ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന ആവശ്യം ബ്രിട്ടീഷ് പൊലീസ് തള്ളി. പാരീസില്‍ ഡയാനയും കാമുകന് ദോദി അല്‍ ഫയദും, കാര്‍ ഡ്രൈവറും കൊല്ലപ്പെട്ടതിനു പിന്നില്‍ ബ്രിട്ടീഷ് സൈന്യത്തിലെ ഒരുദ്യോഗസ്ഥന് പങ്കുണ്ടായിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ബ്രിട്ടനിലെ പ്രശസ്തമായ ഹാരോഡ്സ് റീട്ടെയില്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥനായ ദോദിയുടെ ഭാര്യയാകാന്‍ വേണ്ടി ഡയാന മതം മാറുന്നുവെന്നും ദോദിയുടെ സ്വദേശമായ ഈജിപ്തിലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന് നാണക്കേടുണ്ടാക്കുന്ന ഇത്തരമൊരു സംഭവമുണ്ടാകാതിരിക്കാന്വേണ്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും ആരോപണമുയര്‍ന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ദോദിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് അദ്ദേഹം പിന്‍വാങ്ങി.
ഡയാനയുടെ മരണം സംബന്ധിച്ച് തെളിവൊന്നുമില്ലെന്നാണ് ബ്രിട്ടീഷ് പൊലീസിന്റെ ഭാഷ്യം. അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് തെളിവില്ലാത്തതിനാല്‍ പുനരന്വേഷിക്കാന്‍ സാധിക്കില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് സര്‍വീസ്(എംപിഎസ്)വ്യക്തമാക്കി. സൈനികോദ്യോഗസ്ഥന് കേസില്‍ പങ്കില്ലെന്നാണ് അവസാന നിഗമനമെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ആവശ്യമായ തെളിവ് കണ്ടെത്താന്‍ സാധിക്കില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓപ്പറേഷന് പേജറ്റ് എന്ന പേരില്‍ രണ്ടുവര്‍ഷക്കാലം നടത്തിയ അന്വേഷണമാണ് തെളിവുകളില്ലാത്ത കാരണത്താല്‍ ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. ചാള്‍സ് രാജകുമാരനുമായി വിവാഹബന്ധം വേര്‍പെടുത്തിയശേഷമായിരുന്നു ഡയാനയുടെ മരണം. 1997 ഓഗസ്റ്റ് 31നാണ് ഏറെ വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വഴിവെച്ച ഡയാനയുടെ അപകട മരണം സംഭവിച്ചത്. ബ്രിട്ടീഷ് സൈന്യത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഡയാനയുടെ മരണം കൊലപാതകമാണെന്നായിരുന്നു വാര്‍ത്തകള്‍. കഴിഞ്ഞ ഓഗസ്റ്റില്‍ സ്കോട്ലന്റ് പോലീസ് ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണ ഉദ്യോസ്ഥര്‍ക്കായില്ല.
ഡയാനയുടെ കാര്‍ അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും, ഡ്രൈവര്‍ മദ്യപിച്ചതാണ് അപകടത്തിന് കാരണമെന്നും 2008ല്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
1981ല്‍ ചാള്‍സ് രാജകുമാരനെ വിവാഹം കഴിച്ച ഡയാന 1992ല്‍ ചാള്‍സില്‍ നിന്ന് അകന്നുമാറി ജീവിതമാരംഭിച്ചു. തുടര്‍ന്ന് 1996ല്‍ നിയമപരമായി ഇരുവരും വിവാഹമോചിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: