വാരാണസി: ഇന്ന് നഗരത്തില്‍ വന്‍ റാലിയെ അഭിസംബോധന ചെയ്യാന്‍ എത്തുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയോട് വാരാണസി ക്ഷേത്രം സന്ദര്‍ശിക്കരുതെന്ന് ജില്ലാ മജിസ്ട്രേറ്റ്. മോദിക്ക് ക്ഷേത്രസന്ദര്‍ശനത്തിന് അവകാശമുണ്ടെന്നും ആര്‍ക്കും അത് തടയാന്‍ കഴിയില്ലെന്നും പറഞ്ഞ മജിസ്ട്രേറ്റ് പ്രാജ്ഞാള് യാദവ് പക്ഷേ സുരക്ഷാ കാര്യങ്ങള്‍ മുന്‍നിര്‍ത്തി മോദി പിന്മാറണമെന്നാവശ്യപ്പെട്ടു.
ഇന്ന് നഗരത്തില്‍ മോദി വമ്പിച്ച റാലിയെ അഭിസംബോധന ചെയ്യുന്നുണ്ട്. അത് വന്‍ വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മൂന്നുലക്ഷം പേരിലേറെ ആളുകള്‍ സമ്മേളിക്കും. ഇന്ന് വെള്ളിയാഴ്ചയായതിനാല്‍ വ്യാപകമായി ജുമാ നമസ്കാരവും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കും. ഇതിനെല്ലാം മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ പോലീസിനെ നിയോഗിക്കേണ്ടിവരും. അപ്പോള്‍ മോദിയുടെ ക്ഷേത്രസന്ദര്‍ശനത്തിന് മതിയായ സുരക്ഷാ സംവിധാനം ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ആശങ്കപ്പെട്ടാണ് മജിസ്ട്രേറ്റിന്റെ അഭ്യര്‍ത്ഥന.
കാശിവിശ്വനാഥ ക്ഷേത്രവും സങ്കടമോചന്‍ ക്ഷേത്രവും സന്ദര്‍ശിക്കാനാണ് മോദിയുടെ പരിപാടി. യോഗത്തിന് മുമ്പ് ഇവിടം രണ്ടും സന്ദര്‍ശിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മോദി ജില്ലാ മജിസ്ട്രേറ്റിന് കത്തെഴുതിയിരുന്നു. ക്ഷേത്ര ഭരണത്തില്‍ നിര്‍ണായകമായ ഔദ്യോഗിക ഉത്തരവാദിത്തം മജിസ്ട്രേറ്റിനാണ്. എന്നാല്‍ ക്ഷേത്ര സന്ദര്‍ശനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരുന്നതായി യാദവ് പറഞ്ഞു.
അതിനിടെ മോദിയെ സ്വീകരിക്കാന്‍ ക്ഷേത്രനഗരി ഒരുങ്ങിക്കഴിഞ്ഞു. എവിടെയും അലങ്കാരവും ആഘോഷവുമാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള തീര്‍ത്ഥാടകരുടെ സാന്നിദ്ധ്യമാണ് എങ്ങും. മിനി ഇന്ത്യയുടെ പ്രതീതിയുളവാക്കുന്ന ആത്മീയ നഗരിയില്‍ ഇന്ന് നടക്കുന്ന രാഷ്ട്രീയ സമ്മേളനം വന്‍ ചലനങ്ങള്‍ക്ക് ശക്തിയും വേഗതയും കൂട്ടുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: