ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതാദ്യമായി ഇന്ത്യാ- പാക് മിലിറ്ററി ഓപ്പറേഷന് മേധാവിമാര്‍ കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുന്നു. അടുത്തയാഴ്ച അതിര്‍ത്തിയിലാണ് കൂടിക്കാഴ്ച്ച. ഇന്ത്യയുടെ ഡിജിഎംഒ ലഫ്. ജനറല്‍ വിനോദ് ഭാട്യയും പാക്കിസ്ഥാന്റെ മേജര്‍ ജനറല്‍ അമീര്‍ റിയാസുമാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. അതിര്‍ത്തിയിലെ തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതും യോഗത്തില്‍ വിഷയമാകും.
1999 ഡിസംബര്‍ 24ന് വാഗാ അതിര്‍ത്തിയിലായിരുന്നു അവസാനമായി ഇരു ഡിജിഎംഒമാരും തമ്മില്‍ ചര്‍ച്ച നടത്തിയത്. യുദ്ധത്തിനു ശേഷം വെടിനിര്‍ത്തല്‍ കരാറിന്റെ നടത്തിപ്പിനെപ്പറ്റിയായിരുന്നു അന്നത്തെ ചര്‍ച്ച. എല്ലാ ആഴ്ച്ചയും ഇരു ഡിജിഎംഒമാരും തമ്മില്‍ ഹോട്ട്ലൈന്‍ സംഭാഷണങ്ങള്‍ നടക്കാറുണ്ടെങ്കിലും 1999നു ശേഷം കൂടിക്കാഴ്ച്ച നടന്നിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അതിര്‍ത്തിയില്‍ വലിയ തോതിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ അരങ്ങേറിയത് ചര്‍ച്ചയ്ക്ക് കളമൊരുക്കുകയായിരുന്നു. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തയ്യാറാകാതെ പാക്കിസ്ഥാന്റെ നിലപാടിനെപ്പറ്റി ഇന്ത്യ യോഗത്തില്‍ ഉന്നയിക്കും. ഈ വര്‍ഷം ഇതുവരെ 195 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് അതിര്‍ത്തിയിലുണ്ടായത്. ജമ്മു റീജിയണില്‍ മാത്രം 50ലേറെ തവണ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് പാക് പട്ടാളം ആക്രമണം നടത്തിയിരുന്നു. അതിര്‍ത്തി ലംഘിച്ചെത്തി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ച പാക്കിസ്ഥാന് ഏഴ് ഇന്ത്യന്‍ സൈനികരെയാണ് കൊന്നൊടുക്കിയത്. ഭീകരര്‍ക്കൊപ്പം പാക് സൈന്യത്തിലെ പ്രത്യേക വിഭാഗവും ചേര്‍ന്നാണ് ഇതു ചെയ്തത് എന്നതിന്റെ തെളിവുകള്‍ ഇന്ത്യ യോഗത്തില്‍ ഹാജരാക്കും. ജനുവരിയില്‍ ഇന്ത്യന്‍ സൈനികന്റെ തല വെട്ടിമാറ്റിയതും പാക് സൈന്യത്തിന്റെ നിഷ്ഠൂര ചെയ്തികളില്പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: