ്യപ്പ സേവാകേന്ദ്രത്തിന് നേരെ കഴിഞ്ഞ രാത്രി നടന്ന ബോംബാക്രമണം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. നൂറു കണക്കിന് അയ്യപ്പന്മാര്ക്ക് അന്നദാനം നടക്കുന്ന കേന്ദ്രത്തെ ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് ദിശമാറിയതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തമൊഴിവായത്. ഇങ്ങനെയൊരു ദുരന്തം ഉണ്ടായേക്കാനിടയുണ്ടെന്ന സൂചനകള്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന് മുന്‍കൂട്ടി ലഭിച്ചിരുന്നു. ഇപ്പോഴും അക്രമ ഭീഷണിയില്‍ നിന്ന് ഈ പ്രദേശം മുക്തമായിട്ടില്ല. ആസൂത്രിതമായി നടന്ന ബോംബാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ പുറത്തുകൊണ്ടുവരണം.
ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാരെ ഉപദ്രവിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിലെ മഷി ഉണങ്ങുന്നതിനുമുമ്പാണ് ശബരിമലയില്‍ വച്ച് അയ്യപ്പന്മാര്ക്ക് മര്‍ദ്ദനമേറ്റത്. അഭൂതപൂര്‍വ്വമായ തിക്കുംതിരക്കും ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണുവാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വഴിയോരങ്ങളില്‍ മണിക്കൂറുകള്‍ തമ്പടിച്ചു കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. വെള്ളം, ആഹാരം തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റുന്നതിന് സേവന സന്നദ്ധ സംഘടനകളെ അനുവദിക്കണം.
തിക്കും തിരക്കും മൂലം ഒട്ടേറെ ദുരന്തങ്ങള്‍ ഉണ്ടായതിന്റെ മുന്‍കാല അനുഭവങ്ങളില്‍ നിന്ന് അധികൃതര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നു. പുല്മേട്ടില് 102 അയ്യപ്പന്മാരും ഹില്‍ടോപ്പില്‍ 58 അയ്യപ്പന്മാരും തിക്കിലുംതിരക്കിലും മരണപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജുഡീഷ്യല്എന്ക്വയറി കമ്മീഷനുകളുടെ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ അയ്യപ്പന്മാര്ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാകുമായിരുന്നു. കമ്മീഷന് റിപ്പോര്‍ട്ടുകളൊന്നും നിയമ സഭയില്‍ അവതരിപ്പിക്കാതെ ചവറ്റുകൊട്ടയില്‍ തള്ളിയ സര്‍ക്കാര്‍ കോടിക്കണക്കിന് അയ്യപ്പന്മാരോട് സമാധാനം പറയണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: