ശബരിമല: എരുമേലിയില്‍ പേട്ടതുള്ളലിനിടെ തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നുള്ള അയ്യപ്പസംഘത്തില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ മോഷണം പോയതിനെത്തുടര്‍ന്ന് ശബരിമലയില്‍ പോലീസും എക്സൈസ് വകുപ്പും സുരക്ഷാപരിശോധന ഊര്‍ജ്ജിതമാക്കി. രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ റവന്യൂ കണ്ട്രോള് റൂമിന് ആര്.ഡി.ഒ പ്രത്യേക നിര്‍ദ്ദേശം നല്കി. മഫ്ടി ഡ്യൂട്ടിക്കാരടക്കം കൂടുതല്‍ പൊലീസിനെ സ്നാനഘട്ടങ്ങളിലും ക്ഷേത്രപരിസരങ്ങളിലും മറ്റു പ്രധാനപാതകളിലും വിന്യസിക്കും.
എരുമേലിയില്‍ പേട്ടതുള്ളലിനിടെ മൂന്ന് ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട തമിഴ്നാട്ടിലെ ട്രിച്ചിയില്‍ നിന്നുള്ള അയ്യപ്പസംഘത്തിന് നാട്ടിലെത്താന്‍ ദേവസ്വംബോര്‍ഡ് സഹായം നല്കി. ഒന്‍പത് ബസുകളിലായാണ് 513 പേരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഇവരുടെ വാഹനങ്ങള്‍ക്ക് നാട്ടിലെത്താനുള്ള ഡീസല്‍ പമ്പയിലുള്ള ദേവസ്വംബോര്‍ഡിന്റെ പമ്പില്‍ നിന്നും സൗജന്യമായി നല്‍കിയതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. മോഹന്‍ദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വെളുപ്പിന് രണ്ട് മണിയോടെയാണ് തീര്‍ത്ഥാടക സംഘാംഗത്തില്‍ നിന്ന് പണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് എരുമേലി പൊലീസ് സ്റ്റേഷനിലെത്തിയ സംഘം റോഡ് ഉപരോധിച്ചു. കോട്ടയം ജില്ലാ കളക്ടറും ആര്.ഡി.ഒയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ജില്ലാ പോലീസ് മേധാവിയും ഇടപെട്ടതിനെ തുടര്‍ന്ന് തീര്‍ത്ഥാടകരുടെ അയ്യപ്പദര്‍ശനത്തിന് പ്രത്യേക സൗകര്യമൊരുക്കി. ഭക്ഷണചെലവുകള്‍ വഹിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായെങ്കിലും ഭക്ഷണം കരുതിയിരുന്നതിനാല്‍ സംഘം ഈ സഹായവാഗ്ദാനം സ്വീകരിച്ചില്ല. ഒന്‍പത് ബസുകള്‍ക്കും ടാങ്ക് നിറയെ ഡീസല്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: