ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ കിഷന്‍ഗംഗ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഇന്ത്യക്ക് അനുമതി. പാക്കിസ്ഥാന്റെ എതിര്‍പ്പിനെ പിന്തളളിയാണ് ഡാമിന്റെ നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഹേഗിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയുടേതാണ് അനുമതി.
പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കിക്കൊണ്ട് ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ കോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കോടതി അന്തിമ ഉത്തരവ് പുറപ്പപ്പെടുവിച്ചത്. നിലവിലെ ഒഴുക്കിന്റെ ദിശയ്ക്ക് തടസം വരുത്താതെ നദിയില്‍ എല്ലായ്പ്പോഴും ഒമ്പത് ഘന അടി വെള്ളം നിര്‍ത്തുന്ന തരത്തിലായിരിക്കണം പദ്ധതിയുടെ നിര്‍മ്മാണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. നദിയുടെ ഒഴുക്ക് ദിശ തിരിച്ചുവിടുകയാണെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കരാറിന്റെ ലംഘനമാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന് കോടതിയെ സമീപിച്ചത്. നദിയുടെ ഒഴുക്ക് വഴിതിരിച്ചു വിടുന്ന പദ്ധതി അനുവദിക്കരുതെന്നും നദിയിലെ ജലത്തിന്റെ അളവ് 100 ഘന അടി ആയി നിലനിര്‍ത്തണമെന്നും പാക്കിസ്ഥാന് ആവശ്യപ്പെട്ടിരുന്നു.
3600 കോടി ചെലവ് കണക്കാക്കുന്ന 330 മെഗാ വാട്ട് ഉല്‍പ്പാദനം ലക്ഷ്യമിടുന്ന പദ്ധതിയാണ് കിഷന്‍ഗംഗ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: