ന്യൂദല്‍ഹി: രണ്ടാഴ്ചക്കുശേഷം ദല്‍ഹിയിലെ നഴ്സറി സ്കൂളുകളില്‍ അഡ്മിഷന് ആരംഭിച്ചു. മാനേജ്മെന്റ് ക്വോട്ടയുമായി ബന്ധപ്പെട്ട വിവാദങ്ങളെതുടര്‍ന്ന് അഡ്മിഷന് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ദല്‍ഹി തെരഞ്ഞെടുപ്പില്‍ പോലും നഴ്സറി സ്കൂള്‍ അഡ്മിഷന് വലിയ ചര്‍ച്ചയായിരുന്നു. ലഫ്.ഗവര്‍ണര്‍ നജീബ് ജങ്ങ് പുറത്തിറക്കിയ ശുപാര്‍ശയെത്തുടര്‍ന്നാണ് അഡ്മിഷന് പുനരാരംഭിച്ചത്. സ്കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്ത്തകന് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ വാദം കേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവിന്മേലാണ് ഗവര്‍ണറുടെ നടപടി.
മാനേജ്മെന്റ് ക്വാട്ടയില്‍ പുതിയ അഡ്മിഷനുകള്‍ പാടില്ലെന്നാണ് ഗവര്‍ണറുടെ ശുപാര്‍ശയില്‍ പറയുന്നത്. ഉത്തരവ് വന്നതോടെ മാനേജ്മെന്റ്ക്വോട്ട എന്ന ആശയം തന്നെ പൂര്‍ണമായും ഒഴിവായിരിക്കുകയാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് 25 ശതമാനം സീറ്റ് സംവരണമാണ് ദല്‍ഹിയിലെ സ്കൂളുകള്‍ നല്‍കിയിരുന്നത്. 5 ശതമാനം സ്കൂളിലെ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കുള്ളതാണ്. എന്നാല്‍ ഇത് ഓപ്പണ്‍ സീറ്റുകളായാണ് നല്‍കിയിരുന്നത്.
അതേസമയം, ഗവര്‍ണറുടെ ശുപാര്‍ശയില്‍ സ്കൂള്‍ അധികൃതര്‍ അതൃപ്തി രേഖപ്പെടുത്തി. മാനേജ്മെന്റ് ക്വാട്ട ഇല്ലാതാക്കുന്നതോടെ തങ്ങളുടെ അവകാശമാണ് ഇല്ലാതാകുന്നത്. പുതിയ ശുപര്ശയെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും തുടര്‍ന്ന് അടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: