ചെന്നൈ: തമിഴകത്തിന്റെ സ്റ്റെയില്‍ മന്നന് രജനികാന്തിന് ഒരിക്കല്‍ ഭിക്ഷക്കാരനാകേണ്ടിവന്നു. സിനിമയിലായിരുന്നില്ല ആ വേഷപ്പകര്‍ച്ച. സ്വന്തം ജീവിതത്തില്‍ തന്നെയായിരുന്നു. സമ്പന്നതയുടെയും താരപ്പൊലിമയുടെയും മടിത്തട്ടില്‍ വിരാജിക്കുമ്പോഴും സഹജീവികളോടുള്ള അളവറ്റ സ്നേഹവും ദാനശീലവും കൊണ്ട് ഏവര്‍ക്കും മാതൃകയായ രജനിക്ക് ഒരു സ്ത്രീയാണ് ഭിക്ഷ നല്‍കിയത്, അതും പത്തുരൂപ. പേരു വെളിപ്പെടുത്താത്ത സ്ത്രീ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.
രജനി അടുത്തിടെ ഹിമാലയത്തിലേക്കു നടത്തിയ തീര്ത്ഥയാത്രക്കിടെയായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിലെ ഒരു തൂണിനരുകില്‍ സാധാരണക്കാരന്റെ വേഷത്തില്‍ രജനി ഇരുന്നു. ആ സമയം അതുവഴി കടന്നുപോയ നാല്‍പ്പതുകാരിയായ സ്ത്രീ സൂപ്പര്‍ താരത്തെ ഒന്നു നോക്കി. യാചകനാണെന്നു തെറ്റിദ്ധരിച്ച അവര്‍ രജനിക്ക് പത്തുരൂപ വച്ചു നീട്ടി. ശാന്തനായിരുന്ന രജനി പുഞ്ചിരിയോടെ ആ കാശ് വാങ്ങി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ രജനി കാറില്‍ കയറാന്‍ ഒരുങ്ങവെയാണ് സ്ത്രീ തനിക്കുപറ്റിയ അമളി മനസിലാക്കിയത്. ഭിക്ഷനല്കിയത് ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റുകളിലെ നായകനാണെന്ന് തിരിച്ചറിഞ്ഞ അവര്‍ ഓടിയടുത്തു ചെന്ന് രജനിയോട് മാപ്പു ചോദിച്ചു. താന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലെന്നും തന്റെ യഥാര്‍ത്ഥ ഇടം എവിടെയാണെന്ന് ദൈവം ഓര്‍പ്പിക്കുകയായിരുന്നു എന്നുമായിരുന്നു രജനിയുടെ മറുപടി. രണ്ടു സിനിമകളില്‍ വേഷം ലഭിച്ചാല്‍ താരജാടയുടെ ഹിമാലയങ്ങള്‍ കയറുന്ന ന്യൂജനറേഷന് നായകന്മാര്ക്കും ലാളിത്യവും വിനയവും തീരെയില്ലാത്ത സമകാലികര്‍ക്കും മാതൃകയാക്കാവുന്നതായി രജനിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: