മുംബൈ: പ്രതിരോധവകുപ്പിന്റെ കീഴില്‍ നടന്ന ഫ്ലാറ്റ് കുംഭകോണം അന്വേഷിക്കുന്ന സിബിഐക്കും ആശങ്ക. കുംഭകോണത്തിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്.
മുന്‍ മുഖ്യമന്ത്രിമാരായ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും മുതിര്‍ന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികളായ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെയും പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയായ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചിട്ട് സംസ്ഥാന ഗവര്‍ണര്‍ കെ.ശങ്കരനാരായണന് അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണത്തെ സര്‍ക്കാര്‍ നിലപാട് എങ്ങനെ ബാധിക്കുമെന്നതാണ് സിബിഐ ആശങ്ക.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി ചോദിച്ചിട്ട് ഒരു വര്‍ഷമായെങ്കിലും ലഭിച്ചിട്ടില്ല. അതിനിടയിലാണ് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
സിബിഐ അന്വേഷണ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുമോ നിരസിക്കുമോ എന്ന കാര്യത്തില്‍ പ്രശ്നമില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാതെ പ്രോസിക്യൂഷന് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാവുമോ എന്ന ആശങ്കയാണ് സിബിഐക്ക്.
അതേസമയം, വരുന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വന്‍ ദുരന്തമായിരിക്കും ആദര്‍ശ് കുംഭകോണ വിഷയമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് കരുതുന്നുണ്ട്. പക്ഷേ, വിഷയം ഒരു രാഷ്ട്രീയ ചര്‍ച്ചയാകാതിരിക്കാന്‍ ശ്രമിക്കുകയാണദ്ദേഹം. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണ വിഷയത്തോട് തീരെ “അസംതൃപ്തികരമായ സംഭവ”മെന്നു മാത്രമാണ് ചവാന് പ്രതികരിച്ചത്. ചവാന് ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ സര്‍ക്കാര്‍ നടപടിയോടെ കുറ്റക്കാരെ രക്ഷിക്കാന്‍ ചവാന് കൂട്ടുനിന്നു എന്ന ആക്ഷേപം ഉയരും. അതൊഴിവാക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍ ചവാന്. “സംഭവിച്ചത് സംഭവിച്ചു. എനിക്കറിയില്ല റിപ്പോര്‍ട്ട് തള്ളിയതിന്റെ പ്രതികരണം എന്താകുമെന്ന്. പക്ഷേ റിപ്പോര്‍ട്ട് തള്ളാന്‍ തീരുമാനിച്ചത് മന്ത്രിസഭയാണ്. കോടതിയിലുള്ള ആദര്‍ശ് കേസുകള്‍ തുടരും,” ചവാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിയമസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ചവാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: