പത്തനംതിട്ട: ബസ് സ്റ്റാന്‍ഡില്‍ നിറുത്തിയിട്ടിരുന്ന ഒമ്പത് ബസുകള്‍ സാമൂഹ്യവിരുദ്ധര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ച് തിരുവല്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ഇന്ന് പുലര്‍ച്ചെയാണ് ബസുകളുടെ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്തത്.
ക്രിസ്തുമസ് അവധിയായതിനാല്‍ ബസ് സ്റ്റാന്‍ഡില്‍ രാത്രി ജീവനക്കാരോ കാവല്ക്കാരോ ഉണ്ടായിരുന്നില്ല. രാവിലെ തൊഴിലാളികള്‍ സ്റ്റാന്‍ഡില്‍ വന്നപ്പോഴാണ് ബസുകള്‍ തകര്‍ത്തതായി കണ്ടെത്തിയത്. വ്യാഴാഴ്ച വെളുപ്പിന് ഒരു മണിക്കുശേഷമാണ് സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
മൂന്നംഗ സംഘമാണ് അക്രമണം നടത്തിയതെന്നാണ് സൂചന. എഴ് ബസ്സുകള്‍ പൂര്‍ണ്ണമായും രണ്ട് ബസുകള്‍ ഭാഗികമായുമായിട്ടും തകര്‍ന്നിട്ടുണ്ട്. ബസിന്റെ ചില്ല് തകരുന്ന ശബ്ദം കേട്ട് ബസ്സ് ജീവനക്കാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ക്രിസ്തുമസ് ആഘോഷത്തിനെത്തിയ മദ്യപ സംഘമായിരിക്കും അക്രമണത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്. തിരുവല്ല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: