തൃശൂര്‍: ഗുരുവായൂര്‍ നഗരസഭ ക്ഷേത്രനഗര ശുചീകരണത്തിന്റെ പേരില്‍ ദേവസ്വത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ അന്യായമായി ആവശ്യപ്പെടുന്നതിനെതിരെ ക്ഷേത്രസംരക്ഷണസമിതി സമരത്തിലേക്ക്. നാളെ രാവിലെ 10ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് ഡോ.ടി.കെ.വിജയരാഘവന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും.
കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.കെ.അരവിന്ദാക്ഷന്, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.കെ.വിശ്വനാഥന്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ കാര്യദര്‍ശി കെ.പി.ഹരിദാസ്, ഗുരുവായൂര്‍ പ്രതികരണവേദി പ്രസിഡണ്ട് വേണുഗോപാല്‍ പാഴൂര്‍, ആര്‍എസ്എസ് ജില്ലാസഹകാര്യവാഹ് മുകേഷ്, അച്ചുതക്കുറുപ്പ്, ജോഷി ബ്ലാങ്ങാട്ട്, പി.ജെ.കണ്ണന്, കെ.പി.ബാലകൃഷ്ണപിഷാരടി തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്യും.
ഗുരുവായൂരില്‍ ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നത് നഗരസഭയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ ഒന്നര ശതമാനത്തില്‍ താഴെ സ്ഥലം മാത്രമാണ്. ആ പ്രദേശമൊക്കെ ശുചീകരണം നിര്‍വ്വഹിക്കുന്നത് ദേവസ്വം ജീവനക്കാരാണ്. നഗരസഭയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ ശുചീകരണ പ്രക്രിയക്കുള്ള തുകയുടെ അമ്പത് ശതമാനവും ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും തട്ടിയെടുക്കാനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ക്ഷേത്രസംരക്ഷണ സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി.ആര്.പ്രഭാകരന്, പി.ആര്.ഉണ്ണി, ടി.പി.മുരളി, പി.വത്സലന്‍, പി.കെ.ലോഹിതാക്ഷന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: