ചെറുപ്പകാലത്തെ നരേന് ഹിന്ദു മതത്തിലെ പല തത്വങ്ങളോടും യോജിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. നരേന് എന്നല്ല, മറ്റുപലര്‍ക്കും അങ്ങനെ തോന്നാന്‍ കാരണമുണ്ട്. അനേകായിരം വര്‍ഷങ്ങള്‍ പിന്നിട്ട തത്വസംഹിതകളുടെ ഇളകി മറിയലുകളും; അതിന്റെ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന ജയാപജയങ്ങളുടെ പ്രകമ്പനങ്ങളും ഉണ്ടായിട്ടുള്ള ഒരു മതമാണ് ഹിന്ദുമതം. ഏതുകാലത്തും തനതായി നിലനില്ക്കാന് കഴിയുന്നതോടൊപ്പം മൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുന്ന പ്രത്യേകതകളും ഈ വേളകളില്‍ ഹിന്ദുമതം സ്വീകരിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ട് ഇതറിയണമെങ്കില്‍ ഹിന്ദുമതത്തിനകത്തുനിന്ന് ഒരു വിശ്വഗുരുവിനെ നമുക്ക് കിട്ടേണ്ടതുണ്ട്. നരേന് ഉണ്ടായ സൗഭാഗ്യവും, പല സംശയങ്ങള്‍ക്കും ശരിയുത്തരം നേടാന്‍ സാധിച്ചതും ഇതുപോലൊരു പൂര്ണ്ണഗുരുവിനെ കിട്ടിയതുകൊണ്ടാണ്. തന്റെ പ്രൊഫസര്‍ ഹേസ്റ്റിയുടേയും, മറ്റൊരു ബന്ധുവിന്റേയും വാക്കുകളിലൂടെയാണ് ദക്ഷിണേശ്വരത്തെ ശ്രീരാമകൃഷ്ണനെക്കുറിച്ച് നരേന്ദ്രന് അറിയുന്നത്. ആ പരമഹംസന് കൊടുത്ത മഹത്വത്തിന്റെ ഉള്‍ക്കാഴ്ചയാണ് വിവേകാനന്ദനെ മാറ്റത്തിന്റെ സഫലതയിലെത്തിച്ചത്.
പല ചിന്തകന്മാരുടേയും ആശയങ്ങള്‍ വിവേകാനന്ദന് നന്നായി അറിയാമായിരുന്നു. പഞ്ചേന്ദ്രിയങ്ങളേയും മനസ്സിനേയും മാത്രം ആശ്രയിച്ച് പരമായ സത്യത്തെ മനസ്സിലാക്കുവാന്‍; പാശ്ചാത്യ ചിന്തകന്മാര് കൈകൊണ്ട പരിശ്രമങ്ങളില്‍ പോരായ്മകളുണ്ടെന്ന് കണ്ടെത്താന്‍; അദ്ദേഹത്തിന്റെ സൂക്ഷ്മ ബുദ്ധിക്ക് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്. മനസ്സ് ഗ്രഹിക്കുന്ന കാര്യങ്ങള്‍ നാഡീവ്യൂഹം വഴി തലച്ചോറിലെത്തുന്ന ചില ഉത്തേജനം മാത്രമാണെന്ന ആധുനിക ചിന്തകന്മാരുടെ കാഴ്ചപ്പാടിനപ്പുറത്തേയ്ക്ക് കടക്കുവാന്‍ ഗുരുദേവന്റെ പ്രേരണ സ്വാമിജിക്ക് സഹായകമായിട്ടുണ്ട്. ശ്രീരാമകൃഷ്ണനെ കണ്ടപ്പോഴുണ്ടായ പരിവര്‍ത്തനം നരേന്ദ്രന് തന്നെ വിവരിച്ചിട്ടുണ്ട്. ‘അദ്ദേഹം എന്റെ അടുത്തെത്തി വലതുകാല്‍ എന്റെ ശരീരത്തില്‍ വച്ചു. ഉടനെ എനിക്ക് അത്ഭുതകരമായ ഒരനുഭവമുണ്ടായി. മുറിയുടെ ചുവരുകള്‍ ഉള്‍പ്പെടെ എല്ലാവസ്തുക്കളും വേഗത്തില്‍ കറങ്ങുന്നതായും അജ്ഞാതമായ ഒരു പ്രതലത്തിലേക്ക് പിന്മാറുന്നതായും എന്റെ കണ്ണുകള്‍കൊണ്ടു തന്നെ ഞാന്‍ കണ്ടു. മാത്രമല്ല, എന്റെ ബുദ്ധി മുഴുവന്‍ പ്രപഞ്ചത്തോടുകൂടി എല്ലാറ്റിനേയും ഗ്രസിക്കുന്ന ഒരു വലിയ ശൂന്യതയിലേക്ക് അപ്രത്യക്ഷമാകുവാന്‍ പോകുന്നതായും തോന്നി.’ ഇതാണ് നരേന്ദ്രന് ഗുരുവില്നിന്നുകിട്ടിയ ആദ്യ ഗുണാതീത അനുഭവം. തുടര്‍ന്ന് ഗുരുവില്നിന്നറിഞ്ഞ നിര്വികല്പ്പസമാധിയുടെ ആനന്ദത്തില്‍ മുഴുകിയിരിക്കാതെ സമൂഹത്തിലേയ്ക്ക് ഇറങ്ങിവന്ന് തന്റെ ജന്മദൗത്യം ഏറ്റെടുക്കുവാന്‍ വിവേകാനന്ദന് കഴിഞ്ഞത് തന്റെ ഗുരു നല്കിയ മഹത്വത്തിന്റെ ഉള്‍ക്കാഴ്ചയായിരുന്നു.
വിവേകാനന്ദന് നേടിയ ഈ മഹത്വത്തിന്റെ ഉള്‍ക്കാഴ്ച്ച നമ്മുടെ നാടിനേയും നാട്ടുകാരേയും മാറ്റത്തിന്റെ സഫലതയിലേയ്ക്ക് എത്തിച്ചുവോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിദേശഭരണത്താല് വീര്‍പ്പുമുട്ടുന്ന നമ്മുടെ ജനതയ്ക്ക് സ്വാമിജി തന്റെ പ്രവര്‍ത്തനത്തിലൂടെ ഒരാത്മവിശ്വാസം ഉണ്ടാക്കിക്കൊടുത്തു. കൊളംബോ മുതല്‍ അല്‍മോറ വരെയുള്ള തന്റെ യാത്രകളില്‍ സ്വാമിജി എന്തൊക്കെയാണ് പറഞ്ഞത്. ‘ഉജ്ജ്വലമായ ഒരു സാംസ്കാരിക പാരമ്പര്യം കെട്ടിപ്പടുത്ത നമ്മുടെ പൂര്‍വ്വികരെക്കുറിച്ച്; വിദേശീയരുടെനേരെ കൊതിയോടെ നോക്കാതെ നമ്മുടെതന്നെ ഭൂതകാലങ്ങളിലേയ്ക്ക് നാം തിരിഞ്ഞു നോക്കണം; പൂര്വ്വകാലസ്മരണയോടുകൂടി മഹനീയമായ ഒരു ഭാരതം കെട്ടിപ്പടുക്കണം; ധര്മ്മാനുഷ്ഠിത പൈതൃകമാണ് നമ്മുടെ മൂലധനം. അതുകൊണ്ട് ധര്‍മ്മാധിഷ്ഠിതമായ ഒരു രാഷ്ട്രത്തെ പടുത്തുയര്‍ത്തേണ്ടതുണ്ട്; സത്യവും ത്യാഗവും സേവനവുമാണ് ഈ നാടിന്റെ ആദര്‍ശങ്ങള്‍ അത് മുറുകെപ്പിടിച്ച് നാം മുന്നോട്ട് പോകണം; ഭാരതീയരുടെ ഭാവി ഭാരതീയരുടെ കൈകളില്‍ മാത്രമാണ്; ജനങ്ങള്‍ ശക്തരാണെങ്കില്‍ അവര്‍ സൃഷ്ടിക്കുന്ന ഭാരതവും ശക്തവും മഹത്വമുള്ളതുമായിരിക്കും; ഭാരതത്തിലെ എല്ലാവര്ക്കും മാന്യമായ വിദ്യാഭ്യാസം ലഭിക്കണം. ഏതൊരാശയവും നിങ്ങളുടെ മനസ്സിനെ ബലപ്പെടുത്തുന്നതാണെങ്കില്‍ സ്വീകരിക്കുക അതല്ല, ദുര്ബലപ്പെടുത്തുന്നതാണെങ്കില് നിരാകരിക്കുക.’ ഇങ്ങനെ അനേകം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് വിവേകാനന്ദന് അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ച ഭാരതീയ ജനതയിലേക്ക് എത്തിച്ചു. സ്വാമിജി വിദ്യാഭ്യാസത്തെക്കുറിച്ച് നമ്മളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘മനസ്സിന്റെ ശക്തികള്‍ ചിതറിപ്പോയ പ്രകാശരശ്മികള്‍ പോലെയാണ്. അവയെ ഏകാഗ്രമാക്കി ഒരുവസ്തുവിലേയ്ക്ക് തിരിച്ചാല്‍ ആ വസ്തുവിനെ പ്രാകാശിപ്പിക്കാം. ഇതൊന്നുമാത്രമാണ് നമുക്ക് അറിവുള്ള വഴി.
ലോകത്തിലുള്ള ജ്ഞാനമെല്ലാം മനഃശക്തികളെ ഏകാഗ്രമാക്കിയിട്ടല്ലാതെ മറ്റെങ്ങനെയെങ്കിലും സിദ്ധിച്ചിട്ടുണ്ടോ? പ്രപഞ്ചം അതിന്റെ രഹസ്യങ്ങളെ വിട്ടുതരുവാന്‍ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ തട്ടിയാലാണ് ശരിയാവുക എന്നറിഞ്ഞാല്‍ മതി. മുട്ടുവാനുള്ള ബലവും സാമര്‍ത്ഥ്യവും ഏകാഗ്രതയില്കൂടെയാണ് വരുന്നത്. മനുഷ്യന്റെ മനഃശക്തിക്ക് അതിരില്ല. അതിനെ എത്രയധികം ഏകാഗ്രമാക്കുന്നുവോ അത്രയധികം ശക്തി ഒരു കേന്ദ്രത്തില്‍ ചെലുത്തുവാന്‍ കഴിയും. അതാണ് രഹസ്യം.’ ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തെക്കുറിച്ച് വിവേകാനന്ദന് വിവരിക്കുന്നു. ‘പടിഞ്ഞാറ് സ്ത്രീ ഭാര്യയാണ്. സ്ത്രീത്വമെന്ന ആശയം ഭാര്യയിലാണ് കേന്ദീകരിക്കപ്പെട്ടിട്ടുള്ളത്. ഭാരതത്തിലെ സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം സ്ത്രീത്വത്തിന്റെ ശക്തി മുഴുവന്‍ മാതൃഭാവത്തിലാണ് കേന്ദീകൃതമായിട്ടുള്ളത്. പാശ്ചാത്യകുടുംബം ഭരിക്കുന്നത് ഭാര്യയാണ്. ഭാരതീയ കുടുംബം ഭരിക്കുന്നത് മാതാവാണ്. പാശ്ചാത്യ കുടുംബത്തില്‍ ഒരമ്മ വന്നാല്‍ അവര്‍ ഭാര്യക്ക് വിധേയയാകണം. കുടുംബം ഭാര്യയുടേതാണ്. നമ്മുടെ കുടുംബങ്ങളില്‍ എപ്പോഴും അമ്മ പാര്ക്കുന്നുാകും. ഭാര്യ അമ്മയ്ക്ക് വിധേയയാണ്.’ സ്വാമിജി പറയുന്ന മഹത്വത്തിന്റെ ഉള്‍ക്കാഴ്ച ഇതാണ്. ‘പാശ്ചാത്യര്‍ക്ക് സ്ത്രീ ഭോഗാത്മകമാണെങ്കില് ഭാരതീയര്‍ക്ക് സ്ത്രീ അമ്മയായ ഗുരുവാണ്.’ വിവേകാനന്ദന് മുന്നോട്ടുവച്ച വിദ്യാഭ്യാസ ദാര്‍ശനികതയും സ്ത്രീത്വാദര്‍ശവും അല്‍പ്പം വിവരിച്ചത്; ഒരു മാറ്റത്തിന്റെ സഫലതയ്ക്കായി സ്വാമിജി പറഞ്ഞത് നാം വേണ്ടവണ്ണം ഏറ്റെടുത്തുവോ എന്ന് ചിന്തിക്കുവാന്‍ വേണ്ടിയാണ്. ഇല്ല എന്നുവേണം കരുതുവാന്‍. കാരണം, ഇന്നു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ആദര്‍ശാധിഷ്ഠിത വിദ്യാഭ്യാസവും നല്ല മാതൃത്വവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതിന്റെ കോലാഹലങ്ങളും അനീതികളും അസ്വസ്ഥതകളും പ്രതികരണങ്ങളുമാണ് ഇന്ന് നാം നമ്മുടെ നാട്ടില്‍ പൊതുവെ കണ്ടുവരുന്നത്.
നിയമങ്ങള്‍കൊണ്ട് ഒരു സമൂഹത്തെ മുഴുവന്‍ നന്നാക്കാന്‍ സാധ്യമല്ല. സാംസ്കാരികബോധമുള്ള ഒരു ജനതയുടെ കൂട്ടായ്മ ഉണ്ടാകുമ്പോഴേ ഒരു സമൂഹത്തിന്റെ നിയമങ്ങള്‍ക്കും സഫലതയുണ്ടാവൂ. ശ്രീരാമകൃഷ്ണ-വിവേകാനന്ദന്മാരുടെ വിജ്ഞാനത്തെ നെഞ്ചിലേറ്റുന്ന ഗുരുക്കന്മാര് നമുക്ക് കുറഞ്ഞു വരുന്നുണ്ട്. ഇന്ന് പലരും അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ അത്തരക്കാര്‍ വളര്‍ത്തിയവരെല്ലാം അറിവിന്റെ അരമതിലിലെത്തിയവരാണ്. ഇത് സമൂഹത്തില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ പുതിയ തലമുറയ്ക്ക് മഹത്വത്തിന്റെ ഉള്ക്കാഴ്ചായുണ്ടാകുന്ന പൂര്‍ണ്ണ അറിവിനെ കൊടുക്കേണ്ടതുണ്ട്.
ഇത് മനസ്സിലാക്കിയാണ് ബാലഗോകുലമെന്ന പ്രസ്ഥാനം സ്വാമിജിയുടെ നൂറ്റിഅമ്പതാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് ചില കാര്യക്രമങ്ങള്‍ ആസൂത്രണം ചെയ്തത്. കേരളത്തില്‍ 300ല്‍ പരം ഗ്രാമ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് ബാലികാബാലന്മാര്ക്കായി, സ്വാമിജിയെ മനസ്സിലാക്കുവാനുള്ള ഏകദിന സംഗമങ്ങള്‍ ഈ വര്‍ഷാരംഭത്തില്‍ നടത്തി. കേരളത്തിലെ വിവിധ ബാലഗോകുലങ്ങളില്‍ നിന്നായി അര ലക്ഷത്തോളം കുട്ടികള്‍ അതില്‍ പങ്കെടുത്തു. അതിനു മുന്നോടിയായി 150 ചോദ്യോത്തരങ്ങള്‍ സ്വാമിജിയെക്കുറിച്ച് പഠിക്കുവാന്‍ ഗോകുലാംഗങ്ങള്ക്ക് നല്‍കിയിരുന്നു. തുടര്‍ന്ന് കേരളത്തിലെ മൂന്നു കേന്ദ്രങ്ങളിലായി സമൂഹത്തില്‍ സദുപദേശങ്ങള്‍ നല്കുവാന് പ്രാപ്തരായ 150 വനിതകള്‍ക്കായി രണ്ടു ദിവസത്തെ സ്ത്രീത്വാദര്ശ ക്ലാസ്സുകളും ബാലഗോകുലം സംഘടിപ്പിച്ചു. അതില്‍ സ്വാമിജിയുടെ കാഴ്ചപ്പാടുള്ള, ‘നല്ല അമ്മമാര്‍ എങ്ങനെയായിരിക്കണം’ എന്നതായിരുന്നു പ്രധാന സംവാദ വിഷയം. കുട്ടികള്‍ കുറ്റവാളികള്‍ ആവുന്നത് എന്തുകൊണ്ട്, സ്ത്രീ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ വഹിക്കുന്ന പങ്ക്, വ്യക്തിചാരിത്ര്യം സ്ത്രീക്കും പുരുഷനും, സ്ത്രീസ്വാതന്ത്ര്യവും പുരുഷസ്വാതന്ത്ര്യവും, സ്ത്രീ തൊഴിലാളിയും ഭാരതീയ ജീവിതക്രമവും, മനുഷ്യ മനസ്സും ശരീരവും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഹാരവും, മനസ്സും അതിന്റെ നിയന്ത്രണവും എന്നീ ഉപ വിഷയങ്ങളും സംവാദങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞകാല വ്യവസ്ഥിതികളും ഇന്നത്തെ വ്യവസ്ഥിതിയും ഭാവിയില്‍ വരേണ്ടതായ മാറ്റവും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ആ പരിപാടി നടന്നത്. ഇപ്പോഴിതാ വിവേകാനന്ദസ്വാമിജിയുടെ ജീവിതാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘വിശ്വം വിവേകാനന്ദം’ എന്ന ഒരു സംഗീതശില്‍പ്പം ഗോകുല കലായാത്ര എന്ന പേരില്‍ കേരളമൊട്ടുക്ക് ബാലഗോകുലാംഗങ്ങള്‍ അവതരിപ്പിക്കുന്നു. ഡിസംബര്‍ 22ന് വൈകുന്നേരം 6 മണിക്ക് അനന്തപുരിയിലെ ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ അതിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടി അരങ്ങേറുകയാണ്. തുടര്‍ന്ന് 2014 ജനുവരി 12 സ്വാമിജിയുടെ ജന്മദിനം വരെ കേരളത്തിലെ ആയിരത്തിഅഞ്ഞൂറോളം കേന്ദ്രങ്ങളില്‍ അറിവിന്റെ ഉള്ക്കാഴ്ചയാവുന്ന ഈ സംഗീതശില്‍പ്പം അവതരിപ്പിക്കും. ‘മഹത്വത്തിന്റെ ഉള്‍ക്കാഴ്ച മാറ്റത്തിന്റെ സഫലത’ എന്ന സന്ദേശവുമായി വിവേകാനന്ദ സ്വാമിജിയുടെ നൂറ്റിഅമ്പതാം ജന്മവാര്ഷികത്തില് ബാലഗോകുലാംഗങ്ങള്‍ സമൂഹത്തിലേയ്ക്ക് എത്തുകയാണ്. എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്ല മാതാപിതാക്കളേയും, ഗുരുക്കന്മാരേയും, ജീവിതസുരക്ഷിതത്വവും, നല്ല വിദ്യാഭ്യാസവും ലഭിക്കുവാന്‍ കുട്ടികളുടെ വിശ്വോത്തരപ്രസ്ഥാനമായ ബാലഗോകുലം മുന്നോട്ടുവെയ്ക്കുന്ന മഹത്വത്തിന്റെ ഈ ഉള്‍ക്കാഴ്ച സാമൂഹ്യ മാറ്റത്തിന്റെ സഫലതയ്ക്കായി നമുക്ക് നെഞ്ചേറ്റാം.
പഴമ്പുഴ കെ. സി. മോഹനന് (ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: