കൊച്ചി: പതിനേഴാമത് അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം നാല് മുതല്‍ 13 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കും. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ മുഖ്യാതിഥിയായിരിക്കും. ഡോ.എം.ലീലാവതി, ഒ.രാജഗോപാല്‍, ജസ്റ്റിസ് പി.ആര്.രാമന് തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചിയിലാരംഭിക്കുന്ന ക്യാന്‍സര്‍ സെന്റര്‍ സഹായനിധിശേഖര്ണത്തിന്റെ ഉദ്ഘാടനവും നടക്കും.
സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പുസ്തകോത്സവ സംഘാടക സമിതി സെക്രട്ടറി ഇ.എന്‍.നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 300 ഓളം പ്രസാധകരാണ് പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിന് പുറത്തുനിന്നും ജയ്കോ, ഹാര്‍പ്പര്‍,റാന്‍ഡം ഹൗസ്, ഉപകാര് പ്രകാശന്, എന്‍ബിടിസി, എസ് ടി ടി, സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റ്, കേന്ദ്രസാഹിത്യ അക്കാദമി, പുസ്തക് മഹല്‍, വാസന് പബ്ലിക്കേഷന്‍, യൂറോ കിഡ്സ്, ഹാഷറ്റ്, ചൗകംബ സംസ്കൃത സംസ്ഥാന് തുടങ്ങിയ പ്രസാധക സ്ഥാപനങ്ങളും പങ്കെടുക്കും. കൊച്ചി ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ധനം ശേഖരിച്ച് സര്‍ക്കാരിന് കൈമാറുമെന്നും നന്ദകുമാര്‍ അറിയിച്ചു.
പുസ്തകോത്സവത്തോട് അനുബന്ധിച്ച് എല്ലാ ദിവസവും സാംസ്കാരിക പരിപാടികള്‍ ഉണ്ടാകും. മലയാളി സ്മരിക്കേണ്ട മഹാരഥന്മാര്, ഗാഡ്ഗില്‍-കസ്തൂരി രംഗന് റിപ്പോര്‍ട്ട് ചര്‍ച്ച, ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം, സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം, ഇരയിമ്മന്‍ തമ്പി അനുസ്മരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകള്‍, യുവജനസമ്മേളനം, കവിയരങ്ങ് തുടങ്ങിയവ നടക്കും. സാംസ്കാരിക കൂട്ടായ്മയും അമ്പതോളം സാഹിത്യകാരന്മാരുടെ സംഗമവും ഉണ്ടായിരിക്കും അമ്മമലയാളത്തെ ദൃശ്യവത്കരിച്ചുകൊണ്ട് ചിത്രകാരന് ശശി കെ.വാര്യരുടെ നേതൃത്വത്തില്‍ 17 ചിത്രകാരന്മാര് പങ്കെടുക്കുന്ന ചിത്രകാരസംഗമവും ഉണ്ടായിരിക്കും.
ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്കാരം പി.വത്സലയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ജനുവരി ഏഴിന് നടക്കുന്ന ചടങ്ങില്‍ പ്രൊഫ.എം.കെ.സാനു പുരസ്കാരം സമ്മാനിക്കും. ജനുവരി 11 ന് മാധ്യമപുരസ്കാരം ഡോ.കെ.ശ്രീകുമാറിനും ഫൗസിയ മുസ്തഫയ്ക്കും സമ്മാനിക്കും. അനന്തകീര്‍ത്തി പുരസ്കാരം അഡ്വ .കെ.എ.അശോകന് ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് ജനുവരി 9 ന് സമ്മാനിക്കും. 15 ഓളം പുസ്തകങ്ങള്‍ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. പുസ്തകങ്ങള്‍ക്ക് 10 ശതമാനം ഡിസ്കൗണ്ട് നല്‍കും.
കേന്ദ്രമന്ത്രി വയലാര്‍ രവി, കെ.ബാബു, സിക്കിം മുന്‍ ചീഫ് ജസ്റ്റിസ് പയസ് കുര്യാക്കോസ്, ജസ്റ്റിസ് എം.രാമചന്ദ്രന്, ജസ്റ്റിസ് പി.എസ്.ഗോപിനാഥ്, എന്‍ ബി ടി ചെയര്മാന് സേതു, പ്രൊഫ.എം.തോമസ് മാത്യു, ഡോ.എംജിഎസ് നാരായണന്, എം.പി.വീരേന്ദ്രകുമാര്‍, പ്രൊഫ.അമ്പലപ്പുഴ ഗോപകുമാര്‍, പ്രൊഫ.എം.അച്യുതന്, എന്‍.കെ.ദേശം, എസ്.രമേശന് നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പിഎസ്സി ചെയര്മാന് ഡോ.കെ.എസ്.രാധാകൃഷ്ണന്, വൈസ്ചാന്‍സലര്‍മാരായ കെ.ജയകുമാര്‍, ഡോ.ജാന്‍സി ജെയിംസ്, ഡോ.എം.സി.ദിലീപ് കുമാര്‍, ജില്ലാ കളക്ടര്‍ ഷെയ്ക് പരീത് തുടങ്ങി സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി.ആര്.രാമന്, ജനറല്‍ കണ്‍വീനര്‍ ബി.പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറി അഡ്വ.എം.ശശിശങ്കര്‍, സി.ജി.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: