ഇനിയും തിരുത്താത്ത നിലപാടുകള്‍
ഓരോ വിശേഷദിവസങ്ങളിലും കേരളം കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്കുകള്‍ ആവേശത്തോടെ പ്രഖ്യാപിക്കുകയാണ് നമ്മുടെ ഭരണാധികാരികള്‍. മൂന്ന് ദിവസം കൊണ്ട് കുടിച്ചുതീര്‍ത്തത്, ഒരാഴ്ച്ച കൊണ്ട് തീര്‍ത്തത് എന്ന് തരം തിരിച്ചാണ് കണക്കുകള്‍. 2011 ലെ ഓണത്തിന് ഉത്രാടം വരെയുള്ള എട്ടു ദിവസങ്ങളിലായി കേരളം കുടിച്ചുതീര്‍ത്തത് 235 കോടി രൂപയുടെ മദ്യമാണെന്ന കണക്ക് പുറത്തുവന്നപ്പോള്‍ കുടിയന്മാര് പോലും ഞെട്ടിപ്പോയി. തൃശൂരിലെ ചാലക്കുടിയെ പിന്തള്ളി ഒന്നാമതെത്തിയ സന്തോഷത്തില്‍ കൊല്ലത്തെ കരുനാഗപ്പള്ളി. സ്കൂള്‍ കലോത്സവവും കായികമത്സരവും പോലെ റെക്കോഡ് ഞങ്ങള്‍ക്കെന്ന് സന്തോഷിക്കുന്ന മദ്യപാനികള്‍. അഭിമാനത്തോടെ ഓണക്കുടിയുടെയും നവവത്സരക്കുടിയുടെയും കണക്കുകള്‍ സൂക്ഷിക്കുന്ന സര്‍ക്കാര്‍. വിചിത്രമായ ഒരു സാമൂഹികചുറ്റുപാടെന്നല്ലാതെ എന്തുപറയാന്‍.
വല്ലപ്പോഴും സംഭവിക്കുന്ന മദ്യദുരന്തങ്ങള്‍ മാത്രമാണ് മദ്യനിരോധനത്തിന്റെ ആവശ്യകതയിലേക്ക് വിരള് ചൂണ്ടുന്നത്. ബഹുഭൂരിപക്ഷം ജനതയുടെ കാലങ്ങളായുള്ള സാധാരണശീലങ്ങളില് ഒന്നായ മദ്യസേവയെ തൂത്തെറിയുക അത്രമേല്‍ സുകരമല്ലെന്ന് ഭരണാധികാരികള്‍ക്കറിയാം. പതിവുജീവിതരീതിയുടെ വിരസതയില്‍ നിന്ന് മോചനം ലഭിക്കുന്ന ആഘോഷങ്ങളില്‍ അല്‍പ്പം ലഹരി ഉപയോഗിക്കുന്നത് അക്ഷന്തവ്യമായ തെറ്റായി എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ ഒരേ സമയം മദ്യം വിഷമാണെന്ന് പറയുകയും മദ്യലോബികളെ പര്‍വ്വതം പോലെ ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്ന ഭരണാധിപന്മാരുടെ നയം തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടണം.
നിശ്ചിതസ്ഥലത്ത് മദ്യം ഉണ്ടാക്കുകയും ക്രയവിക്രയം നടത്തുകയും ചെയ്യുന്ന ഒരു സമ്പദ്രായം ഭാരതത്തില്‍ നില നിന്നിരുന്നു. മദ്യലഹരിയില്‍ സ്വബോധം നഷ്ടപ്പെട്ട ഒരു കുടിയനും രാജാവിന്റെ തേരു തടയുകയോ രാജകൊട്ടാരത്തിലേക്ക് അതിക്രമിച്ചുകയറാന്‍ ശ്രമിക്കുകയോ ചെയ്തതായി കേട്ടിട്ടില്ല. മദ്യപാനിയായ പുരുഷന്മാരുടെ അതിക്രമങ്ങള്‍ക്കെതിരെ പരാതികളുമായെത്തുന്ന സ്ത്രീകളെക്കുറിച്ചും ചരിത്ര-പുരാണകഥകള്‍ പരാമര്‍ശിക്കുന്നില്ല.
വളരെ നിയന്ത്രിതമായ ഒരു വ്യവസ്ഥയില്‍ ജനങ്ങളുടെ ആവശ്യമറിഞ്ഞ് പാനാഗാരങ്ങള്‍ നിര്‍മ്മിക്കുകയും പരിധി ലംഘിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്തിരുന്ന ഒരു വ്യവസ്ഥയായിരുന്നു അന്ന്. സുരാധ്യക്ഷന്‍ മദ്യമുണ്ടാക്കി പുരത്തിലും ജനപഥത്തിലും പാളയത്തിലും കൊടുത്തയക്കണം. നിശ്ചിത സ്ഥലത്തല്ലാതെ മദ്യം ഉണ്ടാക്കുകയോ വില്ക്കുകയോ ചെയ്താല്‍ പിഴ ഈടാക്കും. മദ്യം ഗ്രാമത്തില്‍ നിന്ന് പുറത്തുകൊണ്ടുപോകുകയോ ആള്‍ക്കൂട്ടത്തില്‍ കടത്തുകയോ ചെയ്യരുത്. സജ്ജനങ്ങള്‍ മര്യാദ ലംഘിക്കാതിരിക്കാനും മറ്റുള്ളവര്‍ അസ്ഥാനത്ത് സാഹസം കാട്ടാതിരിക്കാനുമാണ് ഇതെന്ന് അര്‍ത്ഥശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
മദ്യപന്മാരെത്തുന്ന പാനാഗാരത്തില് ആരുടെയെങ്കിലും എന്തെങ്കിലും വസ്തു നഷ്ടമായാല്‍ പാനാഗാരത്തിന്റെ ഉടമസ്ഥനാണ് അതിന്റെ ഉത്തരവാദിത്തം. നഷ്ടമായതിന്റെ ഇരട്ടി അദ്ദേഹം ഉടമസ്ഥന് നല്‍കണം. ജനങ്ങള്‍ ഒത്തുകൂടി ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ മദ്യപിക്കുന്നതില്‍ നിന്ന് ആരെയും തടയേണ്ടതില്ലെന്നും എന്നാല്‍ അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരില് നിന്ന് വന്‍തുക ഈടാക്കണമെന്നും ആചാര്യ ചാണക്യമതം. ആര്‍ക്കും വിലക്കില്ല, പക്ഷേ ആരും അപമര്യാദയായി പെരുമാറാന്‍ ധൈര്യപ്പെടുന്നുമില്ല. അത്രയും കര്‍ശനമായിരുന്നു അച്ചടക്കവ്യവസ്ഥയും ശിക്ഷാനടപടികളും.
പക്ഷേ ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണുനീരും രാജ്യത്തിന്റെ സാമൂഹിക അധ:പതനത്തിന്റെ മുഖ്യകാരണവുമായി മാറിയിരിക്കുന്നു മദ്യം. മദ്യം മാത്രമല്ല ഗഞ്ചാവും ചരസും വീര്യമേറിയ ബ്രൗണ്‍ ഷുഗര്‍ പോലുള്ള മയക്കുമരുന്നുകളും ഒരു ജനതയെ കാര്‍ന്നുതിന്നുകയാണ്. കൗമാരക്കാരായ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും മയക്കുമരുന്നിന് അടിമകളായി മാറുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമയായി ചിന്താശേഷി നഷ്ടമായി കൊടും കുറ്റവാളികളാകുന്നവരുടെ എണ്ണവും ഈ രാജ്യത്ത് ഒട്ടും കുറവല്ല. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കഫ് സിറപ്പ് പോലെ സെഡേഷനുള്ള മരുന്നുകള്‍ക്ക് അടിമകളാകുന്നു എന്ന റിപ്പോര്‍ട്ടും നാം കേള്‍ക്കുന്നു.
സുസ്ഥാപിതമായ ഒരു ഭരണവ്യവസ്ഥയുണ്ടായിട്ടും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കള്‍ മാറിമാറി ഭരിച്ചിട്ടും ഇത്തരത്തിലുളള സാമൂഹികച്യൂതിക്ക് അടിസ്ഥാനമാകുന്ന കാരണങ്ങള്‍ കണ്ടെത്താനോ അവ പരിഹരിക്കാനോ കഴിയുന്നില്ല. അമിതമായി മദ്യപിച്ച് സ്വന്തം വീട്ടിലും നാട്ടിലും അക്രമം നടത്തുന്നത് അന്തസ്സുമായി കരുതുന്ന ദുഷിച്ച മാനസികാവസ്ഥയുള്ളവര്‍ പതിനായിരങ്ങളാണ്. ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യത നിയന്ത്രണവിധേയമാക്കാനും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ തിരുത്തി നല്ല ജീവിതത്തിലേക്ക് നയിക്കാനും ഭരണകൂടവ്യവസ്ഥകള്‍ പര്യാപ്തമല്ല. ഇതിനായി ചില സന്നദ്ധ സംഘടനകളും വ്യക്തികളും നടത്തുന്ന ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ആചാര്യചാണക്യന്റെ തീഷ്ണനിലപാടുകള് നിയമങ്ങളിലും ശിക്ഷാവിധികളിലും പകര്‍ത്താന്‍ ജനാധിപത്യസര്‍ക്കാരിന് സാധ്യമല്ലായിരിക്കും. എന്നാല്‍ മദ്യവില്‍പ്പനയില്‍ പാലിക്കേണ്ട ചില മര്യാദകളെങ്കിലും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയണം. ഒപ്പം ശക്തമായ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കിയാല്‍ നിലവിലെ വ്യവസ്ഥ മാറാതിരിക്കുമോ. മദ്യപാനികളുടെ കുടുംബങ്ങളിലെ ആയിരക്കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീരവസാനിച്ചാല് അതുമാത്രം മതി ഒരു രാഷ്ട്രത്തിന് വൈഭവം നേടാന്‍.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: