ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ആഴ്സണല്‍ പോരാട്ടം സമനിലയില്‍. ഇതോടെ ആഴ്സണല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ലിവര്‍പൂളാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.ആദ്യ പകുതിയില്‍ നീലപ്പടയുടെ മുന്നേറ്റമായിരുന്നു. ഗോളെന്നുറപ്പിച്ച ഫ്രങ്ക് ലംപാര്‍ഡിനെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി പുറത്തേക്കു പോയത് ചെല്‍സിക്ക് തിരിച്ചടിയായി.
തിയോ വാല്‍ക്കോട്ടിനെ ചെല്‍സി മധ്യനിരതാരം വില്യന് ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി അനുവദിക്കാഞ്ഞത് ആഴ്സണല്‍ താരങ്ങളെ ക്ഷുഭിതരാക്കി. ഇതടക്കം നിരവധി ഫൗളുകള്‍ക്ക് എമിറേറ്റ്സ് സ്റ്റേഡിയം സാക്ഷിയായി. അവസാന മിനിറ്റുകളില്‍ മികച്ച രണ്ട് അവസരങ്ങള്‍ ആഴ്സണല്‍ താരങ്ങള്‍ നഷ്ടപ്പെടുത്തി. ഗിറൗഡിന്റെ മികച്ചൊരു ഷോട്ട് ചെല്‍സി ഗോളി തടഞ്ഞിട്ടു.
സാഗ്നയുടെ ഹെഡര്‍ അസ്പിലിക്യൂട്ട തടുത്തിട്ടതോടെ അവസരങ്ങള്‍ക്ക് വിരാമമായി.ചെല്‍സിയുടെ ഫ്രങ്ക് ലംപാര്‍ഡും ഒളിവര്‍ ഗിറൗഡും അവസരങ്ങള്‍ തുലച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള അവസരം ഇരു ടീമുകള്‍ക്കും നഷ്ടമായത്. മത്സരം ജയിച്ചിരുന്നെങ്കില്‍ ലിവര്‍പൂളിനെയും മറികടന്ന് ആഴ്സണലിന് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞേനെ.
36 പോയിന്റോടെ ലിവര്‍പൂളിനൊപ്പം എത്തിയെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ലിവര്‍പൂളാണ് മുന്നില്‍. ലീഗില്‍ ലിവര്പൂളിനൊപ്പമെത്താനുള്ള അവസരമാണ് മൗറീഞ്ഞോയുടെ ടീം കളഞ്ഞു കുളിച്ചത്.ജോസ് മൗറീഞ്ഞോയുടെ കീഴില്‍ വെഞ്ചറിന്റെ ആഴ്സണലിനെതിരെ പത്താം മത്സരത്തിനാണ് ചെല്‍സി ഇറങ്ങിയത്.
ഇതുവരെ മൗറീഞ്ഞോയ്ക്കെതിരെ ഒരു മത്സരം പോലും വിജയിക്കാന്‍ വെഞ്ചറിന് കഴിഞ്ഞിട്ടില്ല. സമനിലയോടെ ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്തെത്തി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ആഴ്സണല്‍ വെസ്റ്റ്ഹാമിനെയും ചെല്‍സി സ്വാന്‍സിയ സിറ്റിയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: