തിരുവനന്തപുരം: രാജ്യത്തിന്റെ രക്ഷയ്ക്കുവേണ്ടിയാണ് പശ്ചിമഘട്ട സംരക്ഷണം ആവശ്യപ്പെടുന്നതെന്ന് സുഗതകുമാരി. പശ്ചിമഘട്ടത്തെ ഇനിയും സംരക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ നമ്മുടെ കൃഷിയും ജീവനും നഷ്ടമാകുമെന്നും അവര്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണ എകോപന സമതിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു സുഗതകുമാരി.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, കസ്തൂരി രംഗന് റിപ്പോര്‍ട് തള്ളിക്കളയുക, അനധികൃത പാറമടകള്‍ അടച്ച് പൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടന്ന മാര്‍ച്ചില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് ഈ ഭൂമിയുടെ ആവശ്യമാണ്. കേരളത്തിലെ 44 നദികളുടെ ആവശ്യമാണ്. കൃഷിക്കാരെ ഒരു തരത്തിലും ദ്രോഹിക്കുന്നവരല്ല പരിസ്ഥിതിക്കാര്. ചെറുകിട കൃഷിക്കാര്‍ ഞങ്ങളെ ശത്രുക്കളായി കാണരുതെന്നും എല്ലാ പാര്‍ട്ടിക്കാരും ഈ സമരത്തില്‍ അണി ചേരണമെന്നും സുഗതകുമാരി അഭ്യര്‍ഥിച്ചു.
താമരശേരി ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ ക്രിസ്ത്യാനികളെ സമരത്തിനിറക്കിയത് ആര്‍ക്കു വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് എഴുത്തുകാരി സാറാ ജോസഫ് പറഞ്ഞു. കര്‍ഷക വിരുദ്ധവും പ്രകൃതി വിരുദ്ധവുമായ കസ്തൂരി രംഗന് റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയണം വി.ഡി.സതീശന് എംഎല്‍എ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനുള്ള സാഹചര്യമാണ് സര്‍ക്കാരും മുഖ്യമന്ത്രിയും ഒരുക്കേണ്ടത്. ഇ എഫ് എല്‍ നിയമമെന്ന പറയാത്ത കാര്യങ്ങള്‍ ചുണ്ടിക്കാണിക്കുന്ന ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് നമുക്ക് ആവശ്യമില്ലെന്നും വി.ഡി.സതീശന് പറഞ്ഞു.
മാര്‍ച്ചില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്, ആറന്മുള പൈതൃക സംരക്ഷണ സമിതി ചെയര്മാന് കുമ്മനം രാജശേഖരന് ടി.എന്‍.പ്രതാപന് എംഎല്‍എ, പരിസ്ഥിതി ശാസ്ത്രജ്ഞന് വി.എസ്.വിജയന്, മുന്‍ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്, സി ആര് നീലകണ്ഠന്, കെ.അജിത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: