സാഗ്രെബ്: കളിക്കളത്തില്‍ വിവേചനപരമായി പെരുമാറിയ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസിപ്പ് സിമൂണിച്ചിനെ ഫിഫ പത്ത് മത്സരങ്ങളില്‍ നിന്ന് വിലക്കി.
ഇതോടെ താരത്തിന്റെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. സിമൂണിച്ചിന് 20,000 പൗണ്ട് പിഴയുമിട്ടിട്ടുണ്ട്. സ്റ്റേഡിയം പരിധികളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സിമൂണിച്ചിനെ തടയും. 105 മത്സരങ്ങളില്‍ രാജ്യത്തിന്റെ ജഴ്സിയണിഞ്ഞ സിമൂണിച്ചിന്റെ അഭാവം ക്രൊയേഷ്യയ്ക്ക് തിരിച്ചടിയാവും. ആതിഥേയരായ ബ്രസീലിനും കാമറൂണിനും മെക്സിക്കോയ്ക്കുമൊപ്പം ഗ്രൂപ്പ് എയിലാണ് ക്രൊയേഷ്യയുടെ സ്ഥാനം.
നവംബര്‍ 19ന് ഐസ്ലന്റിനെതിരായ ലോകകപ്പ് പ്ലേ ഓഫില്‍ ക്രോയേഷ്യയുടെ വിജയത്തിന് പിന്നാലെയായിരുന്നു സിമൂണിച്ചിനെ വിവാദത്തിലാക്കിയ സംഭവം. നാസി അനുഭാവം ധ്വനിപ്പിക്കുന്ന വാക്കുകള്‍ ഉരുവിട്ടുകൊണ്ട് ഗ്യാലറിയെ അഭിവാദ്യം ചെയ്ത സിമൂണിച്ച് കാണികളെയും അതിലേക്കു വലിച്ചിഴച്ചു. ‘ജന്മനാടിനുവേണ്ടി’ എന്നു വാക്യം മൈക്രോഫോണിലൂടെ സിമൂണിച്ച് വിളിച്ചുപറഞ്ഞപ്പോള്‍ ‘തയ്യാര്‍’ എന്ന് ക്രൊയേഷ്യന്‍ ആരാധകര്‍ പ്രതികരിച്ചു. 1945-ല്‍ നിരോധിക്കപ്പെട്ട ഫാസിസ്റ്റ് സംഘടനയായ ഉസ്റ്റാഷയുമായി ബന്ധമുള്ളതാണ് സിമൂണിച്ച് പ്രയോഗിച്ച വാക്കുകള്‍. സിമൂണിച്ചിന്റെ പ്രവൃത്തി വേര്‍തിരിവ് സൃഷ്ടിക്കുന്നതും ഒരുകൂട്ടം ആള്‍ക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഫിഫ വിലയിരുത്തി. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷമാണ് താരത്തിനെതിരെ നടപടിയെടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: