മുംബൈ: യുപിഎ സര്‍ക്കാരിന്റെ അഴിമതിയില്‍ രാഹുല്‍ഗാന്ധിക്ക് നേതൃത്വപരമായ പങ്കുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന് പറഞ്ഞു. സിഎജി കണക്കുപ്രകാരം ഏഴു ലക്ഷത്തി എണ്‍പതിനായിരം കോടി രൂപയുടെ അഴിമതി കണ്ടെത്തിയിട്ടും കണക്കില്‍ വരാത്ത കോടാനുകോടികളുടെ അഴിമതിക്കഥകള്‍ പുറത്തുവന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷമായി ലോക്സഭാംഗവും കോണ്‍ഗ്രസിന്റെ ഉന്നത നേതാവുമായി കഴിയുന്ന രാഹുല്‍ഗാന്ധി ഇതിനെതിരെ ചെറുവിരലുപോലുമനക്കാതിരുന്നത് അതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചതുകൊണ്ടാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണം. മുംബൈയിലെ വസായില്‍ ബിജെപി മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെ ഫലം കോണ്‍ഗ്രസ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുവെന്ന് ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ജനനേതാവായി ഉയര്‍ന്ന നരേന്ദ്രമോദിക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ചും കമ്മീഷനെ നിയോഗിച്ചും ജനശ്രദ്ധ തിരിച്ചുവിടാനാണ് യുപിഎ സര്‍ക്കാരിന്റെ നീക്കം. ബിജെപി അധികാരത്തില്‍ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യുപിഎ ഈ നടപടി സ്വീകരിച്ചത്. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമണമാണ് കമ്മീഷനെ നിശ്ചയിച്ചതിലൂടെ വെളിവാകുന്നത്. സ്വന്തം വിജയത്തിനുവേണ്ടി സിബിഐയെ കൂട്ടിലടച്ച തത്തയാക്കിയെന്ന് സുപ്രീംകോടതിക്കുപോലും പറയേണ്ടിവന്ന യുപിഎ സര്‍ക്കാര്‍ പരാതിയില്ലാത്ത ഒരു വിഷയത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് പരിഹാസ്യമാണ്. ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളിക്കളയും. വിലക്കയറ്റം തടയുന്നതിലും രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും യുപിഎ പരിപൂര്‍ണ്ണ പരാജയമാണ്. 2002ലെ കലാപത്തെക്കുറിച്ച് നരേന്ദ്രമോദി കുറ്റക്കാരനല്ലെന്ന് കോടതിവിധി വന്ന സമയത്ത്, താന്‍ അനുഭവിച്ച ദുഃഖം ജനങ്ങളുമായി പങ്കുവച്ച അദ്ദേഹത്തിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസും ഇടതുപക്ഷവും രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മുസാഫിര്‍ നഗര്‍ അടക്കമുള്ള പ്രദേശത്ത് കലാപങ്ങളിലൂടെ നിരവധിപേര്‍ കൊല ചെയ്യപ്പെട്ടിട്ടും 34 കുഞ്ഞുങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍തന്നെ മരണമടഞ്ഞിട്ടും ഇതിനെതിരെ രംഗത്തുവരാത്ത കോണ്‍ഗ്രസും ഇടതുപക്ഷവും ജനവഞ്ചനയാണ് നടത്തുന്നത്. നരേന്ദ്രമോദിയുടെ ജനപിന്തുണ കണ്ട് സമനില തെറ്റിയിരിക്കയാണ് രാഹുലിനും കോണ്‍ഗ്രസ് നേതൃത്വത്തിനും. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്ത് നടന്ന വര്‍ഗീയ കലാപങ്ങളെക്കുറിച്ച് ധവളപത്രമിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറുണ്ടോയെന്ന് ചോദിച്ച ശോഭാ സുരേന്ദ്രന് ഈ കാലത്ത് ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനത്തും വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
ചടങ്ങില്‍ മണ്ഡലം അധ്യക്ഷന്‍ ഉത്തംകുമാര്‍, ബിജെപി താനെ ജില്ലാ പ്രസിഡന്റ് വിഷ്ണു സാവ്റെ എംഎല്‍എ, വൈസ് പ്രസിഡന്റ് കേദാര്‍നാഥ് മാത്രെ, കാശ്മീര്‍ ടു കേരള ഫൗണ്ടേഷന് ചെയര്മാന് പ്രിന്‍സ് വൈദ്യന്, ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ മുര്‍തുസാ യൂസുഫ്, ക്യാപ്റ്റന്‍ തമിഴ് ശെല്‍വം (മുംബൈ കോര്പ്പറേഷന് കൗണ്‍സിലര്‍) തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: