ന്യൂയോര്‍ക്ക്: ഇന്ത്യ അമേരിക്ക ബന്ധത്തില്‍ വന്‍ വിള്ളല്‍ വീഴ്ത്തിയ ദേവയാനി സംഭവത്തിലെ മഞ്ഞ് ഉരുകിയിട്ടും കര്‍ക്കശ നിലപാട് തുടരുകയാണ് ഇന്ത്യ. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ഡിപ്ലോമാറ്റിക് സൗകര്യങ്ങള്‍ വെട്ടിക്കുറച്ച നിലപാടില്‍ ഉറച്ച് നില്ക്കുന്ന ഇന്ത്യ ഇപ്പോള്‍ തേടുന്നത് സംഗീതയുടെ കാര്യത്തില്‍ അമേരിക്ക ഇത്രയധികം താല്‍പ്പര്യം കാട്ടിയതിന്റെ കാരണം കണ്ടെത്താനാണ്.
സംഗീതയുടെ ഭര്‍ത്താവിനും മകള്‍ക്കും ടിക്കറ്റ് എടുത്ത് നല്‍കിയത് അമേരിക്കന്‍ എംബസ്സിയാണ് എന്ന് വ്യക്തമായതോടെ ഇതിന്റെ പിന്നിലുള്ള കാരണം കണ്ടെത്തുമെന്ന് ഉറച്ച് തന്നെയാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യ നിലപാട് കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്കു പ്രത്യേക ഇളവുകള്‍ നല്കുന്നതിനു നല്കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരികെവാങ്ങി. സംഗീതയുടെ ഭര്‍ത്താവ് ഫിലിപ്പിനും രണ്ടു മക്കള്‍ക്കുമുള്ള ടിക്കറ്റ് എടുത്തുകൊടുത്തത് യു.എസ്. എംബസിയാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ഈ നടപടി.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരികെ നല്കാന് ഇന്ത്യ തിങ്കളാഴ്ച്ചവരെ സമയം നല്‍കിയിരുന്നു. ഇതിനു മുമ്പ് അമേരിക്കന്ഉദ്യോഗസ്ഥര് നടത്തുന്ന ചെറിയ ചെറിയ പിഴവുകള്‍ക്ക് നടപടിയെടുത്തിരുന്നില്ലെന്നും ഇനിമുതല്‍ അറസ്റ്റ് വരെ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറിയിച്ചു.
ന്യൂദല്‍ഹിക്കു പുറമേ, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും യു.എസിനു കോണ്സിലേറ്റുകളുണ്ട്. ഇവയ്ക്കു നല്‍കിയിരുന്ന സുരക്ഷ നേരത്തേ തന്നെ എടുത്തുമാറ്റിയിരുന്നു. ഉദ്യോഗസ്ഥരുടെ ശബളത്തെക്കുറിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടാക്സ് നിയമം അനുസരിച്ച് ഇവ പരിശോധിക്കുമെന്നും ഇന്ത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: