ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഒന്നും രണ്ടും സ്ഥാനത്തേക്കുയര്‍ന്നു. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാര്‍ഡിഫിനെയും സിറ്റി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഫുള്ഹാമിനെയുമാണ് കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും മികച്ച വിജയം സ്വന്തമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്താമാണ് യുണൈറ്റഡിന് മുന്നില്‍ കീഴടങ്ങിയത്.
കാര്‍ഡിഫിനെതിരായ മികച്ച വിജയത്തോടെ ലിവര്‍പൂള്‍ ഈ സീസണില്‍ ആദ്യമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 17 മത്സരങ്ങളില്‍ നിന്ന 36 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. സൂപ്പര്‍താരം ലൂയി സുവാരസിന്റെ ഇരട്ടഗോളുകളുടെ കരുത്തിലാണ് ലിവര്‍പൂള്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. 25, 45 മിനിറ്റുകളിലാണ് സുവാരസ് ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ സ്റ്റര്‍ലിംഗാണ് മറ്റൊരു ഗോള്‍ നേടിയത്. ഇതോടെ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകളുമായി ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ് സുവാരസ്.
ഫുള്‍ഹാമിനെതിരായ പോരാട്ടത്തിന്റെ 23-ാം മിനിറ്റില്‍ യായാ ടുറെയാണ് സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ ക്യാപ്റ്റന്‍ കെംപാനി ലീഡുയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ വര്‍ദ്ധിതവീര്യത്തോടെ പൊരുതിയ ഫുള്‍ഫാം രണ്ട് ഗോളും മടക്കിയത് കളിയെ ആവേശത്തിലാഴ്ത്തി. അമ്പതാം മിനിറ്റില്‍ റിച്ചാര്‍ഡ്സണായിരുന്നു ഫുള്ഫാമിന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 69-ാം മിനിറ്റില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പിഴവ് വരുത്തിയ കെംപാനിയുടെ കാലില്‍ത്തട്ടി പന്ത് സ്വന്തം വലിയില്‍ കയറിയതോടെ ഗോള്‍ 2-2 എന്ന നിലയിലായി. എന്നാല്‍ 78-ാം മിനിറ്റില്‍ ജീസസ് നവാസും 83-ാം മിനിറ്റില്‍ മില്‍നറും ഫുള്‍ഹാം വല കുലുക്കിയോടെ സിറ്റിയുടെ വിജയം പൂര്‍ണ്ണമായി.
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ഒരു പോയിന്റ് മാത്രം പിറകിലാണ് സിറ്റിയിപ്പോള്‍. സിറ്റിക്ക് 17 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില്‍ കരുത്തരും നിലവിലെ ലീഗ് ചാമ്പ്യന്മാരുമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്താമിനെതിരായ തകര്‍പ്പന്‍ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്നു.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തേരോട്ടം. യുണൈറ്റഡിനുവേണ്ടി 26-ാം മിനിറ്റില്‍ ഡാനി വെല്‍ബാക്ക്, 36-ാം മിനിറ്റില്‍ ജാനസാഞ്ജ്, 72-ാം മിനിറ്റില്‍ ആഷ്ലി യംഗ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ വെസ്താമിന്റെ ആശ്വാസഗോള്‍ 81-ാം മിനിറ്റില്‍ കാള്‍ട്ടണ്‍ കോലെ സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ് 3-0ന് ക്രിസ്റ്റല്‍ പാലസിനെയും സ്റ്റോക്ക് സിറ്റി 2-1ന് ആസ്റ്റണ്‍വില്ലയെയും പരാജയപ്പെടുത്തിയപ്പോള്‍ സണ്ടര്‍ലാന്റ്-നോര്‍വിച്ച്, വെസ്റ്റ് ബ്രോം-ഹള്‍സിറ്റി മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: