ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും പാഠം പഠിക്കാത്ത കോണ്‍ഗ്രസ് തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി ആദര്‍ശ് അഴിമതിക്കേസിലെ റിപ്പോര്‍ട്ടു പ്രകാരം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് പാര്‍ട്ടി ഇനിയും അവരുടെ വെല്ലുവിളികള്‍ മനസ്സിലാക്കിയിട്ടില്ലെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് കൂടിയായ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കാനോ അഴിമതിയാരോപണങ്ങളില്‍ നിന്ന് വിമുക്തമാകാനോ അവര്‍ തയ്യാറായിട്ടില്ല. രാഷ്ട്രീയമായി നരേന്ദ്രമോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവര്‍ക്കറിയില്ല. അവരുടെ നേതാക്കളെയും പാര്‍ട്ടിയേയും ശക്തരും കഴിവുറ്റതും ആക്കുന്നതിനു പകരം മോദിയെ സിബിഐയെക്കൊണ്ടും കോണ്‍ഗ്രസ് നേതാക്കളുടെ പഴിപറച്ചിലുകള്‍ കൊണ്ടും കീഴടക്കണമെന്നാണ് അവര്‍ കരുതുന്നത്. നരേന്ദ്ര മോദിക്കെതിരെ കെട്ടിച്ചമച്ച പോലീസ് നിരീക്ഷണമെന്ന പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞത് വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം കൊണ്ടും കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നും പഠിച്ചിട്ടില്ലെന്നാണെന്ന് ജെയ്റ്റ്ലി പറഞ്ഞു.
ടുജി സ്പെക്ട്രം കേസ് അഴിമതിയുടെ സ്മാരക ചിഹ്നമാണ്. ഒരു സംയുക്ത പാര്‍ലമമെന്ററി കമ്മറ്റി റിപ്പോര്‍ട്ടുവഴി അത് മൂടിവക്കാനായെന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുന്നു. പ്രതിപക്ഷ എംപിമാര്‍ കൊടുത്ത വിയോജനക്കുറിപ്പുപോലും ജെപിസി പരിഗണിച്ചില്ല. ആദര്‍ശ് അഴിമതി സ്വകാര്യ വ്യക്തികള്‍ നടത്തിയ ഖജനാവ് കൊള്ളയാണ്. കോണ്‍ഗ്രസിന്റെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന് ഈ വിഷയത്തില്‍ രാജിവെക്കേണ്ടിവന്നു. ഇപ്പോള്‍ അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി കൊടുക്കാത്തതും ആദര്‍ശ് അഴിമതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ തള്ളിക്കളഞ്ഞതും വഴി ആ അഴിമതി പ്രശ്നം പരിഹരിച്ചുവെന്ന് കരുതുന്നു.
ഗുജറാത്ത് പോലീസ് ഒരു പെണ്‍കുട്ടിയെ നിരീക്ഷിച്ച കാര്യം കോണ്‍ഗ്രസ് വലിയ വിഷയമായി പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു, അത് അവര്‍ ആവശ്യപ്പെട്ടിട്ടാണെന്ന്. എന്നിട്ടും ആ വിഷയം മുഴുവന്‍ പഠിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജിനെ തലവനാക്കി കമ്മറ്റിയെ നിയോഗിച്ചു. ആ കമ്മീഷന് നിലവില്‍ അന്വേഷണം നടയത്തുകയാണ്. അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം അതേ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവിച്ചത് അമ്പരപ്പിക്കുന്ന നടപടിയായി. അസാധ്യമായ ഒരു അന്വേഷണത്തെക്കുറിച്ചാണവര് പറയുന്നത്. അവര്‍ തരംതാണ രാഷ്ട്രീയക്കളികളില്‍ മാത്രമാണ് തല്പ്പരരെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
ടുജി സ്പെക്ട്രം കേസിലെ ജെപിസി മൂടിവക്കല്‍ പുറത്തുവന്ന സാഹചര്യത്തില്‍ ആ വിഷയത്തില്‍ ഒരു സമഗ്രാന്വേഷണമാണുവേണ്ടത്. ആദര്‍ശ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ഭൂമി തട്ടിപ്പ് അഴിമതി ഹരിയാന-രാജസ്ഥാന് സര്‍ക്കാര്‍ ആഘോഷിക്കാന്‍ തയ്യാറാകുകയാണുവേണ്ടത്. അഴിമതി ആരോപണങ്ങളില്‍നിന്ന് സ്വയം കുറ്റവിമുക്തമാക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ തരംതാണ രാഷ്ട്രീയക്കളികള്‍ നടത്തുകയാണ്. അതൊന്നും പക്ഷേ ഫലം ചെയ്യില്ല, ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: