മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ മികച്ച വിജയവുമായി അത്ലറ്റികോ മാഡ്രിഡ് ഒന്നാമതെത്തി. വാശിയേറിയ മത്സരത്തിനൊടുവില്‍ ലെവന്റെയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് അത്ലറ്റികോ മാഡ്രിഡ് ബാഴ്സലോണയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയത്. അത്ലറ്റികോക്ക് വേണ്ടി സൂപ്പര്‍താരം ഡീഗോ കോസ്റ്റ രണ്ട് ഗോളുകള്‍ നേടി. അത്ലറ്റികോക്ക് 17 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റും ബാഴ്സക്ക് 16 മത്സരങ്ങളില്‍ നിന്ന് 43 പോയിന്റുമാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 16 മത്സരങ്ങളില്‍ നിന്ന് 38 പോയിന്റാണുള്ളത്.
തുടക്കം മുതല്‍ അത്ലറ്റികോ ആധിപത്യം പുലര്‍ത്തിയെങ്കിലും അവരെ ഞെട്ടിച്ച് ഒന്നാം മിനിറ്റില്‍ തന്നെ ലെവന്റെ ഗോള്‍ നേടി. നിക്കോളാസ് കരബേല്സിന്റെ പാസില്‍ നിന്ന് ആന്ദ്രെ ഇവാന്ഷിറ്റ്സാണ് അത്ലറ്റികോ വല കലുക്കിയത്. എന്നാല്‍ 30-ാം മിനിറ്റില്‍ അത്ലറ്റികോ സമനിലപിടിച്ചു. ജുവാന്‍ഫ്രാന്‍ നല്കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ലെവന്റെ വലയിലെത്തിച്ച് ഡീഗോ ഗോഡിനാണ് സമനില ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ ഇരു ടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റായപ്പോഴേക്കും അത്ലറ്റികോ ലീഡ് നേടി. ഗാബി നല്കിയ പാസ് സ്വീകരിച്ച് ഡീഗോ കോസ്റ്റ ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ടാണ് ലെവന്റെ വലയില്‍ കയറിയത്. എന്നാല്‍ ഒമ്പത് മിനിറ്റിനുശേഷം ലെവന്റെ സമനില പിടിച്ചു. ബോക്സിന് പുറത്തുനിന്ന് പെഡ്രോ റയസ് തൊടുത്ത ബുള്ളറ്റ് ഷോട്ട് അത്ലറ്റികോ വലയില്‍ വീഴുകയായിരുന്നു. പിന്നീട് 77-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡീഗോ കോസ്റ്റ വലയിലെത്തിച്ചതോടെ അത്ലറ്റികോ വിജയം സ്വന്തമാക്കി. അത്ലറ്റികോയുടെ ജുവാന്ഫ്രാനെ റൂബന്‍ ഗാര്‍ഷ്യ ബോക്സിനുള്ളില്‍ വലിച്ചിട്ടതിനാണ് പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഡീഗോ കോസ്റ്റ പിഴവുകൂടാതെ പന്ത് വലയിലെത്തിച്ചു. ഇതോടെ 19 ഗോളുകളുമായി ലീഗില്‍ ടോപ് സ്കോറര്‍ പദവിയില്‍ കോസ്റ്റ ഒറ്റയ്ക്ക് നില്‍ക്കുകയാണ്. 17 ഗോളുകള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാമത്.
മറ്റ് മത്സരങ്ങളില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെയും അല്‍മേറിയ 1-0ന്റയല് ബെറ്റിസിനെയും റയല്‍ സോസിഡാഡ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗ്രനാഡയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: