നല്ല പത്രപ്രവര്‍ത്തകനാകാനുള്ള ചുരുങ്ങിയ യോഗ്യത എന്തായിരിക്കണം? ഇക്കാലത്ത് മിക്ക പത്രസ്ഥാപനങ്ങളും തങ്ങള്‍ക്ക് പത്രപ്രവര്‍ത്തകരെ, ലേഖകരായാലും, സബ് എഡിറ്റര്‍ സ്ഥാനത്തേക്കായാലും ആവശ്യമുണ്ടെങ്കില്‍ അതിന് പരസ്യം കൊടുക്കുന്നതു കാണുമ്പോള്‍ വിസ്മയം തോന്നും. ആവശ്യപ്പെടുന്ന യോഗ്യതകള്‍ വിവരിക്കുന്നതുപോലും കൗതുകകരമായിട്ടാണ്. പത്രത്തിന്റെ ഭാഷ ഏതായാലും വിജ്ഞാപനം ആംഗലത്തില്‍ തന്നെയായിരിക്കും. നിങ്ങള്‍ക്ക് സമുന്നതമായ നിലവാരം പുലര്‍ത്തുന്ന പ്രശസ്ത മാധ്യമസ്ഥാപനത്തിന്റെ ഭാഗമാകണമെന്നുണ്ടോ! നിങ്ങള്‍ ഒന്നാംക്ലാസിലോ രണ്ടാം ക്ലാസിലോ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ടോ? അനായാസമായി ഇംഗ്ലീഷും മലയാളവും സംസാരിക്കാനും എഴുതാനും കഴിവുണ്ടോ? ചുറ്റുപാടും നടക്കുന്ന സംഭവങ്ങളുടെ പ്രാധാന്യം എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമോ? എങ്കില്‍ ഒരു പക്ഷേ ഞങ്ങള്‍ തേടുന്നത് നിങ്ങളെയാകാം. പത്രപ്രവര്‍ത്തന ബിരുദാനന്തര പഠനം നടത്തിയിട്ടുണ്ടെങ്കില്‍ അഭികാമ്യം. ബയോഡേറ്റ സഹിതം ഇ-മെയില്‍ ചെയ്യുക…. വിഷയത്തെപ്പറ്റി 1000 വാക്കുകളില്‍ കവിയാത്ത ഒരു റിപ്പോര്‍ട്ടു കൂടെയുണ്ടാവണം തുടങ്ങിയവയാകും പരസ്യവാചകങ്ങള്‍. മനോഹരമായ ആംഗലത്തില്‍ തന്നെയാവും പരസ്യമെന്ന് പറയേണ്ടതില്ല. അപേക്ഷ അയച്ച് അഭിമുഖത്തിന് ക്ഷണിക്കപ്പെടുന്നയാള്‍ അത്യാധുനിക വേഷത്തില്‍ ഹാജരാകുകയും ഇംഗ്ലീഷില്‍ തന്നെ സംഭാഷണം ആരംഭിക്കുകയും ചെയ്യും. തികച്ചും പ്രൊഫഷണല്‍ ആയ പത്രപ്രവര്ത്തകനാകുകയാണയാളുടെ ലക്ഷ്യം.
കേരളത്തിലെ പ്രശസ്തരായ പത്രപ്രവര്‍ത്തകര്‍ പലരും ഇപ്രകാരം വളര്‍ന്നുവന്നവരല്ല. ജന്മഭൂമിയുടെ തുടക്കക്കാലത്ത് ചുമതല വഹിച്ചിരുന്ന പി.വി.കെ. നെടുങ്ങാടിക്ക് എലിമെന്ററി വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ. ബാല്യത്തില്‍ എന്നുവെച്ചാല്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഗുരുകുല രീതിയില്‍ സംസ്കൃതം പഠിച്ചിട്ടുണ്ടാവാം. മലയാള പത്ര രംഗത്ത്, ഉത്തരകേരളത്തിലെങ്കിലും അദ്ദേഹത്തിന് കുലപതിയുടെ സ്ഥാനമുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ അധികകാലവും കഴിച്ചുകൂട്ടിയ കണ്ണൂരില്‍ പത്രാധിപര്‍ എന്നാല്‍ പിവികെ മാത്രമായിരുന്നു. ഏതാണ്ട് അതേ കാലത്തു തിരുവനന്തപുരത്ത് പത്രാധിപര്‍ കെ.സുകുമാരന്‍ ബിഎ ആയതുപോലെ. അദ്ദേഹം ഉന്നത വിദ്യാസമ്പന്നനായിരുന്നു. നെടുങ്ങാടി ഡസന്‍കണക്കിന് പത്രപ്രവര്‍ത്തകരെയും കവികളെയും സാഹിത്യകാരന്മാരെയും രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.
മാതൃഭൂമിയുടെ ഡപ്യൂട്ടി എഡിറ്ററും പിന്നീട് ജന്മഭൂമിയുടെ മുഖ്യപത്രാധിപ സ്ഥാനം ഏറ്റെടുത്തുകൊണ്ട് അതിനെ നയിച്ച വി.എം.കൊറാത്തും സര്‍വകലാശാലാ ബിരുദം നേടിയിരുന്നില്ല. സ്വാതന്ത്ര്യസമര ഭടനെന്ന നിലയ്ക്ക് തന്റെ ഗ്രാമത്തിലും ചുറ്റുപാടും നടക്കുന്ന സംഭവങ്ങളുടെ വിവരണം മാതൃഭൂമിക്ക് എഴുതി അയച്ചുകൊണ്ട് ആ രംഗത്തു തുടക്കം കുറിച്ച കൊറാത്ത് ഏറ്റവും പ്രഗത്ഭനായ പത്രാധിപരായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ തൂലികാവിലാസം അന്യാദൃശവും അനുകരണീയവും ശക്തിമത്തുമായിരുന്നു. ഓര്‍മയുടെ നിലാവ് എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഒരു കവിതപോലെ ഹൃദയഹാരിയാണ്. ജന്മഭൂമിയുടെ പത്രാധിപത്യം ഏറ്റെടുക്കുന്ന അവസരത്തില്‍, 1987 ഏപ്രില്‍ 21 ന് ചേര്‍ന്ന പ്രൗഢഗംഭീര സദസ്സില്‍ പ്രൊഫ.എം.പി.മന്മഥന് അദ്ദേഹത്തെ പത്രാധിപ ഭീമന് എന്നു വിശേഷിപ്പിച്ചത് തികച്ചും അര്ത്ഥവത്തായിത്തന്നെയാണ്. ശരിയെന്ന് താന്‍ വിശ്വസിച്ച കാര്യങ്ങളില്‍ ഉറച്ച് നിന്ന് അതിനായി ഏതു ഭീഷണിയേയും പ്രചോദനത്തേയും നേരിടാന്‍ അദ്ദേഹം ശങ്കിച്ചില്ല. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഇന്നുള്ള ശക്തമായ സംഘടനയുടെ പിതൃസ്ഥാനം തന്നെ അദ്ദേഹത്തിന് നല്കുന്നതില് തെറ്റില്ല.
ഇന്നത്തെ മിക്ക പത്രമാധ്യമങ്ങളും ഓരോ അംഗുലവും പ്രൊഫഷണലിസത്തില്‍ മുറുകെ പിടിച്ചുകൊണ്ട് നീങ്ങുന്നവരാണ്. അതിനായി അവര്‍ തീവ്രമായ പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ലോകത്തെവിടെയും നിന്ന് പ്രഗത്ഭരായ പ്രൊഫഷണലുകളെ കൊണ്ടുവന്നു പരിശീലനങ്ങള്‍ നല്കുന്നു. തീര്‍ച്ചയായും സാങ്കേതിക പരിജ്ഞാനം നിറഞ്ഞു തുളുമ്പുന്ന ഒരു പത്രപ്രവര്‍ത്തക സമൂഹം കേരളത്തില്‍ നിലവില്‍ വന്നു കഴിഞ്ഞു. സാങ്കേതികമായ കാര്യങ്ങളിലല്ലാതെ തങ്ങളുടെ പ്രവര്‍ത്തനമേഖലയും ധാര്‍മികവും മാനവികവുമായ അന്തസ്സത്ത അവര്‍ ഉള്‍ക്കൊള്ളുന്നുണ്ടോ എന്നതില്‍ മാത്രമേ സംശയമുള്ളൂ.
ഇത്രയും പ്രസ്താവിച്ചത് ഏതാനും ആഴ്ചകള്‍ക്കുമുമ്പ്, കേരളത്തിലെ നിയമസഭാ സ്ഥാപനത്തിന്റെ നൂറ്റാണ്ട് ആഘോഷത്തിന്റെ ഭാഗമായി നിയമസഭാ നടപടികള്‍ 25 വര്‍ഷം തുടര്‍ച്ചയായി അവലോകനം ചെയ്ത മുതിര്‍ന്ന പത്രപ്രവര്ത്തകന്, ജന്മഭൂമിയുടെ ഇന്നത്തെ തിരുവനന്തപുരം റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണനെ ആദരിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത കേട്ടതുകൊണ്ടാണ്. ഇന്നത്തെ മാനദണ്ഡമനുസരിച്ചുള്ള ഒരു യോഗ്യതയും കുഞ്ഞിക്കണ്ണനില്ല. ജന്മഭൂമിയിലല്ലാതെ അദ്ദേഹം ജോലി ചെയ്തത് കണ്ണൂരിലെ അന്തിപ്പത്രമായിരുന്ന സുദിനത്തില്‍ മാത്രമാണെന്നു തോന്നുന്നു. കേരള നിയമസഭ ആദരിക്കാനായി തിരഞ്ഞെടുത്ത വസ്തുത കുഞ്ഞിക്കണ്ണന്റെ നിസ്തുലമായ ജ്ഞാനസമ്പാദന തൃഷ്ണയും സ്വാധ്യായവും മറ്റെല്ലാറ്റിനെയും കടന്നുകയറുന്നതായി എന്നതാകുന്നു.
നാലുപതിറ്റാണ്ടുകളിലേറെക്കാലമായി അടുത്തു പെരുമാറിയ കനിഷ്ഠ സഹോദരനാണെനിക്കദ്ദേഹം. കണ്ണൂര്‍ ജില്ലയിലെ വിദൂരമായ ഒരു ഗ്രാമത്തില്‍ ജനിച്ച് പത്താംക്ലാസിനപ്പുറത്തേക്ക് പഠിക്കാനവസരം ലഭിക്കാതിരുന്ന, അല്ലെങ്കില്‍ അതിന് കഴിവില്ലാതിരുന്ന കുഞ്ഞിക്കണ്ണന് സംഘശാഖയില്‍ നിന്ന് ലഭിച്ച മൗലികമായ കാഴ്ചപ്പാടും പ്രേരണയുമാണ് വഴികാട്ടിയത്. ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായിരുന്ന കാലത്ത് കെ.ജി.മാരാരുടെ കണ്ണില്‍പ്പെട്ടപ്പോള്‍ കുഞ്ഞിക്കണ്ണന്റെ കണ്ണുകള്‍ കൂടുതല്‍ ദൂരക്കാഴ്ചയുണ്ടാകാന് വഴിതെളിഞ്ഞു. തന്നെ പൊതുരംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവന്ന മാരാര്‍ജിക്കു കുഞ്ഞിക്കണ്ണന് നല്കിയ സ്മരണാഞ്ജലിയാണ് കെ.ജി.മാരാര്‍ ”രാഷ്ട്രീയത്തിലെ സ്നേഹസാഗരം” എന്ന ജീവചരിത്രം.
ഭാരതീയ ജനസംഘപ്രവര്‍ത്തനത്തിനായി വീടുവിട്ടു വന്നതിന്റെ പ്രചോദനം മാരാര്ജിയായിരുന്നു. സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരുന്ന ഈ ലേഖകന്‍, കുഞ്ഞിക്കണ്ണന്റെ പ്രത്യുത്പന്നമതിത്വവും സംഘടനാശേഷിയും നേരിട്ട് നിരീക്ഷിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. സമകാലീന പ്രശ്നങ്ങളെ വിശകലനം ചെയ്ത് ആകര്‍ഷകമായ വിധത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനും പൊതുയോഗങ്ങളില്‍ അവതരിപ്പിക്കുന്നതിനും കാണിച്ച സവിശേഷ സാമര്‍ത്ഥ്യം പതിറ്റാണ്ടുകള്‍ക്കുശേഷവും മനസ്സില്‍ ഉയര്‍ന്നുവരുന്നു. അടിയന്തരാവസ്ഥക്കാലത്തു ഞങ്ങള്‍ ഒരുമിച്ചു ഒളിവില്‍ നടത്തിയ യാത്രകളും പരിപാടികളും ആവേശകരങ്ങള്‍ ആയിരുന്നു. 20-25 കി.മീ.ദൂരം കാല്‍നടയായി പോയ സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു. ഒരു കണ്ണൂര്ക്കാരനുമാത്രം സാധ്യമായ വിധത്തില്‍ സ്ഫുടം ചെയ്തെടുത്ത പോലത്തെ ചിന്താഗതികളാണദ്ദേഹത്തെ നയിച്ചത്.
ജന്മഭൂമിയടെ തുടക്കക്കാലത്ത് കണ്ണൂരിലേക്ക് ഒരു ലേഖകന്‍ ആവശ്യമായി വന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് മറ്റാരുടേയും മുഖമായിരുന്നില്ല. ബിജെപിയുടെ (അതോ യുവമോര്ച്ചയുടെയോ?)ജില്ലാ ചുമതകള്ക്കിടയിലും ജന്മഭൂമി ലേഖകനെന്ന ചുമതല സ്തുത്യര്‍ഹമാംവിധം നിര്‍വഹിച്ചു. വടിവൊത്ത മനോഹരമായ കൈപ്പടയും സുന്ദരമായ ഭാഷയും വളച്ചുകെട്ടില്ലാത്ത പ്രതിപാദന രീതിയും കര്‍ക്കശമായ എഡിറ്റിംഗിനെ അനാവശ്യമാക്കിയിരുന്നു. ജന്മഭൂമിയില് ഏറ്റവും കൂടുതല്‍ കാലം ചുമതല വഹിച്ച ആള് കുഞ്ഞിക്കണ്ണന് തന്നെയായിരിക്കും.
എറണാകുളത്തും തിരുവനന്തപുരത്തും ജന്മഭൂമിയില് അദ്ദേഹം പ്രവര്‍ത്തിച്ചു. ജന്മസിദ്ധമായ വാസനയും കര്‍മശേഷിയും സദാ തുറന്നുവെച്ച കണ്ണും കാതും മനസ്സുകൊണ്ട് ഒരു സാധാരണക്കാരന് തന്റെ പ്രൊഫഷണല്‍രംഗത്ത് എത്തിപ്പെടാവുന്ന ഏറ്റവും വലിയ സ്ഥാനത്ത് പ്രശസ്തമായ കേസരി ട്രസ്റ്റിന്റെ അധ്യക്ഷ സ്ഥാനത്ത് വരാന്‍ കുഞ്ഞിക്കണ്ണന് കഴിഞ്ഞുവെന്നത് ഒരു വിസ്മയം തന്നെയാണ്. യാദൃച്ഛികമായി പരിചയപ്പെടാനിടയായ തിരുവനന്തപുരത്തെ ഒരു ജേര്‍ണലിസ്റ്റ് അവിടുത്തെ ഏറ്റവും ആദരിക്കപ്പെടുന്ന പത്രപ്രവര്‍ത്തകനാണ് കുഞ്ഞിക്കണ്ണന് എന്നുപറഞ്ഞപ്പോള്‍ ശരിക്കും പുളകമണിഞ്ഞുപോയി.
മഹത്വലക്ഷണത്തിന്റെ ഒന്നാമത്തെ ഘടകം ഇംഗ്ലീഷ് വിദ്യാഭ്യാസവും തദനുസൃതമായ ചടപടാലിറ്റികളുമാണെന്ന മിഥ്യാധാരണ വ്യാപകമായി വരുന്ന ഇക്കാലത്ത് അതിനെ പൂര്‍ണമായും നിഷേധിക്കുന്നതാണ് അദ്ദേഹത്തിന് നിയമസഭ നല്കുന്ന ആദരവ്. തുറന്ന ഹൃദയവും സ്വാധ്യായവും കൊണ്ട് തന്നത്താന്‍ ആര്‍ജ്ജിച്ച വലിപ്പമാണദ്ദേഹത്തിന്റേത്. മാരാര്‍ജിയുടെ ദീര്‍ഘദൃഷ്ടിക്ക് അതില്‍ മഹനീയമായ പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: