മീനങ്ങാടി: സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ ഗ്രൂപ്പ് ബി സെമിഫൈനിലില്‍ കൊച്ചി സെന്‍ട്രല്‍ എക്സൈസ് ഇന്ന് രാത്രി ഏഴിന് തിരുവനന്തപുരം എസ് ബിടിയെ നേരിടും. കലാശക്കളിയില്‍ ബി ഗ്രൂപ്പില്‍നിന്ന് ആര് എന്ന ചോദ്യത്തിനു ഉത്തരംതേടി ആയിരങ്ങള്‍ ഇന്ന് ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയത്തിലെ ഗാലറിയിലെത്തും.
സന്തോഷ്ട്രോഫി താരം വീനീത് ആന്റണി നയിക്കുന്ന സെന്‍ട്രല്‍ എക്സൈസ് പ്രീ ക്വാട്ടറില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനു ബത്തേരി ഫ്രന്റ്ലൈനിനെയും ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തിരുവനന്തപുരം ടൈറ്റാനിയത്തേയും മറികടന്നാണ് സെമിയില്‍ എത്തിയത്. ടൈറ്റാനിയവുമായുള്ള കളിയില്‍ കേമന്‍പട്ടം ചൂടിയ എന്‍.എം. അനൂപാണ് എക്സൈസിന്റെ ഗോള്‍ കീപ്പര്‍. ടീമിന്റെ പരിശീലകനുമായ ബിജേഷ്ബെന്, ഡി.സജിന്‍, സി.ടി.അല്ബിന്, റമീസ്, എം.കെ.സുനില്‍, സുബീഷ്, മാത്യൂസ് പൗലോസ്, കെ.മുനീര്‍, റോഹന്‍ എന്നിവര്‍ എക്സൈസ് നിരയിലെ പ്രമുഖരാണ്.
ആക്മെ തൃക്കരിപ്പൂരിനോടായിരുന്നു അബ്ദുല്‍ നൗഷാദ് അമരംപിടിക്കുന്ന ബാങ്ക് ടീമിന്റെ പ്രീ ക്വാര്‍ട്ടര്‍ വിജയം. അഞ്ച് ഗോളാണ് കാസര്‍കോട് ജില്ലാ ചാമ്പ്യനായ തൃക്കരിപ്പൂരിന്റെ വലയില്‍ എസ്ബിടി അടിച്ചുകയറ്റിയത്. ക്വാര്‍ട്ടറില്‍ രണ്ടിനെതിരെ ആറ് ഗോളിന് എസ്ബിടി കീഴടക്കിയത് എറണാകുളം ഗോള്‍ഡന്‍ ത്രെഡ്സിനെ.
പി.ഉസ്മാന്, എം.ഡി. അസ്ലം എന്നീ സന്തോഷ്ട്രോഫി താരങ്ങള്‍ എസ്ബിടി മുന്നേറ്റനിരയിലെ കരുത്തരാണ്. പി.വി. ഷാജിയുടെ ശിക്ഷണത്തിലുള്ള ബാങ്ക് ടീമിലെ എസ്.ലിജോ, വയനാട്ടുകാരനുമായ പി.എം. ഷജീര്‍, ആര്. പ്രസൂണ്‍ എന്നിവര്‍ അണ്ടര്‍-21 സംസ്ഥാന താരങ്ങളാണ്. ടി. സജിത്, എന്‍. ജോണ്സന്, സുമേഷ്, ഷിബിന്‍ ലാല്‍, റോബിന് രാജു, മാത്യൂസ്. കെ. ജോര്‍ജ്, ആസിഫ് സഹീര്‍, എം.ഡി. അസ്ലം, മാര്ട്ടിന് ജോണ്‍, ഫൈസല്‍ റഹ്മാന് എന്നിവരും ടീമിലുണ്ട്. സന്തോഷ്ട്രോഫിയില്‍ കേരളത്തിനുവേണ്ടി കളത്തില്‍ ഇറങ്ങിയിട്ടുള്ളവരാണ് ഇവരില്‍ ഏറെയും. എന്‍.കെ.നൗഫലും ജീന്‍ ക്രിസ്റ്റിനുമാണ് ക്ലബ്ബ് ഫുട്ബാളില്‍ നിലവിലെ രണ്ടാംസ്ഥാനക്കാരായ എസ് ബിടിയുടെ ഗോള്‍ കീപ്പര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: