തിരുവനന്തപുരം: ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന സാമുദായിക ശക്തികളുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. വിശ്വകര്‍മ്മസഭയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടന്ന ഏകദിന സൂചനാനിരാഹാര സത്യഗ്രഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് സംഘടിതശക്തികളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്ന അവസ്ഥാവിശേഷമാണുള്ളത്. ചെറുകിടമേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പാര്‍ശ്വവത്കരിക്കപ്പെടുന്ന സമുദായമായ വിശ്വകര്‍മ്മജരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. വിശ്വകര്‍മ്മജരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ നിയമിച്ചുവെങ്കിലും ഇത്രയും കാലമായിട്ടും ഒന്നും ചെയ്തിട്ടില്ല. കമ്മീഷനെ നിയമിക്കുകയും കമ്മീഷന് നല്കുന്ന ശുപാര്‍ശ പഠിക്കാന്‍ കമ്മറ്റിയെ വയ്ക്കുകയും ചെയ്യുന്നത് അവകാശങ്ങള്‍ തടഞ്ഞുവയ്ക്കാനുള്ള ഒരു മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുകയാണെന്ന് മുരളീധരന് പറഞ്ഞു. ബിജെപി സംസ്ഥാനം സെക്രട്ടറി വി.ശിവന്‍കുട്ടി, ജില്ലാപ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, കെഡിഎഫ് പ്രസിഡന്റ് രാമഭദ്രന്, വണിക വൈശ്യസംഘം ജനറല്‍ സെക്രട്ടറി കുട്ടപ്പന്ചെട്ടിയാര്, വിഷ്ണുപുരം ചന്ദ്രശേഖരന്, ദേവദത്ത് പുറക്കാട് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.
കേരള വിശ്വകര്‍മ്മസഭ പ്രസിഡന്റ് അഡ്വ.പി.ആര്.ദേവദാസ്, ജനറല്‍സെക്രട്ടറി, പി.പി.കൃഷ്ണന്, ട്രഷറര്‍ വി.രാജപ്പന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.വാമദേവന്, വൈസ്പ്രസിഡന്റുമാരായ പി.സി.നടേശന്, കരമന ബാലകൃഷ്ണന്, സെക്രട്ടറിമാരായ എന്‍.ശിവദാസന്‍ ആചാരി, കടയ്ക്കല്‍ സ്വാമിനാഥന്, വി.രാജഗോപാല്‍, എന്‍.ഗോപാലകൃഷ്ണന്, കെ.മുരളീധരന്, ചിത്രാസ് സോമന്, കോട്ടയ്ക്കകം ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: