തോല്‍ക്കാതെ എങ്ങനെ തോല്ക്കാമെന്ന് ഇംഗ്ലീഷ് ടീമിനോട് ചോദിച്ചു നോക്കു. അവര്‍ കൃത്യമായി ഉത്തരം തരും. 1982, 90, 2006 ലോകകപ്പുകളില്‍ ഇംഗ്ലണ്ടിനുണ്ടായ ദുര്യോഗം അത്ര വലുതാണ്. ആദ്യത്തേതില്‍ ഒരു മത്സരം പോലും തോല്‍ക്കാതെ ഇംഗ്ലീഷ് പട പുറത്തായി. ടൂര്‍ണമെന്റിലുടനീളം നിശ്ചിത സമയത്തും അധിക സമയത്തും തോല്‍വി വഴങ്ങാതിരുന്നിട്ടും കാപ്പില്ലാതെ മടങ്ങാനായിരുന്നു അടുത്ത രണ്ടെണ്ണത്തില്‍ അവരുടെ യോഗം. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ പരാജയമറിയാതെ പുറത്തായവര്‍ എന്ന റെക്കോര്‍ഡ് അങ്ങനെ ഇംഗ്ലണ്ടിന്റെ പേരിലെഴുതപ്പെട്ടു.
82ലെ സ്പാനിഷ് ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് നാലിലായിയിരുന്നു ഇംഗ്ലണ്ടിന്റെ സ്ഥാനം. കന്നിപ്പോരില്‍ അവര്‍ ഫ്രാന്‍സിനെ 3-1ന് കെട്ടുകെട്ടിച്ചു. പിന്നാലെ ചെക്കോസ്ലൊവാക്യയെയും കുവൈറ്റിനെയും പരാജയത്തിന്റെ കയ്പ്പുനീര്കുടിപ്പിച്ചു. ശരിക്കും രാജകീയപ്രയാണം. രണ്ടാം റൗണ്ടില്‍ പശ്ചിമ ജര്‍മ്മനിയും ആതിഥേയരായ സ്പെയിനും ഉള്‍പ്പെട്ട ശക്തമായ ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ടിനു കളിക്കേണ്ടിവന്നു. ഒരു ടീമിന് മാത്രം സെമിയില്‍ ഇടംലഭിക്കുന്ന അതി നിര്‍ണായക പോരാട്ടങ്ങള്‍. പക്ഷേ, ജര്‍മ്മനിയോടും സ്പെയിനിനോടും ഇംഗ്ലണ്ട് സമനിലവഴങ്ങി. അവസരം മുതലെടുത്ത ജര്‍മ്മനി സ്പെയിനിനെ കീഴടക്കി അവസാന നാലില്‍ എത്തുകയും ചെയ്തു.
1990ല്‍ ഗ്രൂപ്പ് എഫില്‍ ഇംഗ്ലണ്ട് കളി തുടങ്ങി. അയര്‍ലന്റ്, ഹോളണ്ട്, ഈജിപ്ത് എന്നിങ്ങനെ മോശമല്ലാത്ത എതിരാളികള്‍ ഒപ്പം. ഹോളണ്ടിനോടും അയര്‍ലന്റിനോടും സമനില പാലിച്ച ഇംഗ്ലണ്ട് കിതച്ചു. എന്നാല്‍ മൂന്നാം കളിയില്‍ ഈജിപ്തിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ഖ്യാതിയോടെ അവസാന പതിനാറില്‍ ഇടംനേടി. എക്സ്ട്രാ ടൈം വരെ നീണ്ട പ്രീ- ക്വാര്‍ട്ടറില്‍ ഡേവിഡ് പ്ലാറ്റിന്റെ ഗോളിന്റ പിന്‍ബലത്തില്‍ ബല്‍ജിയത്തെ അവര്‍ അതിജീവിച്ചു.
ക്വാര്‍ട്ടറില്‍ മുന്നില്‍ വന്നത് ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2). 105-ാം മിനിറ്റില്‍ ഗ്യാരി ലിനേക്കറിന്റെ പെനാല്‍റ്റി ഗോളിന്റെ സഹായത്തോടെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. മത്സരത്തില്‍ രണ്ടുഗോളുകളുമായി ലിനേക്കര്‍ ഇംഗ്ലീഷ് ഹീറോയായി. പശ്ചിമ ജര്‍മനിക്കെതിരെ ഇംഗ്ലണ്ടിനു ചില പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നു. ആന്ദ്രിയാസ് ബ്രെമെയുടെ ഗോളില്‍ മുന്നില്‍ക്കയറിയ ജര്‍മ്മനിയെ ലിനേക്കറിന്റെ സ്ട്രൈക്ക് വഴി ഇംഗ്ലണ്ട് പിടിച്ചു നിര്‍ത്തി. കൂടുതല്‍ അനുവദിച്ച സമയത്ത് ഗോള്‍ പിറന്നില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്റ്റ്യുവര്‍ട്ട് പിയേഴ്സിനും ക്രിസ് വാഡിലിനും പിഴച്ചു. ഫലം ഇംഗ്ലണ്ട് പുറത്ത്. 2006ല്‍ ഗ്രൂപ്പ് ബിയില്‍ പരാഗ്വെയും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയേയും മുന്‍ ചാമ്പ്യന്മാര് തോല്‍പ്പിച്ചു. സ്വീഡനുമായുള്ള സമനില കൂടി ചേര്‍ന്നപ്പോള്‍ ഒന്നാമന്മാരായി നോക്കൗട്ടില്‍. പ്രീ- ക്വാര്‍ട്ടറില്‍ ഇക്വഡോറിന്റെ ചിറകും ഡേവിഡ് ബെക്കാമും കൂട്ടരും അരിഞ്ഞിട്ടു. പക്ഷേ അടുത്ത ഘട്ടത്തില്‍ പോര്‍ച്ചുഗലെന്ന കടുത്ത പരീക്ഷണമാണ് അവരെ കാത്തിരുന്നത്. ഗോളരഹിത നിമിഷങ്ങള്‍ക്കുശേഷം പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട ത്രില്ലര്‍, അതില്‍ ഇംഗ്ലീഷ് മോഹങ്ങള്‍ ഒരിക്കല്‍ക്കൂടെ കരിഞ്ഞുവീണു (3-1). ഇത്തവണ ഫ്രാങ്ക് ലാംപാര്‍ഡ്, സ്റ്റീവന്‍ ജെറാഡ്, ജാമി കാരിഗര്‍ എന്നിവരെല്ലാം വില്ലന്‍വേഷങ്ങള്‍ കെട്ടി. ഇംഗ്ലിഷ് വല കുലുക്കി സിമാവോ സംബ്രോസ, ഹെല്‍ഡര്‍ പോസ്റ്റിഗ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് എടുത്തുയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: