മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. മന്രാജ്വിന്ദര് സിംഗാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച ബിരാരങ്ങ് മാര്‍ഗില്‍ വെച്ച് ചിലര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഹെരാള്‍ഡ് സണ്‍ വെബ്സൈറ്റാണ് വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. മന്രാജ്വിന്ദറിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികളും ആക്രമണത്തിന് ഇരയായതായി വെബ്സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 20ഉം 23ഉം പ്രായമുള്ളവരുടെ സംഘമാണ് ഇവരെ ആക്രമിച്ചത്. മുഖത്ത് ഇടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആല്‍ഫ്രെഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എട്ട് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ ആഫ്രിക്കക്കാരാണെന്നും സംഘത്തില്‍ ഒരു സ്ത്രീയുണ്ടെന്നും ഡിറ്റക്ടീവ് കോണ്‍സ്റ്റബിളായ ആഡം ഫോലെ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് അന്വേഷണം നടത്തുന്നത്. ഐസിയുവില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: