ഹാമില്ടണ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ന്യൂസിലാന്റ് പൊരുതുന്നു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 367 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്. 56 റണ്‍സോടെ റോസ് ടെയ്ലറും 11 റണ്‍സോടെ ബ്രണ്ടന്‍ മക്കല്ലവുമാണ് ക്രീസില്‍. നേരത്തെ രാംദിന് പുറമെ ചന്ദര്‍പോളും നേടിയ സെഞ്ച്വറിയാണ് വിന്‍ഡീസിനെ മികച്ച സ്കോറില്‍ എത്തിച്ചത്. ചന്ദര്‍പോള്‍ 122 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
289ന് ആറ് എന്ന നിലയില്‍ രണ്ടാം ദിവസം കളി പുനരാരംഭിച്ച വെസ്റ്റിന്‍ഡീസ് 78 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 94 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ചന്ദര്‍പോള്‍ സെഞ്ച്വറി നേടിയതാണ് രണ്ടാം ദിവസത്തെ സവിശേഷത. ഇന്നലെ സ്കോര്‍ 296-ല്‍ എത്തിയപ്പോള്‍ വിന്‍ഡീസിന് രണ്ടാം ദിവസത്തെ ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസ് നായകനാണ് ആദ്യം മടങ്ങിയത്. മൂന്ന് റണ്‍സെടുത്ത ഡാരന്‍ സമിയെ സൗത്തിയുടെ പന്തില്‍ വാറ്റ്ലിംഗ് പിടികൂടി. സ്കോര്‍ 307-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത സുനില്‍ നരേയ്ന് ബൗള്‍ട്ടിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. ഇതിനിടെ ചന്ദര്‍പോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നീട് ചന്ദര്‍പോളും വീരസാമി പെരുമാളും ചേര്‍ന്ന് സ്കോര്‍ 332-ല്‍ എത്തിച്ചു. ഒടുവില്‍ 20 റണ്‍സെടുത്ത പെരുമാളിനെ സൗത്തിയുടെ പന്തില്‍ ഫുള്‍ടണ്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ടിനും വിരാമമായി. അവസാന വിക്കറ്റില്‍ ചന്ദര്‍പോളും ടിനോ ബെസ്റ്റും ചേര്‍ന്ന് നേടിയ 35 റണ്‍സ് വിന്‍ഡീസിനെ 367-ല്‍ എത്തിച്ചു. 25 റണ്‍സെടുത്ത ബെസ്റ്റിന് സോധിയുടെ പന്തില്‍ വാറ്റ്ലിംഗ് പിടികൂടിയതോടെ വിന്‍ഡീസ് ഇന്നിംഗ്സിന് തിരശ്ശീലവീണു. ന്യൂസിലാന്റിന് വേണ്ടി സൗത്തി നാലും ആന്ഡേഴ്സണ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാന്റിന് സ്കോര്‍ 18-ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ റൂതര്‍ഫോര്‍ഡിനെ (10) നഷ്ടമായി. സമി സ്വന്തം പിടികൂടുകയായിരുന്നു. പിന്നീട് സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത ഫുള്‍ടണെ നരേയ്ന്റെ പന്തില്‍ സമി കയ്യിലൊതുക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കീന്‍ വില്ല്യംസണും റോസ് ടെയ്ലറും ഒത്തുചേര്‍ന്നതോടെ ന്യൂസിലാന്റ് തകര്‍ച്ചയില്‍ നിന്ന് കരകയറി. സ്കോര്‍ 138-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 58 റണ്‍സെടുത്ത വില്ല്യംസണിനെ നരേയ്ന് വിക്കറ്റിന് മുന്നില്‍ കുടുക്കയായിരുന്നു. സുനില്‍ നരേയ്ന് രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: