കാസര്‍കോട്: നീലേശ്വരം കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. ഇന്നലെ കടലാടിപ്പാറ സംരക്ഷണ സമിതിയുടെ സമരപ്പന്തലില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ സമരം ശക്തിപ്പെടുത്തണമെന്ന പൊതുവികാരം ഉയര്‍ന്നുവന്നു. ഇതേ തുടര്‍ന്ന് നിയമസഭാ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുത്തു. കടലാടിപ്പാറ സംരക്ഷണ സമിതിയുടെ ഇന്ന് ചേരുന്ന എക്സിക്യുട്ടീവ് യോഗത്തില്‍ പരിപാടികള്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ഖനനം നടത്താനുള്ള ആഷാപുര കമ്പനിയുടെ നീക്കത്തിനെതിരെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നിട്ടുണ്ടെങ്കിലും ഇത് മാത്രം മുഖവിലയ്ക്കെടുത്ത് മുന്നോട്ട് പോകാനാകില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്ഥലം സന്ദര്‍ശിക്കുകയും ഖനന നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വ്യവസായവകുപ്പ് നല്കിയ ഖനനാനുമതി റദ്ദുചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോഴും ഭരണ-പ്രതിപക്ഷ നേതാക്കള്‍ നല്കിയ ഉറപ്പുകള്‍ പാഴാവുകയാണ്. ഇതിനുപുറമെ ഖനന വിഷയം രാഷ്ട്രീയപ്പോരായി മാറുകയും ചെയ്തു. എളമരം കരീമിണ്റ്റെ കാലത്ത് വ്യവസായ വകുപ്പ് നല്കിയ അനുമതി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരിണ്റ്റെ കാലത്ത് ആഷാപുര കമ്പനിക്ക് ലഭിച്ച സംസ്ഥാന സര്‍ക്കാരിണ്റ്റെ അനുമതി ചൂണ്ടിക്കാട്ടി സിപിഎമ്മും ആരോപണ പ്രത്യാരോപണമുന്നയിച്ചു. അന്നത്തെ ഹൊസ്ദുര്‍ഗ്ഗ് എംഎല്‍എ ആയിരുന്ന സിപിഐയുടെ എ.കുമാരന് കമ്പനിയുടെ ഗുജറാത്തിലെ സ്ഥലം സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ട് നല്‍കിയെന്ന് എളമരം കരീമും വെളിപ്പെടുത്തി. ഇതിനെതിരെ സിപിഐ രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ വിവാദമായി മാത്രം വിഷയം മാറുന്നതാണ് സമരരീതികള്‍ ശക്തിപ്പെടുത്തണമെന്ന് നാട്ടുകാരില്‍ നിന്നും നിര്‍ദ്ദേശമുണ്ടായത്. കഴിഞ്ഞ ഇടത് സര്‍ക്കാരിണ്റ്റെ കാലത്ത് ആഷാപുര ഖനനാനുമതി നേടിയപ്പോള്‍ ശക്തമായ പ്രതിഷേധമാണ് ജില്ലയില്‍ ഉയര്‍ന്നുവന്നത്. മേധാപട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും സമരത്തിന് ആവേശം പകരുകയുമുണ്ടായി. സമാന രീതിയില്‍ പരിസ്ഥിതി പോരാട്ടങ്ങളില്‍ ശ്രദ്ധ നേടിയവരെ സമരപ്പന്തലിലെത്തിക്കാനും ശ്രമം നടത്തും. പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനെയും ഇതിനായി സമീപിക്കുന്നുണ്ട്. നേരത്തെ എളമരം കരീമിണ്റ്റെ നേതൃത്വത്തില്‍ ഖനനത്തിന് നടന്ന നീക്കം മുഖ്യമന്ത്രിയായിരുന്ന വിഎസ് ആണ് താത്കാലികമായി നിര്‍ത്തിവെപ്പിച്ചത്. നിലവില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഖനനത്തിന് എതിരായാണ് നിലപാടെടുക്കുന്നത്. എന്നാല്‍ സ്വകാര്യ കമ്പനിക്ക് പകരം പൊതുമേഖലയില്‍ ഖനനം ആകാമെന്ന നിലപാടിലേക്ക് ഇവര്‍ വീഴുമോയെന്നും നാട്ടുകാര്‍ ഭയക്കുന്നു. തൊട്ടടുത്ത തലയടുക്കത്ത് എതിര്‍പ്പ് മറികടന്നും പ്രവര്‍ത്തിക്കുന്ന കെസിസിപിഎല്ലിണ്റ്റെ ഖനനം ഇത് ശരിവെയ്ക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: