മറ്റൊരു പുതുവത്സരത്തിന്റെ പടിവാതില്ക്കലാണിപ്പോള് നാം. കാത്തിരിയ്ക്കാത്ത കാലത്തെ കാത്തുവെയ്ക്കാനാവില്ലെന്നത് പതിരില്ലാത്ത സത്യം. ഋതുക്കള്‍ മാറുമ്പോള്‍ കാലമുരുളും. കടന്നുപോവാതിരിക്കാന്‍ കാലത്തിനാവില്ല. തടഞ്ഞുവെയ്ക്കാന്‍ നമുക്കും. എങ്കിലും ആസുരമായ കാലം നമുക്ക് കുറെ മുന്നറിയിപ്പുകള്‍ തരുന്നുണ്ട്. ആകുലതകളുടെ…… വരുംകാലദുരന്തങ്ങളുടെ….. അനുഭവങ്ങളുടെ പാഠങ്ങള്‍ ഉള്‍ക്കൊളളാതെ ഇനി നമ്മളെങ്ങോട്ടാണെന്ന് അത് വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നു. മൂല്യങ്ങളുടെ വിളക്കുകള്‍ തുടരെ തുടരെ കെട്ടുപോവുകയും സാമൂഹ്യ-രാഷ്ട്രീയ-ധാര്‍മ്മിക ച്യുതികളുടെ നിഴലുകള്‍ വീണ് അന്ധമയമാവുകയും ചെയ്യുന്ന ഒരു യുഗത്തിലൂടെയാണ് നാം ഇപ്പേള്‍ സഞ്ചരിക്കുന്നത്. സ്വാസ്ഥ്യം കെടുത്തുന്ന ഒരു കലുഷിതഭൂതകാലത്തിലൂടെ കടന്നുവന്നവരാണ് നമ്മള്. അതിദാരുണമായ ദുരന്തങ്ങളുടെയും തകര്‍ച്ചയുടെയും ക്രൂരതയുടെയും അനീതിയുടെയും കാരുണ്യരാഹിത്യത്തിന്റെയും ഒരു വര്‍ത്തമാനകാലത്തിലൂടെ ഇനിയും നമ്മളെങ്ങോട്ടാണ്…..? മനസ്സിനെ കുത്തിനോവിക്കുന്ന ഈ ചോദ്യത്തെ നമുക്ക് അവഗണിക്കാനാവില്ല.
മനുഷ്യരെ മുഴുവന്‍ വിഴുങ്ങാന്‍ പോരുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ വാര്‍ത്തകളിലെ തലക്കെട്ടാവുന്നത് നാം കണ്ടു. ഋതുക്കള്‍ക്ക് മുറ തെറ്റി, കാലവര്‍ഷത്തിന് വഴി തെറ്റി, കാവും കുളവും കരിഞ്ഞു, കനാലുകളില്‍ വെളളമൊഴിഞ്ഞു, ഒഴുകാന്‍ മറന്ന പോയ പുഴകളെ ആര്‍ത്തി വിഴുങ്ങി, കാട് അരിഞ്ഞു ആയിരകണക്കിന് കുന്നുകള്‍ ബലികൊടുക്കപ്പെട്ടു, ഉര്‍വ്വരമായ ഇത്തിരി കൃഷിഭൂമിയും നികത്തിയപ്പോള്‍ പത്തായപ്പുരയിലെ നെല്ലുമൊഴിഞ്ഞു. ഉരിയരിച്ചോറിനായി സ്വന്തം കതിര്‍പ്പാടംപോലും വില്‍ക്കേണ്ടി വന്ന ദരിദ്ര നാരായണന്മാര്. ‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദ’മായൊടുങ്ങിയ കര്‍ഷക ജീവിതങ്ങള്‍. . ക്യാന്‍സറും എയ്ഡ്സും ഹൈപ്പറെറ്റിസും പേര് കണ്ടെത്താത്ത മറ്റു പല രോഗങ്ങളും ആരോഗ്യരംഗത്ത് കടന്നുവന്ന് നമ്മളെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ക്ഷയത്തില്‍നിന്നും ‘പോളിയോ’വില്‍നിന്നും ഇപ്പോഴും നമുക്ക് പൂര്‍ണ്ണമോചനമായിട്ടില്ല.
വിശ്വാസങ്ങളിലും പാരമ്പര്യ പൈതൃക സമ്പന്നതയിലും പിറവിയെടുത്ത പരമ്പരാഗത ആഘോഷങ്ങള്‍ പോലും കച്ചവടക്കാര്‍ക്കുവേണ്ടി മാത്രമായിരിക്കുന്നു. ഏറ്റവും വലിയ ആഘോഷം ഏറ്റവും വലിയ കമ്പോളമായി. ആണ്ടറുതികളുടെ ആത്മപ്രകാശംപോലും കെട്ടുപോയി. വൃത്തികെട്ട രാഷ്ട്രീയ നാടകങ്ങള്‍ കാതലില്ലാത്ത ജാതി-മത-വര്‍ഗ സംഘര്‍ഷങ്ങള്‍ എല്ലാം നമ്മുടെ സ്വസ്ഥത കെടുത്തി. വിദ്യാഭ്യാസം എന്ന മഹത്തായ വിജ്ഞാന സംരംഭങ്ങളെ മത്സരിച്ച് നാം കച്ചവടം ചെയ്തു. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട മാധ്യമങ്ങള്‍ ‘വാണിഭ’ങ്ങളും ‘പീഡന’ങ്ങളും ആഘോഷിച്ചു. എന്നോ അകാലമൃത്യു വരിച്ചവന്റെ ശവശരീരങ്ങള്‍ ചരിത്രത്തിന്റെ മോര്‍ച്ചറികളില്‍ നിന്ന് വീണ്ടും വീണ്ടുമെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. മറ്റുളളവന്റെ സ്വകാര്യതയിലേയ്ക്കു പോലും ഒളിഞ്ഞുനോക്കി… റിയാലിറ്റിഷോകളും കോ-ഹാബിറ്റേഷനുകളും അരങ്ങുതകര്‍ത്തു.
തെളിഞ്ഞ പ്രകൃതി രമണീയമായ ഒരു സംസ്ക്കാരത്തിന്റെ കരുത്തില്‍ സുന്ദരമായ കേരളത്തിന്റെ മടിത്തട്ടിലിരുന്ന് ഈ നഷ്ടങ്ങളെ അളന്നെടുക്കാന്‍ ഒരു പക്ഷേ ജന്മാന്തരങ്ങളുടെ അളവുകോലുകള്‍ മതിവരില്ല.…മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിപ്പിക്കേണ്ട ഗുരുഭൂതന്മാരുടെ പീഡനകഥകളും കപട വിശ്വാസികളായ മതാധ്യക്ഷന്മാരുടെ കാരുണ്യം ലേശമില്ലാതെ പ്രസംഗങ്ങളും വേദനകളുടെയും ദുരിതങ്ങളുടെയും പ്രളയകാലത്ത് തരളിത പദങ്ങള്‍കൊണ്ട് കവിത രചിച്ച കാല്പനിക കവികളും, രക്തധമനികളില്‍ ചോരയോട്ടം നിലച്ച ബുദ്ധിജീവികളുടെ പ്രസ്താവനായുദ്ധങ്ങളും ഏറെ നാം കേട്ടു കഴിഞ്ഞിരിക്കുന്നു. വീറോടെ പ്രതികരിക്കേണ്ട തരുണ രക്തം ഉറച്ചു പോയിരിക്കുന്നു. വിപ്ലവ പാര്‍ട്ടികള്‍ പോലും അവരുടെ ആഘോഷ മഹാമഹങ്ങള്‍ക്ക് കോര്‍പ്പറേറ്റുകളുടേയും കള്ളപ്പണക്കാരുടേയും പരസ്യത്തിനായി പരക്കം പായുന്നു. ജനകീയ സമരങ്ങള്‍ പോലും സ്പോണ്‍സേര്‍ഡ് പരിപാടിയാവുന്നു. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന പഴമൊഴി നാം യാഥാര്‍ത്ഥ്യമാക്കുന്നു. നീതിയ്ക്കും അഹിംസയ്ക്കും നിലകൊണ്ട വൃദ്ധപിതാമഹന്റെ രക്തസങ്കീര്‍ത്തനങ്ങള്‍ നമ്മളെന്നേ മറന്നു കളഞ്ഞു. ആണ്ടിലൊരിക്കല്‍ ജനന മരണ ദിനങ്ങള്‍ക്ക് കലണ്ടറില്‍ നമ്മളവരെ ചോപ്പക്ഷരത്തില്‍ ബന്ധിച്ച് അവധി ആഘോഷിക്കുന്നു. ഇതൊന്നുമാലോചിക്കാതെ സച്ചിന് അവസാന റണ്‍സ് എടുക്കുന്നതും കാത്ത് ടിവിയ്ക്കു മുന്പില് നാം ഉറക്കം ഒഴിച്ചിരിക്കുന്നു. ആരുമൊന്നും സംഭവിപ്പിക്കുന്നില്ലെന്നും ഒന്നും തിരുത്തപ്പെടുന്നില്ലെന്നും നാം വേദനയോടെ അറിയുന്നു.
കരളിനെ കുത്തുന്ന ഒരായിരം ചോദ്യങ്ങളാണ് ഉയര്‍ന്നു പൊങ്ങുന്നത്. പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അവരെ പ്രസവിച്ച അമ്മമാരുടെ കണ്ണീരവഗണിക്കാനുളള ഹൃദയകഠിന്യം നമുക്കുണ്ടായതെങ്ങനെ….? സ്വന്തം അദ്ധ്യാപകന്റെ കുരുതിച്ചോരകൊണ്ട് സ്ളേറ്റ് മായ്ക്കാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിച്ചതാരാണ് ….? വയസ്സെണ്ണി വെട്ടി എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ നേതാക്കന്മാര് ക്വട്ടേഷന്‍ സംഘങ്ങളെ ഊട്ടി വളര്‍ത്തുന്നതെന്തു കൊണ്ടാണ്…? അധികാരത്തിന്റെ നിഗൂഢതകളില്‍ അഴിമതികളുടെ തേരോട്ടം നടത്തി ഒരു ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തെറിയപ്പെടുന്നതെന്തുകൊണ്ടാണ്? നൂറുകോടി ജനങ്ങള്‍ വെറും വയറുമായി ഉറങ്ങാന്‍ പോകുന്ന ഒരു ലോകത്ത് മേധാവിത്വം നേടുന്നതിനായി രാഷ്ട്രത്തലവന്മാര് തീ ബോംബുകള്‍ വര്‍ഷിക്കുന്നെതന്തുകൊണ്ടാണ്…? കൃഷിഭൂമി ഉണ്ടായിട്ടും കൃഷി ചെയ്യാന്‍ അറിഞ്ഞിട്ടും നാം കമ്പോള സംസ്ക്കാരത്തിന്റെയും ഉപഭോഗ സംസ്ക്കാരത്തിന്റെയും അടിമകള്‍ ആയത് എന്തുകൊണ്ടാണ് ? എന്തുകൊണ്ട് ജീവിതം ദുരിതപൂരിതവും ഒരു പീഡനവും ആകുന്നു..? നമ്മുടെ സ്വപ്നങ്ങള്‍ ഭീകരങ്ങളാകുന്നു…? എന്തുകൊണ്ട്…?
ചോദ്യങ്ങളുടെ മുനകൂര്‍ത്ത ശരങ്ങള്‍ക്ക് മുമ്പില്‍ ഉത്തരങ്ങളായി തെളിയുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥതയും ദുരാഗ്രഹവും തന്നെയാണ്. മൃഗതുല്യമായ ആവേശത്തോടെ പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നു. കിട്ടാവുന്നത് മുഴുവന്‍ വെട്ടിപ്പിടിക്കുവാനുളള തൃഷ്ണ നമ്മെ കീഴ്പ്പെടുത്തിയിരിക്കുന്നു.
‘വെട്ടുക മുറിയ്ക്കുക, പങ്കുവെയ്ക്കുക
ഗ്രാമം പത്തനം ജനപദമൊക്കെയും
കൊന്നും തിന്നും വാഴുക
പുലികളായ് സിംഹങ്ങളായും
മര്‍ത്യരാവുക മാത്രം വയ്യ
ജന്തുത ജയിയ്ക്കുന്നു.’
മലയാളത്തിന്റെ പ്രിയകവിക്കിങ്ങനെ ‘ഭൂമിയ്ക്കൊരു ചരമഗീതം’ കുറിക്കേണ്ടിവന്നു. നിസ്സഹായതയുടെയും വരണ്ട മൗനത്തിന്റെയും വത്മീകത്തിലേയ്ക്ക് ഒതുങ്ങുകയാണ് നമ്മള്. പീഡിപ്പിക്കപ്പെടുന്നത് തന്റെ പെങ്ങളല്ലല്ലോ, കൊല്ലപ്പെടുന്നത് എന്റെ ആരുമല്ലല്ലോ, അഗ്നി ബോംബുകള്‍ വീഴുന്നത് എന്റെ മണ്ണിലല്ലല്ലോ, തച്ചുടയ്ക്കപ്പെടുന്നത് തന്റെ സ്വപ്നങ്ങളല്ലല്ലോ എന്ന ചിന്തയും നിര്വികാരതയുമാണ് നമ്മെ ഭരിക്കുന്നത്. പക്ഷേ ഇന്നല്ലെങ്കില്‍ നാളെ ഈ ദുര്‍വിധി നമ്മളെയും വേട്ടയാടുമെന്ന് നാം അറിയുന്നില്ല. വിഷപ്പല്ലും നീട്ടിയ നാവുമായി അവ നമ്മുടെ കോലായിലും എത്തിയിരിക്കുന്നു. ഒടുവില്‍ ‘മനുഷ്യാ നീ ഒന്നുമല്ല’ എന്ന് ഓരോ ദുരന്തങ്ങളും നമ്മോട് പറഞ്ഞിട്ടും നാമൊന്നും പഠിച്ചില്ല. ദുരന്തത്തില്‍ മരിച്ചവരുടെ ചിതയ്ക്ക് തീ കൊളുത്തി കണ്ണീരോടെ കുഴിമാടത്തില്‍ ഒരു പിടി മണ്ണ് പ്രാര്‍ത്ഥിച്ചിട്ട് തിരികെ പോരുന്നതോടെ നാമെല്ലാം മറക്കുന്നു. സ്വാര്‍ത്ഥതയുടെ പഴയ കാലത്തിലേക്ക് നാം തിരിച്ചുപോകുന്നു.
എങ്കിലും ഓരോ പുതുവത്സരത്തിലും നമ്മള് നന്മആശംസിക്കാറുണ്ട്. കാരണം ലോകത്തില്‍ നാശത്തിന്റെ കൂത്താടികള്‍ വിരിഞ്ഞിറങ്ങുമ്പോഴും നമുക്ക് പ്രതീക്ഷയുണ്ട്. പ്രതീക്ഷകള്‍ കൈവിടാന്‍ നമുക്കാവില്ലല്ലോ. വിതയ്ക്കപ്പെട്ട വിത്തുകളും ഉച്ചരിക്കപ്പെട്ട വാക്കുകളും പാഴാവുന്നില്ല. പരിപാലിച്ചാല്‍ പടര്‍ന്ന് പന്തലിക്കുന്ന ഒരു സമ്പന്ന സംസ്ക്കാരത്തിന്റെ കേദാരമായ മണ്ണില്‍ ഇനിയും നന്മകളുടെ പൂക്കാലം ഉണ്ടാവുമെന്ന് നമ്മുക്കുറപ്പുണ്ട്. ആരൊക്കെ പരാക്രമത്തോടെ നശിപ്പിക്കാന്‍ ശ്രമിച്ചാലും നശിക്കില്ലെന്ന് വാശി പിടിക്കുന്ന ധാര്‍മ്മികമൂല്യങ്ങളുടെ കലവറയാണീ മണ്ണ്. ഇദം നമമ: ലോകായ സ്വാഹ;” (ഇതൊന്നും എനിക്ക് വേണ്ടിയല്ല എല്ലാം ലോകത്തിനു വേണ്ടി) എന്നുദ്ഘോഷിക്കുന്ന സംസ്കൃതി’പിറവിയെടുത്ത നാട്. കേരളവും മലയാളവും ഭാരതവും എവിടെയും തോല്‍ക്കപ്പെടാനുളളതല്ല ഉയിര്ത്തെഴുനേല്പ്പിന് സമയമായിരിക്കുന്നു.
കാലദേശാതിര്‍ കടന്ന് ഭാരതത്തിന്റെ ആത്മീയ സന്ദേശം ലോകത്തെത്തിച്ച സ്വാമി വിവേകാനന്ദന് ജനിച്ച മണ്ണില്‍ യുവാക്കള്‍ ഉയിര്ത്തെഴുന്നേല്ക്കാന് സമയമായിരിക്കുന്നു. ശക്തമായ തൂലികയുമായി എഴുത്തുകാര്‍ ഉണരണം. നീതിയുടെയും ധര്‍മ്മത്തിന്റെയും കര്‍മ്മപഥങ്ങള്‍ കാട്ടാന്‍ ഗുരുഭൂതന്മാരുണ്ടാവണം. ഭരിക്കപ്പെടുന്നവന്റെ സ്വപ്നങ്ങള്‍ക്ക് നിറം ചേര്‍ക്കുന്ന ഭരണാധികാരികളെയാണ് നമുക്കാവശ്യം. പ്രകൃതിയ്ക്കും മനുഷ്യനും ഉറങ്ങാതെ കാവലിരിക്കുന്ന ബുദ്ധിജീവികളുണ്ടാവണം.
ഒരമ്മയും കണ്ണീരണിയാത്ത, ഒരു കുഞ്ഞും വിശന്ന് കരയാത്ത, ഒരു പെങ്ങളും പീഡിപ്പിക്കപ്പെടാത്ത സര്‍വരും സുഖമോടിരിക്കുന്ന ലോകമായിരിക്കണം നമ്മുടെ സ്വപ്നം. അതാവണം നമ്മുടെ പുതുവര്‍ഷ പ്രതിജ്ഞ.
മണികണ്ഠന് പനങ്കാവില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: