ബോസ്റ്റണ്‍: ശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും വടക്കു കിഴക്കന്‍ അമേരിക്കയില്‍ ജനജീവിതം ദുസ്സഹമാക്കി. ശക്തമായ ഹിമക്കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 5000 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലെയും ബോസ്റ്റണിലെയും ജനസാന്ദ്രതയേറിയ പ്രദേശങ്ങളാണ് ഏറെ ഭീതിയിലായിരിക്കുന്നത്. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഹിമക്കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക് മുതല്‍ ബോസ്റണ്‍ വരെയുള്ള ജനവാസമേറിയ മേഖലയില്‍ രണ്ടടി കനത്തില്‍ വരെ മഞ്ഞുവീണു. മുന്കരുതലെന്നവണ്ണം ബോസ്റണിലെയും റോഡ് ഐലന്‍ഡിലെയും സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറാലാവാനും സാദ്ധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാദ്ധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ന്യൂയോര്‍ക്ക് പട്ടണത്തില്‍ 14 ഇഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച പ്രതിരോധിക്കുന്നതിനായിആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശൈത്യകാലം തുടങ്ങിയെങ്കിലും ശക്തമായ മഞ്ഞ് വീഴ്ചയും ശീതക്കാറ്റും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ പറഞ്ഞത്.
ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്നു ഇല്ലിനോയിസില്‍ നിന്നു മിഷിഗണിലേക്കുള്ള 2000 വിമാനങ്ങള്‍ റദ്ദാക്കി. ന്യൂയോര്‍ക്ക്, ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ ശീതക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിനിടെ ക്യാനഡയില് താപനില മൈനസ് 26 ഡിഗ്രി സെല്‍ഷ്യസായി. മൊണ്‍ട്രയല്‍, വിന്നിപെഗ് എന്നിവിടങ്ങളിലാണു താപനില ഇത്രയും താഴ്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: