മെല്‍ബണ്‍: ആഷസ് പരമ്പര കൈവിട്ട ഇംഗ്ലണ്ടിന്റെ മാനംകാക്കല്‍ ശ്രമങ്ങള്‍ ഫലവത്താകുന്ന ലക്ഷണമില്ല. ബോക്സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് 6ന് 226 എന്ന നിലയില്‍. കെവിന് പീറ്റേഴ്സന്റെ (67 നോട്ടൗട്ട്) പ്രകടനമാണ് സന്ദര്‍ശകരെ താങ്ങിനിര്‍ത്തിയത്. ടിം ബ്രസ്നന് (1) കെപിക്കു കൂട്ടായി ക്രീസിലുണ്ട്. മെല്‍ബണിലെ നിറഞ്ഞ ഗ്യാലറി ലോക റെക്കാര്‍ഡായി മാറുന്നതു കണ്ടുകൊണ്ടാണ് ഓസ്ട്രേലിയന്‍ ടീം കളത്തിലിറങ്ങിയത്. 91,092 പേര് നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം കളികാണാനെത്തി. ടെസ്റ്റ് ക്രിക്കറ്റിന് ചരിത്രത്തില്‍ ആദ്യമായാണ് പ്രഥമദിനം ഇത്രയും കാണികളെത്തുന്നത്. ആരാധകരെ ഓസ്ട്രേലിയന്‍ ടീം നിരാശപ്പെടുത്തിയുമില്ല. എതിരാളികളുടെമേല്‍ ആധിപത്യം ഉറപ്പിച്ചുതന്നെ കങ്കാരുക്കള്‍ കരകയറി.
ടോസ് നേടിയ മൈക്കല്‍ ക്ലാര്‍ക്ക് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനു വിളിച്ചു. ഇംഗ്ലീഷ് പടയ്ക്കു ഭേദപ്പെട്ട തുടക്കം നല്കാന് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിനും മൈക്കല്‍ കാര്ബറിക്കും കഴിഞ്ഞു. ഒന്നാം വിക്കറ്റില്‍ ഇരുവരും 48 റണ്‍സ് ചേര്‍ത്തു. കുക്കിനെ (27) ക്ലാര്‍ക്കിന്റെ കൈകളില്‍ എത്തിച്ച് പീറ്റര്‍ സിഡിലാണ് വേട്ടയാരംഭിച്ചത്. ആറു ബൗണ്ടറികളടക്കം 38 റണ്‍സ് നേടിയ കാര്ബറിയെ ഷെയ്ന് വാട്സന് ബൗള്‍ഡാക്കി. ജോ റൂട്ടിനെ (24) റ്യാന്‍ ഹാരിസിന്റെ പന്തില്‍ ബ്രാഡ് ഹാഡിന് ഗ്ലൗസിലൊതുക്കുമ്പോള് ഇംഗ്ലണ്ടിന്റെ സ്കോര്‍ നൂറു കടന്നതെ ഉണ്ടായിരുന്നുള്ളു. ഇയാന്‍ ബെല്ലും (27) പീറ്റേഴ്സനും 67 റണ്‍സിന്റെ സഖ്യമുണ്ടാക്കി. ബെല്ലിനെയും ഹാരിസ് തിരിച്ചയച്ചു. ഇതിനിടെ ടെസ്റ്റില്‍ ഈ വര്‍ഷം 1000 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെയാളായി ബെല്‍ മാറി..ഒരു ഘട്ടത്തില്‍ 4ന് 200 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ബെന്‍ സ്റ്റോക്സിനും (14) ജോണി ബെയര്‍സ്റ്റോയെയും കൂടാരം കയറ്റി മിച്ചല്‍ ജോണ്സന് ഓസീസിന് മുന്‍തൂക്കം നല്കി.
ഭാഗ്യത്തിന്റെ സഹായത്തോടെ ഒരു വശംകാത്ത പീറ്റേഴ്സന് നാലു ബൗണ്ടറികളും ഒരു സിക്സറും കുറിച്ചിട്ടുണ്ട്. വ്യക്തിഗത സ്കോര്‍ 6ലും 41ലും നില്‍ക്കെ പീറ്റേഴ്സനെ ഓസ്ട്രേലിയന്‍ ഫീല്‍ഡര്‍മാര്‍ കൈവിട്ടിരുന്നു. ഹാരിസും ജോണ്‍സനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: