ഓക്ലാന്റ്: ന്യൂസിലാന്റ് പര്യടനത്തിലെ കന്നി ജയത്തിനായുള്ള വെസ്റ്റിന്‍ഡീസിന്റെ കാത്തിരിപ്പിന് വിരാമം. ആദ്യ ഏകദിനത്തില്‍ കരീബിയന്‍പട കിവികളെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ന്യൂസിലാന്റ് മുന്നില്‍വച്ച 157 റണ്‍സിന്റെ ലക്ഷ്യം 27.3 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി വിന്‍ഡീസ് മറികടന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ഡാരെന്‍ സമ്മി (27 പന്തില്‍ 43 നോട്ടൗട്ട്) നടത്തിയ പോരാട്ടമാണ് സന്ദര്‍ശര്‍ക്ക് ആവേശോജ്ജ്വല ജയമൊരുക്കിയത്. സമ്മി അഞ്ച് ഫോറുകളും മൂന്നു സിക്സറുകളും പറത്തി. സ്കോര്‍: ന്യൂസിലാന്റ്- 156 (42.1 ഓവര്‍). വിന്‍ഡീസ്-8ന് 157 (27.3). സമ്മി കളിയിലെ കേമന്‍.
ആദ്യം ബാറ്റ് ചെയ്ത ബ്ലാക്ക് ക്യാപ്സിനെ തകര്‍ത്തത് ഡ്വെയ്ന്‍ ബ്രാവോയുടെയും രവി രാംപോളിന്റെയും ഉശിരന്‍ പന്തേറായിരുന്നു. രണ്ടു വിക്കറ്റ് വീഴ്ത്തിയ രാംപോള്‍ ന്യൂസിലാന്റ് മുന്‍ നിരയെ വിറപ്പിച്ചു. നാലു വിക്കറ്റുകള്‍ കൊയ്ത ബ്രാവോ എതിരാളികളെ തിരിച്ചുവരവിന് അനുവദിച്ചില്ല. ജാസന്‍ ഹോള്‍ഡറും രണ്ട് ഇരകളെ കണ്ടെത്തി. കിവി ബാറ്റ്സ്മാന്മാരില് മക്കുലം സഹോദരങ്ങള്‍ മാത്രമെ ചെറുത്തു നിന്നുള്ളു. ബ്രണ്ടന്‍ 51ഉം നതാന്‍ 47 റണ്‍സ് വീതമെടുത്തു. മറുപടിക്കിറങ്ങിയ വിന്‍ഡീസിനെ ഇടംകൈയന്‍ പേസില്‍ മിച്ചല്‍ മക്ക്ലനാഗന്‍ അഞ്ച് വിക്കറ്റുകളുമായി വിരട്ടി.
ജോണ്സന് ചാള്‍സ് (9), കെയ്റോണ്‍ പവല്‍ (4), ഡാരെന്‍ ബ്രാവോ (14), ഡ്വെയ്ന്‍ ബ്രാവോ (12) ദിനേശ് രാംദിന് (2) എന്നിവര്‍ മക് ക്ലനാഗന് ഇരയായി. എന്നാല്‍ സമ്മിയുടെ പോരാട്ട വീര്യത്തെ മറികടക്കാന്‍ ന്യൂസിലാന്റിനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: