ബാങ്കോക്ക്: തായ്ലന്റ് പ്രധാനമന്ത്രി യിങ്ങ്ലക്ക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതുടര്‍ന്ന് രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയവര്‍ പിരിഞ്ഞുപോയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി ബഹ്ഷിക്കരിക്കുമെന്ന് അറിയിച്ചതിനെതുടര്‍ന്നാണ് പതിനായിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫെബ്രുവരി രണ്ടിനാണ് തായ്ലന്റില് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ ഷിനവത്രയുടെ കുടുംബത്തിന്റെ സ്വാധീനം ഉപയോഗിച്ച് അതിനെ ഇല്ലാതാക്കുമെന്നും പ്രതിഷേധകര്‍ പറഞ്ഞു.
ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവിലാണ് പ്രധാനമന്ത്രി ഷിനവത്രെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തായ്ലന്റിലെ ഏറ്റവും പഴയ പാര്‍ട്ടിയായ ഡെമോക്രാറ്റ് പാര്‍ട്ടിയാണ് മുഖ്യ പ്രതിപക്ഷം. രാജത്തെ ജനാധിപത്യ സംവിധാനം തകര്ന്നൂവെന്നാരോപിച്ച പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും വ്യക്തമാക്കി. യിങ്ങ്ലക്കിന്റെ പോ തായ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ കാരണമെന്ന് ഭരണകക്ഷി ആരോപിച്ചു.
ഇന്നലെ ഷിനവത്രയുടെ വീടിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധകര്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: