ബെയ്ജിങ്: വിപ്ലവകരമായ മാറ്റങ്ങളുമായി ചൈന. ഒറ്റക്കുട്ടി നയത്തിന് ഇളവ് വരുത്തുന്ന പ്രമേയം ചൈനീസ് നിയമനിര്‍മാണ സമിതി പാസാക്കി. ദമ്പതികളില്‍ ഒരാള്‍ ഒറ്റക്കുട്ടിയാണെങ്കില്‍ അവര്‍ക്ക് രണ്ട് കുട്ടികള്‍ വരെയാകാമെന്നാണ് പുതിയ നിയമം.
ജനസംഖ്യ വര്‍ദ്ധിക്കുന്നത് തടയാന്‍ 1970ലാണ് ഒറ്റക്കുട്ടി നിയമം ചൈന പ്രാബല്യത്തില്‍ കൊണ്ടു വന്നത്. ആറ് ദിവസം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയാണ് പുതിയ പ്രമേയം പാസാക്കിയത്. ഒറ്റ കുട്ടി നയം ചൈനയുടെ ജനസംഖ്യ പിടിച്ചുനിര്‍ത്താന്‍ ഏറെ സഹായിച്ചെങ്കിലും അതിന് അനുവര്‍ത്തിച്ച നിയന്ത്രണങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കനത്ത പിഴയാണ് രണ്ടാമത്തെ കുട്ടിക്കുവേണ്ടി അടയ്ക്കേണ്ടിയിരുന്നത്. ഈ നയത്തില്‍ നിന്ന് ഗ്രാമങ്ങളിലെ ചില വിഭാഗങ്ങളേയും ഗോത്ര വിഭാഗങ്ങളേയും ഒഴിവാക്കിയിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ നയത്തെ രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ എക്കാലത്തും എതിര്‍ക്കുകയാണ് ചെയ്തിരുന്നത്. ഒറ്റ കുട്ടി നയപ്രകാരം നഗരവാസികളായ ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളൂ. ഗ്രാമവാസികളും ഇത് പാലിക്കണം. എന്നാല്‍ ഗ്രാമവാസികളായവരുടെ ആദ്യകുഞ്ഞ് പെണ്‍കുട്ടിയാല്‍ രണ്ടാമതും ഒരു കുഞ്ഞ് ആവാമെന്ന് നിയമം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: