മാറാക്കേഷ് (മൊറോക്കോ): ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക്കിന് ക്ലബ് ലോകകപ്പ് കിരീടം. ഫൈനലില്‍ മൊറാക്കോ ചാമ്പ്യന്മാരായ രാജാ കാസബ്ലാങ്കയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ബയേണ്‍ ലോക ക്ലബ് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യപകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ആദ്യ 22 മിനിറ്റിനിടെയാണ് രണ്ട് ഗോളുകളും രാജാ കാസബ്ലാങ്ക വഴങ്ങിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ജര്‍മ്മന്‍ കപ്പ്, ജര്‍മ്മന്‍ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് ഈ വര്‍ഷം ക്ലബ് ലോകകപ്പിന് പുറമെ പെപ് ഗ്വാര്‍ഡിയോളയുടെ ബയേണ്‍ സ്വന്തമാക്കിയത്. ജര്‍മ്മന്‍ ടീമിനിത് കന്നിലോകക്കിരീടമാണെങ്കിലും, കോച്ച് ഗ്വാര്‍ഡിയോള 2009, 2011 സീസണുകളില്‍ ബാഴ്സലോണക്കൊപ്പം ക്ലബ് ലോകജേതാക്കളായിരുന്നു.
ഫൈനലില്‍ ഏഴാം മിനിറ്റില്‍ ഡാന്റെയും ഇരുപത്തി രണ്ടാം മിനിറ്റില്‍ തിയാഗോ അലക്സാന്ദ്രയുമായിരുന്നു ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്. ലോകകപ്പ് സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ ടീമാണ് ബയേണ്‍. മത്സരത്തിലുടനീളം സമ്പൂര്‍ണ്ണ ആധിപത്യമാണ് ബയേണ്‍ പുലര്‍ത്തിയത്. 75 ശതമാനവും പന്ത് നിയന്ത്രിച്ച ബയേണിന് ഏഴ് കോര്‍ണറുകള്‍ ലഭിച്ചു.
കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ബയേണിന്റെ ആദ്യഗോള്‍ പിറന്നത്. പെനാല്‍റ്റി ബോക്സിലേക്ക് ഉയര്‍ന്നു വന്ന പന്ത് ജെറോം ബോട്ടെങ്ങ് ഹെഡ് ചെയ്തു. കിട്ടിയത് ഡാന്റെയുടെ കാലില്‍. പെനാല്‍റ്റി ബോക്സിന് മധ്യത്തില്‍ നിന്നുള്ള ഡാന്റെയുടെ വലം കാലനടി എതിരാളികളുടെ ഗോള്‍ പോസ്റ്റിന്റെ വലത്തേ മൂലയില്‍ വിശ്രമിച്ചു.
ഡേവിഡ് ആല്‍ബയുടെ പാസില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍ പിറന്നത്. ആല്‍ബയുടെ പാസ് വലത് കാലില്‍ സ്വീകരിച്ച തിയാഗോ അലക്സാന്ദ്ര ഉശിരനൊരു ഷോട്ടിലൂടെ മൊറോക്കന്‍ ക്ലബ്ബിന്റെ നെറ്റ് തുളയ്ക്കുകയായിരുന്നു.
തോല്‍വിയോടെ കപ്പ് സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കന്‍ ജേതാക്കളെന്ന നേട്ടം സന്തമാക്കാമെന്ന മൊറോക്കന്‍ ചാമ്പ്യന്മാരുടെ മോഹമാണ് ബയേണ്‍ തകര്‍ത്തത്. കോംഗോയുടെ മസേബ 2010ല്‍ ഫൈനലില്‍ കടന്നെങ്കിലും ഇന്റര്‍മിലാനോട് പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായി മടങ്ങുകയായിരുന്നു.
നേരത്തെ ഏഷ്യന്‍ ചാമ്പ്യന്മാരായ ചൈനയിലെ ഗ്വാങ്ങ്ഷു എവര്‍ഗ്രാന്‍ഡെയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ മ്യൂണിക് കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം സെമിയില്‍ റൊണാള്‍ഡീഞ്ഞോയുടെ ബ്രസീല്‍ ടീമായ അത്ലറ്റികോ മെനേറോയെയുമാണ് തോല്‍പ്പിച്ചായിരുന്നു മൊറോക്കന്‍ ക്ലബ്ബിന്റെ ഫൈനലിലേക്കുള്ള വരവ്. എന്നാല്‍ ഫൈനലില്‍ ബ്രസീലിയന്‍ ടീമിനെതിരെ പുറത്തെടുത്ത പ്രകടനം സൂപ്പര്താരനിരങ്ങളടങ്ങിയ ബയേണിനെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
ചൈനീസ് ടീം ഗ്വാങ്ങ്ഷു എവര്ഗ്രാനഡെയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ബ്രസീലിയന്‍ ടീമായ അത്ലറ്റികോ മിനേറിയോ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ ബയേണ്‍ താരം ഫ്രാങ്ക് റിബറി സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: