ജോഹന്നസ്ബര്‍ഗ്: കാല്‍നൂറ്റാണ്ടിനുശേഷം സച്ചിന് ടെണ്ടുല്ക്കറില്ലാതെ ഇന്ത്യ ടെസ്റ്റ് പരമ്പരക്കിറങ്ങുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റാണ് ഇന്ന് ആരംഭിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇല്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റ് ജീവിതത്തിന്റെ പുതുയുഗാരംഭത്തിനാണ് ഇന്ന് തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ തുടക്കം കുറിക്കുന്നത്. ടെസ്റ്റ് റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്. ടെസ്റ്റ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക 131 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. രണ്ടാംസ്ഥാനക്കാരായ ഇന്ത്യക്ക് 119 പോയിന്റാണുള്ളത്. അതേസമയം പരമ്പര ആര് നേടിയാലും റാങ്കിംഗില്‍ മാറ്റുമുണ്ടാകില്ല.
ദക്ഷിണാഫ്രിക്കന്‍ പേസ് ആക്രമണത്തിന് മുന്നില്‍ ദയനീയമായി ഏകദിന പരമ്പര നഷ്ടപ്പെട്ട ശേഷമാണ് ധോണിപ്പട ടെസ്റ്റ് പരമ്പരക്കായി ഇറങ്ങുന്നത്. ഏകദിനത്തില്‍ 50 ഓവര്‍പോലും ബാറ്റുചെയ്യാന്‍ സാധിക്കാതിരുന്ന ടീമാണ് ടെസ്റ്റ് മത്സരത്തിന് പാഡു കെട്ടുന്നത് എന്നതും ശ്രദ്ധേയമായ വസ്തുതതന്നെ.
കഴിഞ്ഞ നവംബര്‍ 14 മുതല്‍ 18 വരെ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന സച്ചിന്റെ അവസാന ടെസ്റ്റ് കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാക്കുന്ന ദിനത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരേ ഇറങ്ങുന്നത്. വേഗവും സ്വിംഗും ബൗണ്‍സും ഒരുക്കുന്ന പേടിപ്പെടുത്തുന്ന അന്തരീക്ഷത്തിലാണ് ഇന്ത്യ ഇറങ്ങേണ്ടത്. ഏകദിന പരമ്പരയില്‍ നേടിയതിന്റെ ആത്മവിശ്വാസവും ദക്ഷിണാഫ്രിക്കക്ക് സ്വന്തമായുണ്ട്. സച്ചിന്റെ അസാന്നിധ്യം ബാക്കിവയ്ക്കുന്ന ശൂന്യതയില്‍ നിന്ന് കരകയറാന്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട ടീം ഇന്ത്യയെ മത്സരത്തിലേക്ക് പോരാടാന്‍ തയ്യാറാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ക്യാപ്റ്റന്ധോണിക്ക് ഇനി നിര്‍വ്വഹിക്കാനുള്ളത്. ഏകദിനത്തില്‍ പച്ചതൊടാന്‍ കഴിയാതെപോയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് ടെസ്റ്റില്‍ കോട്ടം നികത്തുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ രണ്ട് ഏകദിനം കളിച്ചതൊഴിച്ചാല്‍ ഒരു സന്നാഹ മത്സരം പോലും കളിക്കാന്‍ കഴിയാതെയാണ് ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത്. ഏക പരിശീലനമത്സരം മഴയത്ത് ഒലിച്ചുപോവുകയും ചെയ്തിരുന്നു.
നാട്ടിലെ പുലികള്‍ക്ക് പേസും ബൗണ്‍സുമുള്ള പിച്ചില്‍ എത്തിയപ്പോള്‍ മുട്ടിടിക്കുന്നതാണ് കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും കണ്ടത്. ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, യുവരാജ്സിംഗ്, സുരേഷ് റെയ്ന, വിരാട് കോഹ്ലി തുടങ്ങിയ മുന്‍നിര താരങ്ങള്‍ തീര്‍ത്തും പരാജയപ്പെട്ടതാണ് ഇന്ത്യക്ക് കനത്ത തിരിച്ചടി സമ്മാനിച്ചത്. ആദ്യ ടെസ്റ്റില്‍ ശിഖര്‍ ധവാനൊപ്പം മുരളി വിജയ് ആയിരിക്കും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഇരുവരും മികച്ച തുടക്കം നല്കിയാല് മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും പ്രതീക്ഷക്ക് വകയുള്ളൂ. ഈ തുടക്കം മുതലാക്കാന്‍ പിന്നീട് വരുന്ന ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, ധോണി, സുരേഷ് റെയ്ന തുടങ്ങിയവര്‍ക്ക് സാധിച്ചാല്‍ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുണ്ട്. എന്നാല്‍ സ്റ്റെയിന് ഉള്‍പ്പെട്ട പേസ് ബൗളിംഗ് പടക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. ചേതേശ്വര്‍ പൂജാരയായിരിക്കും മൂന്നാം നമ്പറില്‍ ഇറങ്ങുക. ഇന്ത്യക്ക് ഏറെക്കുറെ വിശ്വസിക്കാവുന്ന താരവും പൂജാരയായിരിക്കും.
ബൗളിംഗില്‍ സഹീര്‍ഖാന്റെ മടങ്ങിവരവിനുള്ള വേദികൂടിയാവും ആദ്യ ടെസ്റ്റ്. ദക്ഷിണാഫ്രിക്കയിലെ വേഗമേറിയ പിച്ചില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സഹീര്‍. സഹീറിനൊപ്പം മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍കുമാറും മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. ഏകദിനത്തില്‍ മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മ്മയും മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. സ്പിന്നറായി അശ്വിനാകും ടീമിലെത്തുക.
അതേസമയം ദക്ഷിണാഫ്രിക്കയാകട്ടെ ഉജ്ജ്വല ഫോമിലുമാണ്. ക്യാപ്റ്റന്‍ സ്മിത്തിന് പുറമെ ഹാഷിം ആംലയും എ.ബി. ഡിവില്ലിയേഴ്സും ജാക്ക് കല്ലിസും ഡുപ്ലെസിസും ആല്‍വിരോ പീറ്റേഴ്സണും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയെ തകര്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും. ഐസിസി ടെസറ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ എ.ബി. ഡിവില്ലിയേഴ്സും ഹാഷിം ആംലയും ഒന്നും രണ്ടും സ്ഥാനത്താണ്. അതുപോലെ ബൗളിംഗ് പടയും കരുത്തുറ്റതാണ്.
ഡെയ്ല്‍ സ്റ്റെയിന് നയിക്കുന്ന പേസ് ബൗളിംഗ് പടയില്‍ ഫിലാന്‍ഡര്‍, മോണി മോര്‍ക്കല്‍, കീന്വെല്റ്റും ഉള്‍പ്പെടുന്നു. ഇവരുടെ വേഗതയേറിയ ബൗണ്‍സറുകളെ നേരിടുക എന്നതാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ഏറ്റവും വലിയ വെല്ലുവിളി. സ്പിന്‍ ആക്രമണം നിയന്ത്രിക്കുക ഇംമ്രാന്‍ താഹിറായിരിക്കും.
എന്തായാലും ബൗണ്‍സും വേഗവുമുള്ള പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും ബൗള്‍ ചെയ്യണമെന്നും അറിയാത്ത ഇന്ത്യന്‍ സംഘം അടിമുടി മാറിയാലേ അദ്ഭുതങ്ങള്‍ക്ക് സാധ്യതയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: