കോട്ടയം: ബിജെപി സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ ക്ഷണിച്ചാല്‍ ഇനിയും പങ്കെടുക്കുമെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് പറഞ്ഞു. കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തിയൊന്നു സംസ്ഥാനങ്ങളില്‍ എംഎല്‍എമാരും പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഭരിക്കുന്നവരുമായ ബിജെപി ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമാണ്. കോട്ടയത്ത് ഗുജറാത്ത് സര്‍ക്കാരും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമാനിര്‍മ്മാണ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി ഫ്ലാഗ് ഓഫ് ചെയ്യാനാണ് പോയത്. നരേന്ദ്രമോദിയുടെ ചിത്രമുള്ള ബനിയനാണ് എന്ന് അറിഞ്ഞിരുന്നില്ല. അഥവാ അറിഞ്ഞിരുന്നെങ്കിലും ഉദ്ഘാടനം ചെയ്തേനെ.
ഇന്നത്തെ ഇന്ത്യയെ ഇതേരീതിയില്‍ രൂപപ്പെടുത്തിയതില്‍ ഏറ്റവും വലിയ സേവനം ചെയ്തത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണ്. വല്ലഭായ് പട്ടേലിനെ അപമാനിക്കുന്നതിന് തുല്യമാണ് ഫ്ലാഗ് ഓഫ് ചടങ്ങിനെ വിമര്‍ശിക്കുന്നത്. പട്ടേലിനെ അപമാനിക്കുന്നത് ശരിയായ കാര്യമാണോ എന്ന കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം ബിജെപിയുടെ സഹായത്തോടെ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും ഭരണം നടത്തുന്നുണ്ട്. ബിജെപിയും കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ് (എം) ചേര്‍ന്ന് ആപ്പിള്‍ മുന്നണി പലയിടത്തും ഉണ്ട്. സ്വന്തം കണ്ണിലെ ഉലക്ക എടുത്തിട്ടുവേണം തന്റെ കണ്ണിലെ കരടെടുക്കാന്‍ വിമര്‍ശനമുയര്‍ത്തുന്ന കോണ്‍ഗ്രസുകാര്‍ ശ്രമിക്കേണ്ടത്. യാതൊരുവിധ രാഷ്ട്രീയലക്ഷ്യവും ഇല്ലാതെയാണ് കൂട്ടയോട്ടം ചടങ്ങ് ഉദ്ഘാടനത്തിന് പോയത്. ഗുജറാത്തിലെ ഖരമാലിന്യസംസ്കരണത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള സംസ്ഥാന നിയമസഭാംഗങ്ങളുടെ യാത്ര മാറ്റിവച്ചത് ശരിയായില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: