ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ചുമാര്‍ സെക്ടറില്‍ അതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു, ആന്റണി പറഞ്ഞു. 1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിന്റെ ഓര്‍മ്മ പുതുക്കി വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഏതു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇന്ത്യ സജ്ജമാണെന്ന് ചൈനയെ അറിയിച്ചിട്ടുണ്ട്. അഞ്ച് ഇന്ത്യക്കാരെ അതിര്‍ത്തി കടന്നെത്തി ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയ സംഭവം ഗൗരവകരമാണ്. അതിര്‍ത്തി പ്രശ്നം പരിഹരിക്കുന്നകാര്യത്തില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്. കാലതാമസം കൂടാതെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുക തന്നെ വേണം. അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ നിലവില്‍ വന്നതിനു ശേഷം പ്രശ്നങ്ങള്‍ വേഗത്തില്‍ തീര്‍പ്പാകുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ചൈനാ സന്ദര്‍ശന വേളയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതാണെന്നും ആന്റണി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: