ലണ്ടന്‍: പുരുഷ ടെന്നീസിലെ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചിനെ പരിശീലിപ്പിക്കാന്‍ മറ്റൊരു ഇതിഹാസതാരം രംഗത്ത്. മുന്‍ ലോക ഒന്നാം നമ്പറും ആറ് തവണ ഗ്രാന്റ്സ്ലാം കിരീടം സ്വന്തമാക്കുകയും ചെയ്തിട്ടുള്ള ജര്‍മ്മനിയുടെ ഇതിഹാസതാരം ബോറിസ് ബെക്കര്ക്കാണ് ഇനി മുതല്‍ ഡോക്കോവിച്ചിനെ പരിശീലിപ്പിക്കാനുള്ള ചുമതല. 46കാരനായ ബെക്കറെ മുഖ്യപരിശീലകനായി ഡോക്കോവിച്ച് നിയമിച്ചുവെങ്കിലും നേരത്തെയുള്ള പരിശീലക ടീമിലെ അംഗങ്ങളായ മരിയന്‍ വാജ്ദ, മിയാന്‍ അമനോവിച്ച്, ഗെബാഡ് ഫില്‍ ഗ്രിറ്റ്ഷ് എന്നിവര്‍ക്ക് മാറ്റമുണ്ടാകില്ല.
അടുത്ത വര്‍ഷം ജനവരി 13ന് ആരംഭിക്കുന്ന സീസണിലെ ആദ്യ ഗ്രാന്റ്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മുതലാണ് ഇരുവരും ഒരുമിക്കുക. പിന്നീട് ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നിവയിലും വിവിധ എടിപി ടൂര്‍ണമെന്റുകളിലും ബെക്കര്‍ ഡോക്കോവിച്ചിനൊപ്പം മുഖ്യപരിശീലകനായി യാത്ര ചെയ്യും.
തന്നെ മുഖ്യപരിശീലകനായി ഡോക്കോവിച്ച് ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്ന് ബോറിസ് ബെക്കര്‍ പറഞ്ഞു. ഡോക്കോവിച്ചിന് തന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ എന്റെ പൂര്‍ണ സഹായമുണ്ടാകും. ഞങ്ങള്‍ക്ക് ഒരുമിച്ച് വലിയ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് എന്റെ വിശ്വാസം. യഥാര്‍ഥ ഇതിഹാസമായ ബെക്കര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ആവേശകരമായ അനുഭവമാണെന്ന് ഡോക്കോ പറഞ്ഞു.
പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം നേടി ചരിത്രം സൃഷ്ടിച്ച ബോറിസ് ബെക്കര്‍ രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണും മൂന്ന് തവണ വിംബിള്‍ഡണും ഒരുതവണ യുഎസ് ഓപ്പണും നേടിയിട്ടുണ്ട്. മുന്‍ ലോക ഒന്നാം നമ്പറുകാരനായ ഡോക്കോവിച്ച് നാല് തവണ ഓസ്ട്രേലിയന്‍ ഓപ്പണും ഒരു തവണ വീതം വിംബിള്‍ഡണും യുഎസ് ഓപ്പണും നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ഓപ്പണാണ് ഈ സീസണില്‍ ഡോക്കോവിച്ച് നേടിയ ഏക ഗ്രാന്റ്സ്ലാം കിരീടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: