നയിക്കാന്‍ പ്രാപ്തിയുള്ള ഒരാളുടെ കീഴില്‍ സുരക്ഷിതരായി കഴിയാനാണ് മനുഷ്യന് എന്നും ആഗ്രഹിക്കുന്നത്. ശിലായുഗത്തിലെ ആദിമമനുഷ്യന് മുതല്‍ ഇതു തുടര്‍ന്നിട്ടുമുണ്ടാകും. അന്ന് ശാരീരികബലത്തിന്റെ അടിസ്ഥാനത്തിലാകാം വ്യക്തികള്‍ അംഗീകരിക്കപ്പെട്ടത്. പിന്നീട് ബുദ്ധിശക്തിയും നേതൃപാടവവും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. അലഞ്ഞുതിരിഞ്ഞു നടന്ന മനുഷ്യന് മഴയും വെയിലുമേല്‍ക്കാതെ പാര്‍പ്പിടമുണ്ടാക്കി കൃഷി ചെയ്ത ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ സംഘത്തലവനെ കണ്ടെത്തുന്ന രീതികളും മാറിയിട്ടുണ്ടാകും. എന്തായാലും ആ രീതിയുടെ ഏറ്റവും പരിഷ്കൃതരൂപമാണ് നമ്മുടെ തെരഞ്ഞെടുപ്പ്. പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി രാജ്യമൊരുങ്ങുമ്പോള്‍ കക്ഷിരാഷ്ട്രീയത്തിന്റെയും ജാതി-മത സംഘടനകളുടെയും പേരില്‍ അധികാരക്കസേരയിലെത്താന്‍ മനോരാജ്യം കാണുന്നവരുടെ എണ്ണവും കൂടുന്നു.
ജനപങ്കാളിത്തമാണ് ഇന്നത്തെ തെരഞ്ഞെടുപ്പുരീതിയുടെ ഏറ്റവും വലിയ പ്രത്യേകത. തങ്ങളെ ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍ തന്നെയാണ്. എന്നിട്ടും ജനാധിപത്യം ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യങ്ങളൊന്നും ലഭിക്കാതെ നരകജീവിതം തുടരുന്നവരുടെ നാടായി മാറിക്കഴിഞ്ഞിരിക്കുന്നു ഭാരതം. ജനക്ഷേമം എന്ന വാക്കുപോലും മറന്ന് കപടനാട്യങ്ങളും വാഗ്ദാനങ്ങളുമായി ജനങ്ങളെ വഞ്ചിച്ച് അധികാരത്തിലെത്തി കോടികള്‍ കൊള്ളയടിക്കുകയാണ് ജനപ്രതിനിധികള്‍.
പണ്ട് കിരീടവും ചെങ്കോലും ധരിച്ച് സിംഹാസനാരൂഢനായാണ് രാജാവ് സ്ഥാനമേറ്റിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ദണ്ഡാതീതോസ്മി’ എന്ന് ഉരുവിടുന്ന രാജാവിന്റെ തലയില്‍ ദര്‍ഭപ്പുല്ലുകൊണ്ട് തല്ലി ‘ന ധര്‍മ്മദണ്ഡോസി’ എന്ന് രാജഗുരുക്കന്മാര് ഓര്‍മ്മിപ്പിക്കുമത്രെ. എല്ലാ ദണ്ഡങ്ങള്‍ക്കും അതീതനാണ് താനെന്ന് അഹങ്കരിക്കുന്ന രാജാവിന് ധര്‍മ്മബോധം പകര്‍ന്നു നല്കുന്ന രാജപുരോഹിതന്മാര് ഇന്നില്ല. ഇത്തരത്തില്‍ ധര്‍മ്മോപദേശം നടത്തേണ്ട പുരോഹിതന്മാരെയും രാജ്യതന്ത്രജ്ഞരായ മന്ത്രിമാരെയും തെരഞ്ഞെടുക്കുന്നത് ഏറ്റവും സൂക്ഷ്മമായ ഘടകങ്ങള്‍ കൂടി പരീക്ഷിച്ചറിഞ്ഞായിരുന്നു.
മന്ത്രിക്ക് വേണ്ട ഗുണങ്ങളെല്ലാം ഒരാളിലുണ്ടോ എന്ന് പല ഉപാധികള്‍ കൊണ്ടാണ് മനസ്സിലാക്കിയിരുന്നത്. സദ്സ്വഭാവിയാണോ എന്ന് ബന്ധുക്കളെ സമീപിച്ച് മനസ്സിലാക്കണം. കുലീനനും നല്ല ബന്ധുക്കളുള്ളവനും വക തിരിവുള്ളവനുമായിരിക്കണം മന്ത്രിസ്ഥാനത്ത് എത്തേണ്ടത് എന്ന് പ്രത്യേകം നിഷ്ക്കര്‍ഷിക്കുന്നു. വാഗ്മിത്വം, പ്രാഗത്ഭ്യം, പ്രതിപത്തി എന്നിവ അയാളുടെ സംഭാഷണങ്ങളില്‍ നിന്ന് മനസ്സിലാക്കണം. ഭക്തി, മൈത്രി തുടങ്ങിയ കാര്യങ്ങള്‍ അടുത്തിടപഴകി അറിയണം. പ്രത്യക്ഷം, പരോക്ഷം, അനുമാനം എന്നീ മാര്‍ഗങ്ങളിലൂടെ രാജാവ് മന്ത്രിയാകാന്‍ പോകുന്ന വ്യക്തിയെ മനസ്സിലാക്കണം.
രാജാവിനെ നന്മ തിന്മകളില് വഴികാട്ടേണ്ടുന്ന രാജപുരോഹിതനെ തിരഞ്ഞെടുക്കുന്നതിനുമുണ്ടായിരുന്നു കടുത്ത നിബന്ധനകള്‍. നാലു തലമുറകളായി പിഴയ്ക്കാത്ത കുലശീലമുള്ളവനും വാദശാസ്ത്രങ്ങളില് പ്രാവീണ്യം നേടിയവനും ദൈവകൃതങ്ങളും മനുഷ്യകൃതങ്ങളുമായ ആപത്തുകളെ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കാന്‍ കഴിയുന്നവനുമായിരിക്കണം പുരോഹിതന്. ഈ ഗുണഗണങ്ങളെല്ലാമുള്ള പുരോഹിതനെ പുത്രന് പിതാവിനെ എന്നവിധവും ശിഷ്യന് ആചാര്യനെ എന്നപോലെയും രാജാവ് അനുവര്‍ത്തിക്കണമെന്ന് ചാണക്യന്. ഇപ്രകാരം നിയമിക്കപ്പെടുന്ന ഗുണശാലിയായ പുരോഹിതന്റെ ഉപദേശവും മന്ത്രിയുടെ രഹസ്യാലോചനയും മാത്രം മതി ആയുധമേന്താതെ വിജയം നേടാനെന്ന് പൗരാണിക ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇത്രയും ഗുണശീലങ്ങള്‍ ഒത്തുവരുന്ന ഒരു പുരോഹിതനും മന്ത്രിയും ഇവരുടെ ഉപദേശങ്ങള്‍ ശിരസാ വഹിക്കാന്‍ തയ്യാറാകുന്ന രാജാവും സമകാലീന ഭാരതത്തിന്റെ സങ്കല്‍പ്പത്തിനും അപ്പുറമാണ്, അമ്പരപ്പിക്കുന്ന അഴിമതിക്കഥകള്‍ കണ്ടും കേട്ടും മടുത്ത ജനത്തിന് ജനാധിപത്യത്തില്‍ തന്നെ വിശ്വാസം നഷ്ടമാകുമ്പോള്‍ ഈ കഥകളൊക്കെ അവിശ്വാസത്തോടെയല്ലാതെ എങ്ങനെ കേള്‍ക്കാന്‍.
ചെറിയ വരുമാനമുള്ളവര്‍ വലിയ ചെലവ് നടത്തുന്നുവെങ്കില്‍ അവന് അപഹരിക്കുന്നുണ്ടാകുമെന്ന് ഒരു സംശയവുമില്ലാതെ ആചാര്യ ചാണക്യന് ചൂണ്ടിക്കാണിക്കുന്നു. വേഷം മാറിയും ചാരന്മാരെ നിയോഗിച്ചും രാജാവ് ജനങ്ങളുടെ മനോഗതി അപ്പപ്പോള്‍ത്തന്നെ അറിഞ്ഞിരുന്നു. തന്നോടുള്ള ആദരവും അനാദരവും മസ്സിലാക്കി നയങ്ങള്‍ തിരുത്താന്‍ തയ്യാറാകുകയും അതുവഴി ഭരണം ജനകീയമാക്കാന്‍ ശ്രമിക്കുകയും ചെയ്ത ഈ ഭരണാധികാരികളെ നമ്മുടെ ജനപ്രതിനിധികള്‍ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കില്‍. ജനാധിപത്യവ്യവസ്ഥയില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെയാണ് ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കിട്ടാതാക്കുന്നതും അവരെ കൊള്ളയടിക്കുന്നതും. അര്‍ഹതയോ യോഗ്യതയോ ഇല്ലാതെ കൊടിയുടെ നിറത്തിന്റെയും ചിഹ്നങ്ങളുടെയും പേരില്‍ അധികാരത്തിലെത്തുന്നവര്‍ക്ക് ജനക്ഷേമം ലക്ഷ്യമാകുന്നില്ല. തങ്ങളെ സേവിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ മുന്നില്‍ ജനം കൈകൂപ്പി നിന്ന് യാചിക്കുന്ന കാഴ്ച്ച വേറെയും.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: