ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280 റണ്‍സിനെതിരെ 244 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പുറത്താക്കി 36 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ കരസ്ഥമാക്കി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ചേതേശ്വര്‍ പൂജാരയുടെ അപരാജിത സെഞ്ച്വറിയുടെയും (135) വിരാട് കോഹ്ലിയുടെ അര്‍ദ്ധസെഞ്ച്വറിയുടെയും (77 നോട്ടൗട്ട്) കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്ത് ശക്തമായ നിലയിലാണ്. രണ്ട് ദിവസവും എട്ടു വിക്കറ്റും ബാക്കിനില്‍ക്കേ ഇന്ത്യക്ക് 320 റണ്‍സിന്റെ ലീഡാണുള്ളത്.
ആറ് 213 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ഇന്ത്യന്‍ പേസ് ആക്രമണത്തിന് പിടിച്ചുനില്ക്കാന് കഴിഞ്ഞില്ല. 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും അവസാന നാല് വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതു. ഇതില്‍ മൂന്നുവിക്കറ്റുകളും സഹീര്‍ ഖാനായിരുന്നു. 48 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ഫിലാന്‍ഡറാണ് ആദ്യം മടങ്ങിയത്. 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ഫിലാന്‍ഡറെ സഹീര്ഖാന് അശ്വിന്റെ കൈകളിലെത്തിച്ചു. സ്കോര്‍ 7ന് 226. തുടര്‍ന്നെത്തിയ സ്റ്റെയിന് 10 റണ്‍സെടുത്ത് ഇഷാന്ത്ശര്മ്മയുടെ പന്തില്‍ രോഹിത് ശര്‍മ്മക്ക് ക്യാച്ച് നല്കി. സ്കോര്‍ 8ന് 237. തലേന്നത്തെ സ്കോറായ 17 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച ഡുപ്ലെസിസിന്റെതായിരുന്നു അടുത്ത ഊഴം. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ഫിലാന്‍ഡറെ സഹീര്‍ ധോണിയുടെ കൈകളിലെത്തിച്ചു. പിന്നീട് 244-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത മോണി മോര്‍ക്കലിനെ സഹീര്‍ ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന് തിരശ്ശീല വീണു. ഇന്ത്യക്ക് വേണ്ടി സഹീര്‍ഖാനും ഇഷാന്ത് ശര്‍മ്മയും നാല് വീതവും മുഹമ്മദ് ഷാമി രണ്ട് വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സില്‍ 36 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും തുടക്കത്തില്‍ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 15 റണ്‍സെടുത്ത ശിഖര്‍ ധവാനെ ഫിലാന്‍ഡര്‍ കല്ലിസിന്റെ കൈകളിലെത്തിച്ചു. എന്നാല്രണ്ടാം വിക്കറ്റില്‍ മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് ഭേദപ്പെട്ട പ്രകടനം നടത്തി. സ്കോര്‍ 93-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 39 റണ്‍സെടുത്ത മുരളി വിജയിനെ കല്ലിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡിവില്ലിയേഴ്സ് പിടികൂടി. ദക്ഷിണാഫ്രിക്കയുടെ സന്തോഷം ഇവിടെ തീരുന്നതിനാണ് പിന്നീട് സാക്ഷ്യം വഹിച്ചത്.
ചേതേശ്വര്‍ പൂജാരക്കൊപ്പം ആദ്യ ഇന്നിംഗ്സിലെ സെഞ്ചൂറിയന്‍ വിരാട് കോഹ്ലി ഒന്നിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 187 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ പൂജാര സെഞ്ച്വറി തികച്ചപ്പോള്‍ കോഹ്ലി തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. 168 പന്തില്‍ നിന്ന് 13 ബൗണ്ടറികളോടെയാണ് പൂജാര സെഞ്ച്വറി തികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: