ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ ഒരുകാലത്തെ സ്ഥിരം സാന്നിധ്യമായിരുന്നു ജര്‍മ്മന്‍ ഇതിഹാസം ലോതര്‍ മത്തേവൂസ്. കപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള താരങ്ങളിലൊരാളുടെ കൂട്ടത്തിലും അദ്ദേഹത്തെ പ്രതിഷ്ഠിക്കാം. സ്വീപ്പര്‍ ബാക്ക്, മിഡ്ഫീല്‍ഡ് പൊസിഷനുകളില്‍ മിന്നിത്തിളങ്ങിയ മത്തേവൂസിന്റെ പേരില്‍ ഒരു റെക്കോര്‍ഡുണ്ട്, ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ കളിക്കാരനെന്ന പെരുമ. 1982, 86, 1990, 94, 98 ലോകകപ്പുകളിലായി മത്തേവൂസ് കളിച്ചത് 25 മത്സരങ്ങളില്‍. 90ല്‍ ടീമിന് കിരീടം നേടിക്കൊടുക്കാനും മത്തേവൂസിലെ പ്രതിഭയ്ക്കു കഴിഞ്ഞു.
1982ല്‍ ചിലിക്കെതിരായ കളിയിലൂടെയായിരുന്നു മത്തേവൂസ് ലോകകപ്പ് കളത്തില്‍ കാലെടുത്തുവച്ചത്. ജര്‍മ്മനി 4-1ന് ജയിച്ച കളിയില്‍ പകരക്കാരന്റെ റോളില്‍ ലോതര്‍ വന്നു. സ്പെയിന് അരങ്ങൊരുക്കിയ ആ ലോകകപ്പിലെ ഒരു മത്സരത്തില്‍ക്കൂടി പകരക്കാരന്റെ വേഷത്തില്‍ മത്തേവൂസ് കളിച്ചു. ഫൈനലില്‍ ജര്‍മ്മനി ഇറ്റലിയോട് 3-1ന് തോറ്റു. റണ്ണേഴ്സ് അപ്പിന്റെ മെഡല്‍ വാങ്ങിയവരുടെ കൂട്ടത്തില്‍ മത്തേവൂസ് ഉണ്ടായിരുന്നില്ല.
84ല്‍ സൂപ്പര്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയ മത്തേവൂസ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ബയേണിനെ രണ്ട് തവണ ലീഗ് ചാമ്പ്യന്മാരാക്കി; ഒരു തവണ ലീഗ് കപ്പും നേടിക്കൊടുത്തു. 86ലെ മെക്സിക്കോ ലോകകപ്പില്‍ മത്തേവൂസ് ഇല്ലാത്ത ടീമിനെക്കുറിച്ച് ജര്‍മ്മനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ലോകകപ്പിലെ ആദ്യ റൗണ്ടുകള്‍ ആധികാരികമാക്കാന്‍ ജര്‍മ്മനിക്കായില്ല. എങ്കിലും അവര്‍ പ്രയാണം തുടര്‍ന്നു. പ്രീ-ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ വലയില്‍ പന്തെത്തിച്ച മത്തേവൂസായിരുന്നു ജര്‍മ്മനിയുടെ വിജയശില്‍പ്പി. മെക്സിക്കോയെയും ഫ്രാന്‍സിനെയും വീഴ്ത്തി ജര്‍മ്മനി ഫൈനലില്‍ ഇടംഉറപ്പിക്കുകയും ചെയ്തു. അര്‍ജന്റീനയുമായുള്ള കലാശക്കളിയില്‍ സാക്ഷാല്‍ ഡീഗോ മറഡോണയെ പൂട്ടാന്‍ മത്തേവൂസ് നിയോഗിക്കപ്പെട്ടു.
പക്ഷേ, ചെറു ചലനങ്ങളിലൂടെപ്പോലും പ്രതിരോധനിരയെ ഛിന്നഭിന്നമാക്കിയ ഡീഗോ ലോതറിനെയും ജര്‍മ്മനിയെയും തോല്‍പ്പിച്ച് കിരീടം അര്‍ജന്റീനക്ക് സമ്മാനിച്ചു. തുടരെ രണ്ടാം തവണയും റണ്ണേഴ്സ് അപ്പായി ജര്‍മ്മനി നാട്ടിലേക്കു മടങ്ങി. 90ല്‍ മത്തേവൂസ് ഏല്ലാത്തിനും കണക്കുതീര്‍ക്കുക തന്നെചെയ്തു. നാലു ഗോളുകള്‍ കുറിച്ച അദ്ദേഹം ജര്‍മ്മനിയെ കലാശക്കളത്തില്‍ എത്തിച്ചു. വീണ്ടും മുന്നില്‍ മറഡോണയുടെ അര്‍ജന്റീന. ഇത്തവണ ജര്‍മ്മനിയെ തടയാന്‍ ഡീഗോ ട്രിക്കുകള്ക്കായില്ല. ആന്ദ്രിയാസ് ബ്രെമെയുടെ ഗോളിന്റെ ബലത്തില്‍ ജര്‍മ്മനി മധുരപ്രതികാരംവീട്ടി കപ്പ് കൈപ്പിടിയില്‍ ഒതുക്കി.
94-ല്‍ ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയോട് തോറ്റ ജര്‍മ്മനി പുറത്തായി. അമേരിക്കന്‍ ലോകകപ്പിലെ ഈ കളിയില്‍ മത്തേവൂസ് സ്വന്തം നാട്ടുകാരനായ ഉവ് സീലര്‍, വ്ലാഡിസാവ് മുഡ (പോളണ്ട്), മറഡോണ (21 മത്സരങ്ങള്‍ വീതം) എന്നിവര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ ലോകകപ്പ് ക്യാപ്പുകള്‍ എന്ന റെക്കോര്‍ഡിലെത്തി. 98-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ മത്തേവൂസ് കളിക്കാനുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാല്‍ മത്യാസ് സാമറിന്റെ പരുക്ക് ലോതറിന് ടീമില്‍ ഇടം നേടിക്കൊടുത്തു. യൂഗോസ്ലാവ്യയുമായുള്ള മത്സരത്തിലൂടെ മത്തേവൂസ് റെക്കോര്‍ഡ് സ്വന്തം പേരില്‍ മാത്രമാക്കി മാറ്റി. ഒടുവില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയ്ക്ക് മുന്നില്‍ ജര്‍മ്മനി മുട്ടുകുത്തുമ്പോഴേക്കും 25 ലോകകപ്പ് മത്സരങ്ങളെന്ന അതുല്യ സംഖ്യയില്‍ മത്തേവൂസ് എത്തിച്ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: