ജുബ: സംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുഡാനില്‍ ഇന്ത്യക്കാരായ മൂന്നു യുഎന്‍ സമാധാന പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇക്കാര്യം ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് അധികം വിവരങ്ങള്‍ പുറത്തുവിടാന്‍ യുഎന്‍ തയാറായിട്ടില്ല.
ജോംഗിള് സ്റ്റേറ്റിലെ അക്കോബയിലെ യുഎന്‍ താവളത്തില്‍ ഇരമ്പിക്കയറിയ രണ്ടായിരത്തോളം പേര് കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചുവിടുകയായിരുന്നു. അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരുന്ന താവളം ആക്രമിച്ചത് നൂയര്‍ വംശക്കാരാണെന്നു റിപ്പോര്‍ട്ടുണ്ട്. സംഭവസമയത്ത് 43 ഇന്ത്യന്‍ സമാധാന പ്രവര്‍ത്തകരും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ബേസിലുണ്ടായിരുന്നു. അതിനിടെ, ആക്രമണം നടക്കാനിടയായ സാഹചര്യത്തെപ്പറ്റി വിലയിരുത്തുന്നതായും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് റീക്ക് മാച്ചര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പ്രസിഡന്റ് സാല്വാ കിറിന്റെ ആരോപണത്തെ തുടര്‍ന്ന് ഞായറാഴ്ച്ചയാണ് ദക്ഷിണ സുഡാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് കിറിനെയും മാച്ചറിനെയും അനുകൂലിക്കുന്ന സൈനികര്‍ ഏറ്റുമുട്ടി. ഇതുവരെ 500ലധികംപേര്‍ കൊല്ലപ്പെട്ടതായി കണക്കുകൂട്ടുന്നു.
രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് മാത്രം സ്വാതന്ത്ര്യം നേടിയ ദക്ഷിണ സുഡാന് വംശീയ സ്പര്‍ധ നിലനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ്. സാല്വാ കിര് ദിന്‍ക വംശക്കാരനും മാച്ചര്‍ നൂയര്‍ വര്‍ഗത്തിന്റെ പ്രതിനിധിയും. രാജ്യത്തെ പ്രമുഖ വിഭാഗങ്ങളായ ഇവ തമ്മിലുള്ള അസ്വാര്യങ്ങള്‍ തന്നെയാണ് ആഭ്യന്തര യുദ്ധമായി മാറിയേക്കാവുന്ന ഇപ്പോഴത്തെ കലാപത്തിലേക്കു നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: